ന്യൂഡൽഹി റെയിൽവേ സ്‌റ്റേഷൻ ദുരന്തം: മരണം 18 ആയി

ന്യൂഡൽഹി: ന്യൂഡൽഹി റെയിൽവേ സ്‌റ്റേഷനിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം 18 ആയി. മരിച്ചവരിൽ 4 കുട്ടികളും ഉൾപ്പെടുന്നു. അമ്പതോളം പേർക്ക് അപകടത്തിൽ പരിക്കേറ്റതായാണ് വിവരം. രണ്ട് പേരുടെ നില ഗുരുതരമാണ്. റെയിൽവേ സ്‌റ്റേഷനിലെ 14, 15 പ്ലാറ്റ്‌ഫോമുകളിൽ ശനിയാഴ്‌ച രാത്രി 9.55 നാണ് സംഭവം. മഹാകുംഭമേള നടക്കുന്ന പ്രയാഗ്‌രാജിലേക്കുള്ള ട്രെയിനുകൾ റദ്ദാക്കിയതാണ് അപകടത്തിന് കാരണമായത്.
ഇന്നലെ വൈകിട്ട് രണ്ട് ട്രെയിനുകളാണ് പ്രയാഗ്രാജിലേക്ക് പുറപ്പെടേണ്ടിയിരുന്നത്. ഈ ട്രയിനിലേക്കും പ്ലാറ്റ്ഫോമിൽ വൈകി എത്തിയ മറ്റ് രണ്ട് ട്രെയിനുകളിലേക്കുമുള്ള യാത്രക്കാർ സ്റ്റേഷനിലുണ്ടായിരുന്നു. ജനറൽ ടിക്കറ്റ് 1500ഓളം ആളുകൾ ഉണ്ടായിരുന്നതായാണ് റിപ്പോർട്ട്. റയിൽവേ സ്റ്റേഷനിലെ അജ്മേരി ഗേറ്റിന് സമീപമാണ് അപകടമുണ്ടായത്. പ്രയാഗ്‌രാജിലേക്കുള്ള യാത്രക്കാർക്ക് ഒപ്പം മറ്റ് സ്ഥലങ്ങളിലേക്കുള്ള യാത്രക്കാരും ഉണ്ടായിരുന്നു. ട്രയിനുകൾ പ്ലാറ്റ്ഫോമിലേക്ക് എത്തിയതോടെ വലിയ തിക്കും തിരക്കും ഉണ്ടായതാണ് നിരവധി പേരുടെ മരണത്തിന് ഇടയാക്കിയത്.
അപകടത്തിൽ പരിക്കേറ്റ എൽഎൻജെപി ആശുപത്രിയിലും സമീപത്തെ മറ്റോരു ആശുപത്രിയിലേക്കുമാണ് മാറ്റിയത്. സ്റ്റേഷനിൽ തിരക്ക് നിയന്ത്രണവിധേയമായതായും അധികൃതർ അറിയിച്ചു. രാത്രി 12 മണിക്ക് ശേഷം 4 അഡീഷണൽ ട്രെയിനുകൾ കൂടി റെയിൽവേ ഏർപ്പെടുത്തി. സംഭവത്തിൽ റെയിൽവേ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു.









0 comments