മതനിരപേക്ഷ ബദൽ സർക്കാരിനായി നിലകൊള്ളും; സിപിഐ എമ്മിന്റെയും ഇതര ഇടതുപാർടികളുടെയും അംഗബലം കൂട്ടും: യെച്ചൂരി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 08, 2018, 01:27 PM | 0 min read

ന്യൂഡൽഹി > ബിജെപി മുന്നണിയെ പരാജയപ്പെടുത്തുകയെന്നതാണ് വരുന്ന ലോക്‌സഭ–നിയമസഭ തെരഞ്ഞെടുപ്പുകളിൽ സിപിഐ എം മുഖ്യകടമയായി എടുക്കുകയെന്ന് പാർടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. ലോക്‌സഭയിൽ സിപിഐ എമ്മിന്റെയും ഇതര ഇടതുപാർടികളുടെയും അംഗബലം കൂട്ടുകയെന്നതാണ് രണ്ടാമത്തെ ലക്ഷ്യം. കേന്ദ്രത്തിൽ മതനിരപേക്ഷ ബദൽ സർക്കാർ രൂപീകരിക്കാനായി നിലകൊള്ളുമെന്നും മൂന്ന് ദിവസമായി ചേർന്ന പാർടി കേന്ദ്രകമ്മിറ്റി തീരുമാനങ്ങൾ വിശദീകരിച്ച വാർത്താസമ്മേളനത്തിൽ അദ്ദേഹം വ്യക്തമാക്കി.

 22–ാം പാർടി കോൺഗ്രസ് അംഗീകരിച്ച നിലപാടിന്റെ അടിസ്ഥാനത്തിൽ,  ഈ മൂന്ന് ലക്ഷ്യവും നേടാൻ ആവശ്യമായ തെരഞ്ഞെടുപ്പ് തന്ത്രം സ്വീകരിക്കും. ബിജെപിവിരുദ്ധ വോട്ടുകൾ പരമാവധി ഏകോപിപ്പിക്കാൻ ആവശ്യമായ സമീപനമാണ് കൈക്കൊള്ളുക. രാജസ്ഥാൻ, മധ്യപ്രദേശ്, ചത്തീസ്ഗഡ് എന്നിവിടങ്ങളിൽ  സിപിഐ എമ്മിനും ഇടതുപക്ഷത്തിനും സ്ഥാനാർഥിയില്ലാത്ത മണ്ഡലങ്ങളിൽ ബിജെപി മുന്നണിസ്ഥാനാർഥിയെ തോൽപിക്കാൻ വേണ്ട പ്രചാരണം സംഘടിപ്പിക്കും.

തെലങ്കാനയിൽ  ടിആർഎസിനെയും ബിജെപിയെയും പരാജയപ്പെടുത്തുകയെന്നതാണ് ലക്ഷ്യം. സിപിഐ എം പ്രധാന ഘടകക്ഷിയായ ബഹുജൻ ഇടതുമുന്നണി(ബിഎൽഎഫ്) പല മണ്ഡലങ്ങളിലും മത്സരിക്കുന്നുണ്ട്.  12 സീറ്റിൽ സിപിഐ എം പാർടി ചിഹ്നത്തിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ചുകഴിഞ്ഞു. ഘടകകക്ഷികളുമായി കൂടിയാലോചനകൾ നടന്നുവരികയാണ്. കൂടുതൽ സ്ഥാനാർഥികളെ ഉടൻ പ്രഖ്യാപിക്കും. തെലങ്കാനയിൽ അഞ്ച് വർഷമായി സിപിഐ എം നിരന്തരപ്രക്ഷോഭത്തിലാണ്. ജനങ്ങളോട് വിശദീകരിച്ച കാര്യങ്ങൾ  തെരഞ്ഞെടുപ്പ് പ്രമാണിച്ച് മാറ്റിപ്പറയാൻ കഴിയില്ലെന്ന് സഖ്യം സംബന്ധിച്ച ചോദ്യത്തോട് അദ്ദേഹം പ്രതികരിച്ചു.

രാജ്യവ്യാപകമായി തെരഞ്ഞെടുപ്പിനുമുമ്പ് മഹാസഖ്യം എന്നത് നിലവിലെ സാഹചര്യത്തിൽ പ്രായോഗികമല്ല. ഓരോ സംസ്ഥാനത്തെയും സ്ഥിതി വ്യത്യസ്തമാണ്. ബിഹാറിലെ സ്ഥിതിയല്ല യുപിയിൽ, തമിഴ്‌നാട്ടിൽ ഇതൊന്നുമല്ല സാഹചര്യം. തെരഞ്ഞെടുപ്പിനുശേഷം കോൺഗ്രസ് നേതൃത്വത്തിൽ സർക്കാർ രൂപീകരിക്കാൻ പിന്തുണ നൽകുമോ എന്ന ചോദ്യത്തോട്, 1989ലെയും 1996ലെയും 2004ലെയുമൊക്കെ അനുഭവം നമ്മുടെ മുന്നിലുണ്ടല്ലോ എന്ന് യെച്ചൂരി പ്രതികരിച്ചു. കോൺഗ്രസ് പിന്തുണയ്ക്കുകയും കോൺഗ്രസിനെ പിന്തുണയ്ക്കുകയും ഒക്കെ ചെയ്തിട്ടുണ്ട്.

ജനാധിപത്യ അവകാശങ്ങൾക്കുനേരെ കടന്നാക്രമണം നടത്തുകയും പാർലമെന്ററി–ഭരണഘടന സ്ഥാപനങ്ങളെ തകർക്കാൻ ശ്രമിക്കുകയും ചെയ്യുന്ന മോഡിസർക്കാരിനെ പരാജയപ്പെടുത്തലാണ് അടിയന്തരകടമ. ഇന്ധനങ്ങളുടെ ഉൾപ്പടെ വിലകുത്തനെ കൂട്ടി ജനജീവിതം ദുസ്സഹമാക്കിയ മോഡിസർക്കാർ വർഗീയ ധ്രുവീകരണം വഴി വിദ്വേഷത്തിന്റെയും സംഘർഷത്തിന്റെയും ഭീകരതയുടെയും അന്തരീക്ഷവും സൃഷ്ടിച്ചു. ബിജെപി സർക്കാർ രാജ്യത്തിന്റെ സ്വതന്ത്രവിദേശനയം അട്ടിമറിച്ച് ഇന്ത്യയെ  അമേരിക്കയുടെ ആജ്ഞാനുവർത്തിയാക്കി മാറ്റിയെന്നും സീതാറാം യെച്ചൂരി പറഞ്ഞു.
 



deshabhimani section

Related News

View More
0 comments
Sort by

Home