മിശ്രവിവാഹം; 'ശുദ്ധീകരണത്തിനായി'വധുവിന്റെ കുടുംബാംഗങ്ങളെ മൊട്ടയടിപ്പിച്ച് ഗ്രാമവാസികൾ

ഭുവനേശ്വർ: മിശ്രവിവാഹത്തെത്തുടർന്ന് വധുവിന്റെ കുടുംബത്തിന് വിലക്ക് കൽപ്പിച്ച് ഗ്രാമ വാസികൾ. ഒഡീഷയിലെ റായഗഡ ജില്ലയിലാണ് സംഭവം. മകളെ മറ്റൊരു ജാതിയിലേക്ക് വിവാഹം കഴിച്ചതിനെത്തുടർന്ന് കുടുംബത്തെ ബഹിഷ്‌കരിക്കുകയും തുടർന്ന് "ശുദ്ധീകരണത്തിനായി' കുടുംബത്തിലെ 40 പുരുഷൻമാരെ തല മൊട്ടയടിക്കാൻ നിർബന്ധിതരാക്കുകയും ചെയ്തു.
പട്ടിക വര്‍ഗത്തിലുള്ള യുവതി ഗ്രാമത്തിലെ മുതിർന്നവരുടെ നിർദ്ദേശങ്ങൾക്ക് വിരുദ്ധമായി അയൽ ഗ്രാമത്തിലെ പട്ടിക ജാതിയിലുള്ള യുവാവിനെ വിവാഹം ചെയ്തതായിരുന്നു ഈ അനാചാരത്തിന് വഴിയൊരുക്കിയതെന്ന് ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോർട്ട് ചെയ്‌തു. കാലഹരണപ്പെട്ട ആചാരങ്ങളെ അവഗണിച്ച് വിവാഹത്തെക്കുറിച്ച് സ്വതന്ത്രമായ തീരുമാനമെടുക്കാനുള്ള സ്ത്രീയുടെ നീക്കം ഗ്രാമവാസികളെ പ്രകോപിപ്പിച്ചു. അതിനു ശിക്ഷയായി ഗ്രാമവാസികൾ കുടുംബത്തെ അകറ്റിനിർത്തി. കുടുംബത്തെ തിരികെ സ്വീകരിക്കണമെങ്കിൽ 'ശുദ്ധീകരണ' ചടങ്ങിന് വിധേയരാകണമെന്ന് ഗ്രാമവാസികൾ കുടുംബത്തോട് ആവശ്യപ്പെട്ടതായി റിപ്പോർട്ടുണ്ട്. ചടങ്ങിന്റെ ഭാഗമായി ആട്, പന്നി, കോഴി എന്നിവയെ ഗ്രാമത്തിലെ ദൈവസ്ഥാനത്തിന് മുന്നില്‍ വച്ച് ബലി കഴിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ബ്ലോക്ക് ലെവൽ എക്സ്റ്റൻഷൻ ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘം ഇരു കുടുംബങ്ങളിലെയും അംഗങ്ങളെ സന്ദർശിച്ചതായി ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസർ ബിജയ് സോയ് പറഞ്ഞു. തുടർനടപടികൾക്കായി കളക്ടർക്ക് പൂർണ റിപ്പോർട്ട് അയച്ചിട്ടുണ്ടെന്നും ഇത്തരം സംഭവങ്ങൾ ഒഴിവാക്കാൻ ജില്ലയിൽ ബോധവൽക്കരണ പരിപാടികൾ നടത്തുമെന്നും ബിഡിഒ പറഞ്ഞു.









0 comments