ഒന്നിച്ചു ജീവിച്ചാല്‍ വിവാഹമാകുമോ ? സുപ്രീംകോടതി പരിശോധിക്കും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 03, 2018, 10:09 PM | 0 min read

ന്യൂഡൽഹി > ദീർഘകാലം ഒന്നിച്ചുജീവിക്കുന്നവരുടെ ബന്ധം വിവാഹബന്ധമായി കണക്കാക്കാൻ കഴിയുമോയെന്ന വിഷയം പരിശോധിക്കുമെന്ന് സുപ്രീംകോടതി. നീണ്ടകാലയളവ് ഒന്നിച്ച് കഴിയുന്ന സ്ത്രീയും പുരുഷനും തമ്മിലുള്ള ബന്ധം ഉഭയസമ്മതപ്രകാരമുള്ളതാണെങ്കിൽ അവരുടെ ബന്ധത്തെ വിവാഹബന്ധമായി കണക്കാക്കാൻ കഴിയുമോയെന്ന വിഷയമാണ് പരിശോധിക്കുക. വിഷയത്തിൽ കോടതിയെ സഹായിക്കാൻ മുതിർന്ന അഭിഭാഷകൻ അഭിഷേക് മനു സിങ‌്വിയെ അമിക്കസ്ക്യൂറിയായി ചുമതലപ്പെടുത്തി.

വിവാഹവാഗ്ദാനം നൽകി ആറുവർഷം മകളോടൊപ്പം കഴിഞ്ഞയാൾ വഞ്ചിച്ചെന്ന‌ു കാട്ടി രക്ഷാകർത്താവ് നൽകിയ ഹർജി പരിഗണിച്ച ജസ്റ്റിസുമാരായ എ കെ ഗോയൽ, എസ് അബ്ദുൾനസീർ എന്നിവർ അംഗങ്ങളായ ബെഞ്ചാണ് വിഷയം പരിശോധിക്കാൻ തീരുമാനിച്ചത്. വിവാഹവാഗ്ദാനം നൽകി മകളെ ബലാത്സംഗം ചെയ്തുവെന്നാണ് പരാതി. ഈ വിഷയത്തിൽ വിചാരണക്കോടതിയും ഹൈക്കോടതിയും നിയമനടപടി റദ്ദാക്കണമെന്ന ആവശ്യം തള്ളിയതിനെത്തുടർന്ന് പ്രതിസ്ഥാനത്തുള്ള വ്യക്തി സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.

ഉഭയസമ്മതപ്രകാരമുള്ള ബന്ധമാണെങ്കിലും ക്രിമിനൽകുറ്റങ്ങൾ ചുമത്താൻ സാധിച്ചില്ലെങ്കിലും നീണ്ട വർഷങ്ങൾ ഒരുമിച്ച് ജീവിക്കുന്നതിലൂടെ ആ ബന്ധത്തെ വിവാഹമായി കണക്കാക്കാൻ കഴിയുമോയെന്നത് പ്രധാനപ്പെട്ട ചോദ്യമാണെന്ന് കോടതി ഉത്തരവിൽ പറഞ്ഞു. പ്രതിക്കെതിരെ നിയമനടപടി സാധ്യമല്ലെങ്കിൽപ്പോലും പെൺകുട്ടി ചൂഷണത്തിന് ഇരയാകുന്നില്ലെന്ന് ഉറപ്പുവരുത്താൻ ഈ സാധ്യത ഉപയോഗിക്കാമോയെന്ന് പരിശോധിക്കുമെന്നും  ഉത്തരവില്‍ പറയുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home