പ്രക്ഷോഭത്തീയൂതി കർഷകപ്പടയണി; പാർലമെന്റ് മാർച്ച് ഇന്ന്

ന്യൂഡൽഹി > ദേശീയ രാഷ്ട്രീയ ദിശാസൂചികയെതന്നെ സ്വാധീനിക്കുന്ന പ്രക്ഷോഭത്തിനു തുടക്കമിട്ട‌് അത്യുജ്ജ്വല കർഷകമാർച്ച‌്. വിളകൾക്ക‌് ന്യായവിലയും കടക്കെണിയിൽനിന്ന‌് മോചനവും ആവശ്യപ്പെട്ട‌് ഡൽഹിയിൽ നടക്കുന്ന കിസാൻമുക്തി മാർച്ചിന്റെ ആദ്യനാൾ അത്യന്തം ആവേശകരമായി.
ഡൽഹി പ്രാന്തങ്ങളിലെ അഞ്ച‌് കേന്ദ്രങ്ങളിൽനിന്ന‌് ആയിരക്കണക്കിനു കർഷകവളണ്ടിയർമാർ കാൽനടയായി സഞ്ചരിച്ച‌് രാംലീല മൈതാനത്തെത്തി. വെള്ളിയാഴ‌്ച രാവിലെ ഇവിടെനിന്നും ലക്ഷത്തോളം കർഷകർ പാർലമെന്റിലേക്ക‌് മാർച്ച‌് ചെയ്യും.
കർഷകർ നേരിടുന്ന പ്രശ‌്നങ്ങൾ ചർച്ചചെയ്യാൻ മാത്രമായി പാർലമെന്റിന്റെ പ്രത്യേകസമ്മേളനം വിളിക്കണമെന്ന‌് ആവശ്യപ്പെട്ട‌് അഖിലേന്ത്യ കിസാൻ സംഘർഷ‌് കോ–-ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിലാണ‌് പ്രക്ഷോഭം. 207 സംഘടനകൾ ചേർന്ന‌് രൂപീകരിച്ചതാണ‌് കോ–-ഓർഡിനേഷൻ കമ്മിറ്റി. 21 രാഷ്ട്രീയപാർടികൾ പ്രക്ഷോഭത്തിനു പിന്തുണ പ്രഖ്യാപിച്ചു.
വെളളിയാഴ‌്ച രാവിലെ പൊതുറാലി പാർലമെന്റ‌് പരിസരത്തു എത്തിയശേഷം രാവിലെ 10 മുതൽ ഉച്ചയ‌്ക്ക‌് ഒരു മണിവരെ കർഷകസമ്മേളനം ചേരും. ഉച്ചയ‌്ക്കുശേഷം രണ്ട‌് മുതൽ അഞ്ച‌് വരെ രാഷ്ട്രീയസമ്മേളനമാണ‌്. കർഷകരുടെ പ്രശ‌്നങ്ങളോടുള്ള നിലപാട‌് വ്യക്തമാക്കാനാണ‌് രാഷ്ട്രീയപാർടി നേതാക്കളെ ക്ഷണിച്ചിട്ടുള്ളതെന്ന‌് നേതാക്കൾ പറഞ്ഞു.









0 comments