പഞ്ചാബ് സർവകലാശാലയിൽ വിജയക്കൊടി പാറിച്ച് ഇടത് വിദ്യാർഥി കൂട്ടായ്‌മ; അടിപതറി എബിവിപി

ന്യൂഡൽഹി > പഞ്ചാബ് സർവകലാശാല വിദ്യാർഥി കൗൺസിൽ തെരഞ്ഞെടുപ്പിൽ എബിവിപിക്ക് കനത്ത തോൽവി. ഇടത് വിദ്യാർഥി കൂട്ടായ്മയായ സുറ്റുഡന്റ്‌സ് ഫോർ സൊസൈറ്റി (എസ്എഫ്എസ്) സ്ഥാനാർഥി പ്രസിഡന്റ് സ്ഥാനത്തേക്ക് എബിവിപിയെ പരാജയപ്പെടുത്തി. എംഎസ്‌സി രണ്ടാം വർഷ വിദ്യാർഥിനിയായ കനുപ്രീയയാണ് 2802 വോട്ടുകൾ നേടി വിജയിച്ചത്. എബിവിപിയാണ് രണ്ടാമത്. സ്റ്റുഡന്റ്‌സ് ഓർഗനൈസേഷൻ ഓഫ് ഇന്ത്യ(എസ്ഒഐ), എൻഎസ്‌യുഐ എന്നിവർ യഥാക്രമം മൂന്നും നാലും സ്ഥാനത്തെത്തി. തീവ്രഹിന്ദുത്വ പ്രചരണം നടത്തിയ എബിവിപിക്ക് ജനറൽ സീറ്റുകളിൽ ഒന്നിലും ജയിക്കാനായില്ല.
കനുപ്രീയയ്‌ക്കെതിരെ അഞ്ച് സ്ഥാനാർഥികളെയാണ് എബിവിപി മത്സരിപ്പിച്ചത്. സർവകലാശാല വിദ്യാർഥി കൗൺസിലിന്റെ ചരിത്രത്തിൽ പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട ആദ്യ വനിതയാണ് കനുപ്രീയ. വിവിധ സംഘടനകളിൽനിന്നായി 21പേർ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചു. എസ്എഫ്എസ് രാജ്യവിരുദ്ധരുടെ കൂട്ടായ്മയാണെന്ന പ്രചരണമാണ് തെരഞ്ഞെടുപ്പിൽ എബിവിപി നടത്തിയത്. തീവ്രഹിന്ദുത്വ പ്രചരണത്തെ പഞ്ചാബ് സർവകലാശാല വിദ്യാർഥികൾ തള്ളിക്കളഞ്ഞെന്ന് വ്യക്തമാക്കുന്നതാണ് തെരഞ്ഞെടുപ്പ് ഫലം. സർവകലാശാല അധികൃതരുടെ സഹായം എബിവിപിക്ക് ലഭിക്കുന്നതിനെതിരെ എസ്എഫ്എസ് ഉൾപ്പെടെയുള്ള സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. എബിവിപി, എൻഎസ്‌യുഐ തുടങ്ങിയ സംഘടനകളെ എതിർത്ത് രൂപീകരിച്ച ഇടത് വിദ്യാർഥി കൂട്ടായ്മയാണ് എസ്എഫ്എസ്. കഴിഞ്ഞ ഏതാനം വർഷങ്ങളായി ശക്തമായ പ്രതിഷേധങ്ങളിലൂടെയാണ് എസ്എഫ്എസ് ക്യാമ്പസിൽ ചുവടുറപ്പിച്ചത്.
2013,14,17 വർഷങ്ങളിൽ തെരഞ്ഞെടുപ്പിൽ ജയിച്ച എൻഎസ്‌യുഐക്ക് ഇത്തവണ ഒരു സീറ്റ് മാത്രമെ നേടാനായുള്ളു. സ്വന്തം പ്രവർത്തന മികവ് ഉയർത്തിക്കാട്ടുന്നതിനുപകരം എസ്എഫ്എസിനെതിരായ പ്രചരണമാണ് എൻഎസ്‌യുഐയും നടത്തിയത്. എൻഎസ്‌യുഐയുടെ പ്രസിഡന്റ് സ്ഥാനാർഥി പ്രാദേശിയ ഗുണ്ടാ തലവന്റെ സഹായിയാണെന്നതും തിരിച്ചടിയായി. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് എസ്ഒഐ സഖ്യത്തിലുള്ള ഐഎസ്എ സ്ഥാനാർഥി ദാലർ സിങ് ജയിച്ചു. സെക്രട്ടറിയായി എസ്ഒഐ സഖ്യത്തിലുള്ള ഐഎൻഎസ്ഒ സ്ഥാനാർഥി അമരീന്ദർ സിങാണ് ജയിച്ചത്. ജോയിന്റ് സെക്രട്ടറിയായി എൻഎസ്‌യുഐയുടെ വിപുൽ ആത്രയ് ജയിച്ചു.









0 comments