ഉർജിത് രാജി നൽകി ; 14ന‌് ഡയറക്ടർ ബോർഡ‌് യോഗം ചേരാനിരിക്കെ രാജി

ന്യൂഡൽഹി
റിസർവ‌് ബാങ്കിനെ പൂർണമായും വരുതിയിലാക്കാനുള്ള മോഡി സർക്കാരിന്റെ നീക്കങ്ങൾക്കിടെ ഗവർണർ ഉർജിത‌് പട്ടേൽ രാജിവച്ചു. വെള്ളിയാഴ‌്ച ആർബിഐ ഡയറക്ടർ ബോർഡ‌് യോഗം ചേരാനിരിക്കെയാണ‌് ഗവർണറുടെ രാജി. വ്യക്തിപരമായ കാരണങ്ങളാലാണ‌് തീരുമാനമെന്ന‌് ഉർജിത‌് പട്ടേൽ രാജിക്കത്തിൽ പറയുന്നുണ്ടെങ്കിലും സർക്കാരുമായുള്ള ഭിന്നതയാണ‌് വഴിയൊരുക്കിയത‌്. ആർബിഐയുടെ കരുതൽധനത്തിൽ ഒരു ഭാഗം പിടിച്ചുവാങ്ങാനുള്ള കേന്ദ്ര സർക്കാർ ശ്രമത്തെ ഉർജിത‌് ശക്തമായി എതിർത്തിരുന്നു. രാജ്യത്തെ ബാങ്കിങ‌് സംവിധാനം സുതാര്യമാക്കുന്നതിനായി ഉർജിത് സ്വീകരിച്ച പല നടപടികളെയും സർക്കാരും നിശിതമായി വിമർശിച്ചു.
1990നു ശേഷം ആദ്യമായാണ‌് ഒരു റിസർവ‌് ബാങ്ക‌് ഗവർണർ കാലാവധി പൂർത്തിയാക്കാതെ രാജിവയ‌്ക്കുന്നത‌്. 2016 സെപ‌്തംബറിൽ ചുമതലയേറ്റ ഉർജിത്തിന‌് 2019 സെപ‌്തംബർവരെ കാലാവധിയുണ്ടായിരുന്നു.
സർക്കാരും ആർബിഐയുമായുള്ള തർക്കവിഷയങ്ങൾ ചർച്ച ചെയ്യുന്നതിന‌് നവംബർ 19ന‌് ഡയറക്ടർ ബോർഡ‌് യോഗം ചേർന്നിരുന്നു. ആർബിഐയുടെ കരുതൽ ധനത്തിൽ ഒരു ഭാഗം വിട്ടുനൽകുക, ചെറുകിട–-ഇടത്തരം സംരംഭങ്ങൾക്ക‌് കൂടുതൽ വായ‌്പാ ഇളവുകൾ അനുവദിക്കുക, ബാങ്കുകളുടെ കിട്ടാക്കടവും മറ്റും പരിധി കടക്കുമ്പോൾ ആർബിഐ സ്വീകരിക്കുന്ന വേഗത്തിലുള്ള തെറ്റുതിരുത്തൽ (പിസിഎ) സംവിധാനത്തിൽ അയവുവരുത്തുക എന്നിവയായിരുന്നു സർക്കാരിന്റെ ആവശ്യം. ആർബിഐ വഴങ്ങിയില്ലെങ്കിൽ കേന്ദ്രത്തിന‌് ഇടപെടൽ അധികാരം നൽകുന്ന ആർബിഐ ചട്ടത്തിലെ ഏഴാം വകുപ്പ‌് പ്രയോഗിക്കുമെന്നും മോഡി സർക്കാർ മുന്നറിയിപ്പു നൽകി.
സർക്കാരിന്റെ സമ്മർദനീക്കങ്ങളോട‌് ആർബിഐ ശക്തമായി പ്രതികരിച്ചു. ഡെപ്യൂട്ടി ഗവർണർ വിരാൽ ആചാര്യ ആർബിഐയുടെ സ്വയംഭരണാധികാരത്തെ ദുർബലപ്പെടുത്താനുള്ള കേന്ദ്രനീക്കത്തെ പരസ്യമായി വിമർശിച്ചു. ആർബിഐയുടെ സ്വയംഭരണാധികാരം ഇല്ലാതായാൽ ഇന്ത്യൻ സമ്പദ‌്‌വ്യവസ്ഥ തകിടംമറിയുമെന്ന‌് വിരാൽ ആചാര്യ പറഞ്ഞു.
ആർബിഐ ബോർഡിൽ സ്വതന്ത്ര ഡയറക്ടർമാരെന്ന നിലയിൽ തിരുകിക്കയറ്റിയ എസ‌് ഗുരുമൂർത്തിയെപ്പോലുള്ള സംഘപരിവാർ പ്രവർത്തകരെ ഉപയോഗപ്പെടുത്തി റിസർവ‌് ബാങ്കിനെ വരുതിയിൽ നിർത്താനാണ‌് മോഡി സർക്കാർ ശ്രമിച്ചത‌്. കടുത്ത ഭിന്നതകൾക്കിടെ ചേർന്ന ഡയറക്ടർ ബോർഡ‌് യോഗത്തിൽ ഉർജിത് രാജിവച്ചേക്കുമെന്ന‌് അഭ്യൂഹങ്ങളുണ്ടായിരുന്നു.
കരുതൽധന പരിധിയടക്കം തീരുമാനിക്കുന്ന ധന മൂലധന ചട്ടക്കൂട‌് പുനഃപരിശോധിക്കുന്നതിനായി പ്രത്യേക സമിതിയെ നിയമിക്കാൻ ആ യോഗത്തിൽ തീരുമാനമായി. സമിതിയുടെ ഘടന ആർബിഐയും ധനമന്ത്രാലയവും യോജിച്ച‌് തീരുമാനിക്കാനും ധാരണയായി. ഇതോടൊപ്പം ബാങ്കുകൾക്ക‌് നിയന്ത്രണങ്ങൾ കൊണ്ടുവരുന്ന പിസിഎ ചട്ടങ്ങൾ പരിഷ‌്കരിക്കുന്നതിന‌് സമിതിയെ നിശ്ചയിച്ചു.
പ്രത്യേക സമിതിയുടെ ഘടനയിൽ ഇതുവരെയും തീരുമാനമായിട്ടില്ല. സമിതിയുടെ ഘടന സംബന്ധിച്ച‌് സർക്കാരും ആർബിഐയും തമ്മിൽ തർക്കമുണ്ട‌്. ഇതടക്കമുള്ളവ വെള്ളിയാഴ‌്ച ചർച്ച ചെയ്യാനിരിക്കെയാണ‌് ഉർജിത്തിന്റെ അപ്രതീക്ഷിത രാജി. ഡെപ്യൂട്ടി ഗവർണർ വിരാൽ ആചാര്യ രാജിവയ‌്ക്കുമെന്ന‌് അഭ്യൂഹങ്ങളുണ്ടായെങ്കിലും റിസർവ‌് ബാങ്ക‌് വക്താവ‌് നിഷേധിച്ചു.









0 comments