കർഷക സമരം വിജയം; കോർപ്പറേറ്റ് അനുകൂല ഭൂനയം പിൻവലിച്ച് പഞ്ചാബ്

samyukta kisan morcha
വെബ് ഡെസ്ക്

Published on Aug 18, 2025, 03:29 PM | 2 min read

ന്യൂഡൽഹി : കർഷക സമരം ശക്തമായതിനെത്തുടർന്ന് കോർപ്പറേറ്റ് അനുകൂല ഭൂനയം പിൻവലിച്ച് പഞ്ചാബ് സർ‌ക്കാർ. തീരുമാനത്തെ സംയുക്ത കിസാൻ മോർച്ച സ്വാ​ഗതം ചെയ്തു. ജൂൺ നാലിന് പുറപ്പെടുവിച്ച ഭവന, നഗരവികസന വകുപ്പിന്റെ ലാൻഡ് പൂളിങ്ങ് നയത്തിനെതിരെ സമരം നയിച്ച കർഷകരെ അഭിനന്ദിക്കുന്നതായും എസ്കെഎം പ്രസ്താവനയിൽ പറഞ്ഞു. 65,000 ഏക്കർ ഭൂമിയാണ് ആംആദ്മി സർക്കാർ നേരിട്ട് വാങ്ങാൻ തീരുമാനമായിരുന്നത്. ഇതിനെതിരെ പഞ്ചാബിലെ കർഷകർ വ്യാപകമായ പ്രചാരണങ്ങളും സമരങ്ങളും നടത്തിയിരുന്നു. ജൂലൈ 30 ന് ട്രാക്ടർ പരേഡും നടത്തി. റിയൽ എസ്റ്റേറ്റ് താൽപ്പര്യങ്ങളാണ് നയത്തിന് പിന്നിലെന്ന് കർഷകർ ചൂണ്ടിക്കാട്ടിയിരുന്നു. ഭൂവുടമകളുടെ അവകാശങ്ങളുടെ ലംഘനം, ഉപജീവനമാർഗ്ഗത്തിനും ഭക്ഷ്യസുരക്ഷയ്ക്കും നേരെയുള്ള ആക്രമണം എന്നിവയും കർഷകർ ചൂണ്ടിക്കാട്ടിയിരുന്നു.


ഭരണകക്ഷിയായ എഎപി ഒഴികെയുള്ള പഞ്ചാബിലെ എല്ലാ രാഷ്ട്രീയ പാർട്ടികളും കോർപ്പറേറ്റ് ഭൂമി ഏറ്റെടുക്കലിനുള്ള ലാൻഡ് പൂളിങ് നയത്തെ എതിർക്കുകയും വിജ്ഞാപനം പിൻവലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. പഞ്ചാബ് ഹരിയാന ഹൈക്കോടതി ലാൻഡ് പൂളിങ് വിജ്ഞാപനം സ്റ്റേ ചെയ്തു. കർഷകരെ വഞ്ചിക്കുകയും കൃഷിക്കും കർഷകർക്കും ദോഷകരമായ നയം സ്വീകരിക്കുകയും ചെയ്തതിന് എഎപിയെ സംയുക്ത കിസാൻ മോർച്ചയും ശക്തമായി വിമർശിച്ചു. സമാനരീതിയിൽ കർണാടകയിലും കർഷകസമരം നടന്നിരുന്നു. ദേവനഹള്ളിയിലെ കർഷകർ വിജയം നേടിയതോടെ കോൺഗ്രസ് നേതൃത്വത്തിലുള്ള സിദ്ധരാമയ്യ സർക്കാർ 1,777 ഏക്കർ കൃഷിഭൂമി ഏറ്റെടുക്കുന്നത് പിൻവലിച്ചു. കൃഷിഭൂമി സംരക്ഷിക്കുന്നതിനായി കർഷകർ മൂന്ന് വർഷത്തോളമാണ് പോരാടിയത്.

ദേവനഹള്ളിയിലെയും പഞ്ചാബിലെയും കർഷകരുടെ വിജയം സംയുക്ത കർഷക പ്രസ്ഥാനത്തിന്റെ വിജയമാണ്. ഇതോടനുബന്ധിച്ച് പഞ്ചാബ് എസ്‌കെ‌എം ആ​ഗസ്ത് 24 ന് സാമ്രാലയിൽ വിജയറാലി സംഘടിപ്പിക്കും. ഗ്രാമങ്ങളിൽ ഈ വിജയം ആഘോഷിക്കണമെന്നും രാഷ്ട്രീയ പാർട്ടികൾ കോർപ്പറേറ്റ് ശക്തികളുടെ താൽപ്പര്യങ്ങൾക്ക് കീഴടങ്ങി കർഷകരെ വഞ്ചിക്കുന്നത് തുറന്നുകാട്ടാനും ഇന്ത്യയിലുടനീളമുള്ള കർഷകരോട് എസ്‌കെ‌എം ആഹ്വാനം ചെയ്യുന്നു.


2013 ലെ എൽഎആർആർ നിയമം ഭേദഗതി ചെയ്യാൻ ശ്രമിച്ച മോദി സർക്കാർ 2014 ൽ ഭൂമി ഏറ്റെടുക്കൽ ഓർഡിനൻസ് കൊണ്ടുവന്നെങ്കിലും രാജ്യത്തുടനീളം നടന്ന കർഷക സമരങ്ങൾ കാരണം ഓർഡിനൻസ് നിയമമായി നടപ്പിലാക്കുന്നതിൽ പരാജയപ്പെട്ടു. നിയമം ലംഘിച്ച് കാർഷിക ഭൂമി, കോർപ്പറേറ്റ് കമ്പനികൾക്ക് നൽകുന്നതിനായി ബിജെപി നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാരുകൾ നിയമസഭകളിൽ ഭൂമി ഏറ്റെടുക്കൽ നിയമങ്ങൾ പാസാക്കിയിരുന്നു. നിലവിൽ, നിർബന്ധിത ഭൂമി ഏറ്റെടുക്കലിലൂടെയും അപര്യാപ്തമായ നഷ്ടപരിഹാരത്തിലൂടെയും ബുദ്ധിമുട്ടുന്ന കർഷകരുടെ സമരങ്ങൾക്ക് പൂർണ പിന്തുണ നൽകുകയും ഭൂമിയുടെ അവകാശങ്ങൾക്കായുള്ള പോരാട്ടം ശക്തമാക്കാൻ സാധ്യമായതെല്ലാം ചെയ്യുകയും ചെയ്യും.


35,500 ഏക്കർ ഭൂമി സമാഹരണത്തിനായി വിജ്ഞാപനം പുറപ്പെടുവിച്ച, ഹരിയാനയിലെ ബിജെപി സർക്കാരിനെതിരെ എസ്‌കെഎം ശക്തമായി പ്രതിഷേധിക്കുന്നു. കർഷകരുടെ അധ്വാനത്തിന് വില നൽകാതെ റിയൽ എസ്റ്റേറ്റ് ബിസിനസ് താൽപര്യങ്ങൾക്ക് ബിജെപി സൗകര്യമൊരുക്കുന്നുവെന്നും എൽഎആർആർ നിയമം ലംഘിച്ചുവെന്നും എസ്‌കെഎം പ്രസ്താവനയിൽ പറഞ്ഞു. വിജ്ഞാപനം ഉടൻ പിൻവലിക്കണമെന്ന് എസ്‌കെഎം ആവശ്യപ്പെട്ടു. സംസ്ഥാന സർക്കാർ ഭൂമി ഏറ്റെടുക്കൽ പദ്ധതിയുമായി മുന്നോട്ട് പോകാൻ ശ്രമിച്ചാൽ സംസ്ഥാനത്ത് വ്യാപകമായ സമരങ്ങൾ നടത്തുമെന്നും എസ്‌കെഎം പ്രസ്താവനയിൽ വ്യക്തമാക്കി.



deshabhimani section

Related News

View More
0 comments
Sort by

Home