എച്ച്‌ഐവി ബാധിതയെന്നു കരുതുന്ന യുവതിയുടെ മൃതദേഹം കണ്ടെത്തി; കര്‍ണാടകയില്‍ 36 ഏക്കര്‍ തടാകം വറ്റിച്ച് ഗ്രാമവാസികള്‍

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 06, 2018, 07:38 AM | 0 min read

ധര്‍വാദ് >  എച്ച്‌ഐവി ബാധിതയെന്നു കരുതുന്ന യുവതിയുടെ മൃതദേഹം കണ്ടെത്തിയതിനെ തുടര്‍ന്ന് കര്‍ണാടകയില്‍ 36 ഏക്കര്‍ തടാകം  വറ്റിച്ച് ഗ്രാമവാസികള്‍. കര്‍ണാടകയിലെ ധര്‍വാദ് ജില്ലയിലെ നവല്‍ഗുണ്ട് താലൂക്കിലാണ് പതിനായിരകണക്കിന് ഗ്രാമവാസികളുടെ ഏക കുടിവെളള സ്രോതസ് വറ്റിക്കുന്നത്.

4 ദിവസം മുമ്പാണ് എച്ച്‌ഐവി ബാധിതയെന്ന് സംശയിക്കുന്ന യുവതിയുടെ മൃതദേഹം തടാകത്തില്‍ നിന്നും കണ്ടെത്തിയത്. ഇതോടെ എയ്ഡ്‌സ് പകരുമെന്ന് പറഞ്ഞ് ഗ്രാമത്തിലെ ജനങ്ങള്‍ തടാകം വറ്റിക്കണമെന്ന് ആവശ്യപെടുകയായിരുന്നു. തുടര്‍ന്ന് തടാകത്തിലെ വെള്ളം വറ്റിക്കാന്‍ പ്രാദേശിക ഭരണകൂടം നടപടി ആരംഭിക്കുകയായിരുന്നു.

എച്ച്‌ഐവി വൈറസിന് 25 ഡിഗ്രി സെലിഷ്യസ് താപനിലയ്ക്കു മുകളില്‍ എട്ടു മണിക്കൂറിലധികം വെള്ളത്തില്‍ അതിജീവിക്കില്ലെന്നു പഠനങ്ങളില്‍ തെളിഞ്ഞിട്ടുള്ളതിനാല്‍ ഭയപ്പെടേണ്ട കാര്യമില്ലെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയെങ്കിലും ഗ്രാമവാസികള്‍ മുഖവിലക്കെടുത്തില്ല. എയ്ഡ്‌സ് പകരുന്ന രീതികള്‍ പറഞ്ഞു മനസിലാക്കാന്‍ ശ്രമിച്ചെങ്കിലും തടാകം വറ്റിക്കണം എന്നു തന്നെയായിരുന്നു ഗ്രാമവാസികളുടെ  തീരുമാനം.

മൃതദേഹം കണ്ടെത്തിയതിന് ശേഷം തടാകത്തില്‍ നിന്നും ആരും വെള്ളമെടുക്കാറില്ല. കിലോമീറ്ററുകള്‍ താണ്ടിയാണ് ഇപ്പോള്‍ ശുദ്ധജലം ശേഖരിക്കുന്നത്. തടാകത്തിലെ വെള്ളം പൂര്‍ണായും ഒഴിവാക്കിയ ശേഷം കുറച്ച് ദിവസം തടാകം കാലിയാക്കി ഇടാനാണ് തീരുമാനം. തുടര്‍ന്ന് മലപ്രഭ അണക്കെട്ടില്‍ നിന്നും വെള്ളമെത്തിച്ച് നിറയ്ക്കാനാണ് നീക്കം.

ഇരുപതോളം മോട്ടോര്‍ എത്തിച്ചാണ് വെള്ളം പമ്പ് ചെയ്ത് മാറ്റുന്നത്. അഞ്ചു ദിവസം കൊണ്ട് തടാകത്തിന്റെ മുക്കാല്‍ ഭാഗമേ വറ്റിക്കാനായുള്ളൂ.  സമീപത്തെ സര്‍ക്കാര്‍ സ്‌കൂളിലേക്ക് വെളളം കയറിയിട്ടും പമ്പിങ് നിര്‍ത്തിയില്ല. തുടര്‍ന്ന് വിദ്യാര്‍ഥികള്‍ പഞ്ചായത്ത് ഓഫീസിന് മുന്നില്‍ പ്രതിഷേധിച്ചിരുന്നു.

മരണപ്പെട്ട യുവതി ദിവസങ്ങള്‍ക്ക് മുമ്പ് പ്രദേശിക ലാബ് വെച്ചു നടത്തിയ പരിശോധനയിലാണ് എച്ച്ഐവി ബാധിതയെന്ന് അറിഞ്ഞത്. എന്നാല്‍ സര്‍ക്കാര്‍ അംഗീകൃത ലാബില്‍ നിന്നും ഇവര്‍ ടെസ്റ്റ് നടത്തിയിട്ടില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. 

കഴിഞ്ഞ ജൂണില്‍ ദലിത് യുവാവിന്റെ മൃതദേഹം കണ്ടെത്തിയതിനെ തുടര്‍ന്ന് നാവഹള്ളി ഗ്രാമത്തില്‍ 5 ഏക്കര്‍ തടാകം വറ്റിച്ച് പുതിയ സ്ഥലത്ത് നിന്നു ജലം എത്തിച്ചു നിറച്ചിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home