പശുസംരക്ഷണ കൊലയില്‍ സുപ്രീംകോടതി ഇടപെടണം: കിസാൻസഭ

ന്യൂഡൽഹി
പശുസംരക്ഷണത്തിന്റെ പേരിൽ ആർഎസ്എസ് പിന്തുണയോടെ രാജ്യത്ത് ന്യൂനപക്ഷങ്ങളെ കൊന്നൊടുക്കുന്നത് തടയാൻ സുപ്രീംകോടതി ഇടപെടണമെന്ന് കിസാൻസഭ ആവശ്യപ്പെട്ടു. ജാർഖണ്ഡിലെ ഗോഡ്ഡ ജില്ലയിൽ മുർതാസ അൻസാരി, ചർകു അൻസാരി എന്നീ യുവാക്കളെ പശുസംരക്ഷകർ കൊലപ്പെടുത്തിയതിൽ കിസാൻസഭ ശക്തമായ പ്രതിഷേധം അറിയിച്ചു. ആർഎസ്എസിന്റെ സെൽഭരണത്തെ തുറന്നുകാട്ടുന്നതാണ് ഈ സംഭവമെന്ന് പ്രസ്താവനയിൽ പറഞ്ഞു.
കാലിവളർത്തൽ ജീവിതോപാധിയാക്കിയ നിരപരാധികളുടെ ജീവനെടുക്കുകയാണ് സംഘപരിവാർ സംഘടനകൾ. പൊലീസ് അക്രമികൾക്ക് കൂട്ടുനിന്ന‌് കൊല്ലപ്പെടുന്നവർക്കെതിരെ കേസെടുക്കുകയാണ്. കൊലയാളികൾക്ക് രക്ഷപ്പെടാൻ അവസരമൊരുക്കുകയും ചെയ്യുന്നു. 2015ൽ ദാദ്രിയിൽ മുഹമദ് അഖ്ലാക്കിനെ കൊലപ്പെടുത്തിയതുമുതൽ ഇങ്ങോട്ട് നിരവധി കൊലപാതകങ്ങൾ പശുസംരക്ഷണത്തിന്റെ പേരിലുണ്ടായിട്ടും പ്രധാനമന്ത്രി മൗനം തുടരുകയാണ്.
ബജ്രംഗ്ദളിന്റെയും വിഎച്ച്പിയുടെയും ഭാഗമായ വിവിധ സംഘടനകൾ മുപ്പത്തഞ്ചിലേറെ പേരെ കൊലപ്പെടുത്തിയിട്ടുണ്ട്. ജാർഖണ്ഡിൽ ഒരു ബിജെപി നേതാവ് ശിക്ഷിക്കപ്പെട്ടതൊഴിച്ചാൽ മറ്റൊരു കേസിലും കുറ്റക്കാർ ശിക്ഷിക്കപ്പെട്ടില്ല. ആർഎസ്എസും ബിജെപിയും അക്രമികൾക്ക് നൽകുന്ന സംരക്ഷണത്തിന് ഉദാഹരണമാണിത‌്. ജാർഖണ്ഡിൽ രണ്ടുപേർ കൊല്ലപ്പെട്ട സംഭവത്തിൽ കുറ്റക്കാരെ എത്രയും വേഗം അറസ്റ്റ‌് ചെയ്യണമെന്ന‌് കിസാൻസഭ ആവശ്യപ്പെട്ടു.









0 comments