റൗഫ് അസര്‍ ; ഇന്ത്യ നോട്ടമിട്ട ഭീകരൻ

ന്യൂഡൽഹി
ഓപ്പറേഷൻ സിന്ദൂറിൽ കൊല്ലപ്പെട്ട ജയ്‌ഷെ മുഹമ്മദ് സുപ്രീം കമാൻഡർ അബ്ദുൽ റൗഫ് അസർ ഇന്ത്യ ഏറെ നാളായി തേടിക്കൊണ്ടിരുന്ന കൊടുംഭീകരൻ. 1999ലെ കാണ്ഡഹാർ വിമാന റാഞ്ചലിന്റെ മുഖ്യ സൂത്രധാരനാണ്.
2001ലെ പാർലമെന്റ് ആക്രമണം, 2002ൽ ഡാനിയേൽ പേളിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തൽ, 2008ലെ മുംബൈ ആക്രമണം, 2016ലെ പഠാൻകോട്ട് ആക്രമണം, 2019ലെ പുൽവാമ ആക്രമണം തുടങ്ങി നിരവധി ഭീകരാക്രമണങ്ങളിൽ പങ്കുണ്ട്. 2007 മുതൽ ജയ്ഷെ മുഹമ്മദിന്റെ സുപ്രീം കമാൻഡർ. 2010ൽ അമേരിക്ക ഭീകരനായി പ്രഖ്യാപിച്ചു.
പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിൽ നടത്തിയ ആക്രമണത്തിലാണ് റൗഫ് കൊല്ലപ്പെട്ടത്. ഇന്ത്യയിൽ ഭീകരപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന കൊടുംഭീകരൻ മസൂദ് അസറിന്റെ സഹോദരനാണ്. അസറിന്റെ ബന്ധുക്കളായ 10 പേർ കൊല്ലപ്പെട്ടിരുന്നു. പിന്നാലെ ഓപ്പറേഷണൽ തലവൻ കൂടിയായ റൗഫ് അസറിന്റെ മരണം ജയ്ഷെ മുഹമ്മദിനെ കൂടുതൽ ദുർബലമാക്കി.
കാണ്ഡഹാർ വിമാന റാഞ്ചൽ (1999)
1999ൽ ഇന്ത്യൻ എയർലൈൻസ് വിമാനം ഐസി-814 റാഞ്ചലിന് നേതൃത്വം നൽകുമ്പോൾ അബ്ദുൾ റൗഫ് അസറിന്റെ പ്രായം 24 വയസ്സ്. കാഠ്മണ്ഡുവിൽനിന്ന് ഡൽഹിയിലേക്കുള്ള യാത്രാമധ്യേയാണ് ഭീകരർ വിമാനം റാഞ്ചുന്നത്. 155 യാത്രക്കാരുണ്ടായിരുന്നു. താലിബാൻ നിയന്ത്രിത അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാറിലാണ് വിമാനമെത്തിച്ചത്. യാത്രക്കാരെ വിട്ടുകിട്ടാൻ ഇന്ത്യക്ക് മസൂദ് അസറിനെയും അനുയായികളായ അഹമ്മദ് ഒമർ സയീദ് ഷെയ്ഖ്, അൽ -ഉമർ മുജാഹിദ്ദീൻ, മുഖ്യ കമാൻഡർ മുഷ്‌താഖ് അഹമ്മദ് സർഗർ എന്നിവരെയും മോചിപ്പിച്ചു.
ഡാനിയേൽ പേൾ വധം(2002)
വാൾസ്ട്രീറ്റ് ജേണൽ പത്രപ്രവർത്തകനായ ഡാനിയേൽ പേളിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിലെ പ്രധാനിയാണ് റൗഫ് അസർ. പാക് ചാരസംഘടന ഐഎസ്ഐയും അൽ ഖായിദയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് അന്വേഷണ റിപ്പോർട്ട് തയ്യാറാക്കിവരികയായിരുന്ന ഡാനിയേൽ പേളിനെ ഭീകരർ കഴുത്തറുത്തു കൊല്ലുകയായിരുന്നു. 2002 ജനുവരി 23ന് പാകിസ്ഥാനിലെ കറാച്ചിയിൽ നിന്നാണ് പേൾ അപ്രത്യക്ഷനാകുന്നത്. അമേരിക്ക തടവിലാക്കിയ പാകിസ്ഥാനികളെ മോചിപ്പിക്കണമെന്നാണ് പേളിന്റെ ജീവൻ വച്ച് ഭീകരർ വിലപേശിയത്.









0 comments