സിക്കിമിലെ മണ്ണിടിച്ചിൽ: കുടുങ്ങിക്കിടന്ന 63 പേരെ രക്ഷപ്പെടുത്തി

ഗാങ്‌ടോക്ക്: സിക്കിമിൽ മണ്ണിടിച്ചിലുണ്ടായ ചാറ്റനിൽ കുടുങ്ങിയ 63 പേരെ രക്ഷപ്പെടുത്തി. 64 വിനോദസഞ്ചാരികൾ ഇപ്പോഴും പ്രദേശത്ത് കുടുങ്ങിക്കിടക്കുകയാണ്. സൈന്യവും തദ്ദേശ ഭരണകൂടവും ചേർന്നാണ് രക്ഷപ്രവർത്തനം നടത്തുന്നത്. പ്രതികൂല കാലാവസ്ഥയും ഭൂപ്രകൃതിയും രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാകുന്നുണ്ട്. മോശം കാലാവസ്ഥയെ തുടർന്ന് താത്കാലികമായി രക്ഷാപ്രവർത്തനം നിർത്തിവച്ചു.
ചാറ്റനിൽ നിന്ന് പാക്യോങ് വിമാനത്താവളത്തിലേക്ക് 39 പേരെ മാറ്റി. രക്ഷാപ്രവർത്തനത്തിനായി രണ്ട് എംഐ-17 ഹെലികോപ്റ്ററുകൾ ഉപയോഗിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു. ചീറ്റ ഹെലികോപ്റ്ററിൽ നാല് പേരെയും രക്ഷപ്പെടുത്താനായി. പശ്ചിമ ബംഗാളിലെ ബാഗ്ഡോഗ്രയിൽ നിന്നുള്ള എംഐ-17 ഹെലികോപ്റ്ററിൽ 20 പേരെ എയർലിഫ്റ്റ് ചെയ്തു.
രക്ഷാപ്രവർത്തനത്തിനായി രണ്ട് MI-17 V5 ഹെലികോപ്റ്ററുകൾ പാക്യോങ് വിമാനത്താവളത്തിൽ വിന്യസിച്ചിട്ടുണ്ട്. ജനങ്ങളുടെ ജീവൻ രക്ഷിക്കുന്നതിനും ഒറ്റപ്പെട്ടുപോയവർക്ക് സഹായമെത്തിക്കുന്നതിനും സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥരും സായുധ സേനയും പ്രവർത്തനം തുടരുന്നു.
ജൂൺ 1 ന് വൈകുന്നേരം ചാറ്റനിലെ സൈനിക ക്യാമ്പിൽ ഉണ്ടായ മണ്ണിടിച്ചിലിൽ മൂന്ന് സൈനികർ കൊല്ലപ്പെട്ടു. ആറ് സൈനികരെ കാണാതാവുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കാണാതായ സൈനികരെ കണ്ടെത്താനുള്ള ശ്രമങ്ങളും പുരോഗമിക്കുകയാണ്.









0 comments