print edition ബലാത്സംഗക്കേസ്: പ‍ഞ്ചാബിൽനിന്ന് മുങ്ങിയ ആംആദ്മി എംഎൽഎ ഓസ്ട്രേലിയയിൽ

Harmit Singh Pathanmajra
വെബ് ഡെസ്ക്

Published on Nov 10, 2025, 12:00 AM | 1 min read

പാട്യാല: ബലാത്സംഗക്കേസിൽ പ്രതിയായി ഒളിവിൽപോയ പഞ്ചാബിലെ ആംആദ്മി എംഎൽഎ ഓസ്ട്രേലിയയിൽ പൊങ്ങി. പട്യാല പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച എംഎൽഎ ഹർമീത് സിങ് ആണ് ഓസ്ട്രേലിയയിൽ വീഡിയോ അഭിമുഖത്തിൽ പ്രത്യക്ഷപ്പെട്ടത്. തനിക്കെതിരെ രാഷ്ട്രീയ ഗൂഢാലോചന നടക്കുകയാണെന്നും ജാമ്യം കിട്ടിയാലേ നാട്ടിലേക്ക് മടങ്ങുകയുള്ളൂവെന്നും ഓസ്ട്രേലിയ കേന്ദ്രീകരിച്ചുള്ള പഞ്ചാബി വെബ് ചാനലിന് നൽകിയ വീഡിയോ അഭിമുഖത്തിൽ ഹർമീത് സിങ് പറഞ്ഞു.


പഞ്ചാബിലെ ആംആദ്മി സർക്കാരിനെതിരെ ഗുരുതര ആരോപണവും ഉന്നയിച്ചു. നിർണായക വിഷയങ്ങളിൽ മന്ത്രിമാരുമായും എംഎൽഎമാരുമായും കൂടിയാലോചന നടത്തുന്നില്ല. ഡൽഹിയിൽ തോറ്റതോടെ അവിടെനിന്നുള്ള നേതാക്കളാണ് പഞ്ചാബിലെ കാര്യങ്ങൾ തീരുമാനിക്കുന്നതെന്നും ഹർമീത് പറഞ്ഞു. സെപ്തംബർ രണ്ട്‌ മുതൽ ഒളിവിലാണ് എംഎൽഎ. വിവാഹിതനാണെന്നത് മറച്ചുവച്ച് ലൈംഗികമായി ചൂഷണംചെയ്‌തെന്ന സിർക്പുർ സ്വദേശിനിയുടെ പരാതിയിലാണ് എംഎൽഎയ്ക്കെതിരെ കേസെടുത്തത്.



Tags
deshabhimani section

Related News

View More
0 comments
Sort by

Home