എബിവിപി സംഘര്‍ഷം ആസൂത്രിതം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 17, 2018, 02:23 AM | 0 min read

ന്യൂഡൽഹി > കനത്ത പരാജയം മുന്നിൽക്കണ്ട് ജെഎൻയുവിൽ വോട്ടെണ്ണൽ തടസ്സപ്പെടുത്താൻ എബിവിപി സൃഷ്ടിച്ചത് ആസൂത്രിതസംഘർഷം. വോട്ടെണ്ണൽ നടക്കുന്ന ഇന്റർനാഷണൽ സയൻസസ് വിഭാഗം കെട്ടിടത്തിലേക്ക് ഇരച്ചുകയറിയ എബിവിപി പ്രവർത്തകർ വാതിലും ജനലും അടിച്ചുതകർത്തു. വിദ്യാർഥിനികൾ ഉൾപ്പെടെയുള്ളവരെ കൈയേറ്റംചെയ്തു. ബാലറ്റ്പെട്ടികൾ തട്ടിയെടുക്കാനും ബാലറ്റ്പേപ്പറുകൾ വലിച്ചുകീറാനും ശ്രമിച്ചു. എബിവിപി പ്രസിഡന്റ് സ്ഥാനാർഥി ലളിത്പാണ്ഡെ, ജോ. സെക്രട്ടറി സ്ഥാനാർഥി വിവേക് ചൗബേ, നേതാക്കളായ രാഘവേന്ദ്രമിശ്ര, സൗരഭ്ശർമ, അഖിലേഷ് പതക്ക് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് അതിക്രമം. സെൻട്രൽ പാനലിലേക്കുള്ള വോട്ടെണ്ണുമ്പോൾ എബിവിപിയുടെ കൗണ്ടിങ് ഏജന്റിനെ അറിയിച്ചില്ലെന്ന് ആരോപിച്ചാണ് സംഘർഷം തുടങ്ങിയത്. എന്നാൽ, കൗണ്ടിങ് ഏജന്റുകൾക്കായി മൈക്കിലൂടെ മൂന്നുപ്രാവശ്യം അറിയിപ്പ് നൽകിയിരുന്നു. മറ്റ് സംഘടനകളുടെ കൗണ്ടിങ് ഏജന്റുമാർ എത്തിയിട്ടും എബിവിപിയുടെ ഏജന്റ്മാത്രം എത്താത്തത് മനഃപൂർവം സംഘർഷമുണ്ടാക്കാനുള്ള നീക്കമായിരുന്നുവെന്ന് തെരഞ്ഞെടുപ്പ് സമിതി ചെയർപേഴ്സൺ ഹിമാൻശു കുലക്ഷേത്ര പറഞ്ഞു.

15 മണിക്കൂറോളം വോട്ടെണ്ണൽ തടസ്സപ്പെടുത്തിയ എബിവിപി വൈസ്ചാൻസലർ ഉൾപ്പെടെയുള്ള അധികൃതരുടെ സഹായത്തോടെ തെരഞ്ഞെടുപ്പ് അസാധുവാക്കാമെന്ന കണക്കുകൂട്ടലിലായിരുന്നു. സർവകക്ഷിയോഗത്തിനു പിന്നാലെ ഞായറാഴ്ച വൈകിട്ട് വോട്ടെണ്ണൽ പുനഃരാരംഭിച്ചിട്ടും എബിവിപി അക്രമം തുടർന്നു. ആർഎസ്എസ്, ബിജെപി പ്രവർത്തകരെ ക്യാമ്പസിലെത്തിച്ച് വിദ്യാർഥികളെ മർദിച്ചു. അക്രമികൾ എസ്എഫ്ഐ ഉൾപ്പെടെയുള്ള ഇടത് വിദ്യാർഥി സംഘടനാനേതാക്കളുടെ അടുത്തെത്തി പ്രകോപനമുണ്ടാക്കിയ ശേഷം കൈയേറ്റം ചെയ്യുകയായിരുന്നു.

ലൈംഗികാതിക്രമ പരാതി നേരിടുന്ന ആർഎസ്എസ് അനുഭാവിയായ അധ്യാപകൻ അതുൽ ജോഹ്രിക്കെതിരെ സമരം നടത്തിയ വിദ്യാർഥിനികൾക്കുനേരേയും സംഘം മോശമായി പെരുമാറി. ബോധരഹിതയായ വിദ്യാർഥിനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്രമികളിൽ ചിലരുടെ പക്കൽ തോക്കും വടിവാളും ഉൾപ്പെടെയുള്ള മാരകായുധങ്ങൾവരെയുണ്ടായിരുന്നു. ക്യാമ്പസിലെ അതിക്രമങ്ങളെക്കുറിച്ച് പൊലീസിൽ പരാതി നൽകി മടങ്ങുന്ന വഴിയ്ക്കാണ് ബൈക്കുകളിൽ മുഖംമറച്ചെത്തിയ സംഘം യൂണിയൻ മുൻ ജനറൽ സെക്രട്ടറി ശതരൂപ ചക്രവർത്തിയെയും സുമിത്രൻ ബസുവിനേയും ക്രൂരമായി മർദിച്ചത്.

എബിവിപിയെ പൂർണമായും പിന്തുണയ്ക്കുന്ന നിലപാടാണ് സർവകലാശാലാ അധികൃതർ സ്വീകരിച്ചത്. അക്രമികളെ തടയാനോ വോട്ടെണ്ണലും ഫലപ്രഖ്യാപനവും സുഗമമായി പൂർത്തിയാക്കാനോ വേണ്ട സഹായം അധികൃതരുടെ ഭാഗത്തുനിന്നുണ്ടായില്ല. എന്നാൽ, വിദ്യാർഥികളുടെ നിശ്ചയദാർഡ്യത്തിന് മുന്നിൽ എബിവിപിയുടെ നീക്കം പരാജയപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

Home