ഒമ്പതുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി; സ്യൂട്ട്കേസിലാക്കി ഉപേക്ഷിച്ചു

ന്യൂഡൽഹി : ഡൽഹിയിൽ ഒമ്പതുവയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ശേഷം സ്യൂട്ട്കേസിലാക്കി ഉപേക്ഷിച്ചു. ഡൽഹിയിലെ ദയാൽപൂർ ഏരിയയിലാണ് സംഭവം. നെഹ്റു വിഹാറിലെ ഫ്ലാറ്റിലെ രണ്ടാം നിലയിൽ നിന്നാണ് പെൺകുട്ടിയുടെ ശരീരമടങ്ങിയ സ്യൂട്ട്കേസ് കണ്ടെത്തിയത്.
പെൺകുട്ടിയെ കാണാതായതിനെത്തുടർന്ന് വീട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് സ്യൂട്ട്കേസിൽ ബോധരഹിതയായ നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ പൊലീസിൽ വിവരമറിയിച്ചു. സ്യൂട്ട്കേസിൽ നിന്ന് രക്തം ഒഴുകിയിരുന്നുവെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചതായി ഡോക്ടർമാർ അറിയിച്ചു.
ശനിയാഴ്ച ഉച്ചകഴിഞ്ഞ് ബന്ധുവിന്റെ വീട്ടിൽ പോയ കുട്ടി തിരിച്ചെത്താഞ്ഞതോടെയാണ് അന്വേഷണം ആരംഭിച്ചത്. കോളനിയിൽ നടത്തിയ അന്വേഷണത്തിൽ പെൺകുട്ടിയെ ഒരാൾ തന്റെ ഫ്ലാറ്റിലേക്ക് കൊണ്ടുപോയതായി കണ്ടെത്തിയതായി പെൺകുട്ടിയുടെ പിതാവ് പറഞ്ഞു. കുടുംബം എത്തിയപ്പോൾ ഫ്ലാറ്റ് പൂട്ടിയിരിക്കുന്നതായി കണ്ടെത്തി. ഫ്ലാറ്റിന്റെ താക്കോൽ സഹോദരന്റെ പക്കലുണ്ടെന്ന് വീട്ടുടമ പറഞ്ഞതായി പൊലീസ് അറിയിച്ചു. പൂട്ട് പൊളിച്ച് മുറിയിൽ കയറിയപ്പോഴാണ് പെൺകുട്ടിയെ അബോധാവസ്ഥയിൽ സ്യൂട്ട്കേസിൽ നിന്ന് കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു.
ബിഎൻഎസ് സെക്ഷൻ 103 (1) പ്രകാരവും പോക്സോ ആക്ട് പ്രകാരവും കേസെടുത്തിട്ടുണ്ട്. ക്രൈം, ഫോറൻസിക് സംഘങ്ങൾ സ്ഥലം പരിശോധിച്ചു. പ്രദേശത്ത് നിന്ന് ശേഖരിച്ച സിസിടിവി ദൃശ്യങ്ങൾ ഉപയോഗിച്ച് പ്രതിയെ കണ്ടെത്താനാണ് ശ്രമം. അന്വേഷണത്തിനായി പല സംഘങ്ങളെ വിന്യസിച്ചതായി പൊലീസ് കൂട്ടിച്ചേർത്തു.









0 comments