എഡിആർ പഠന റിപ്പോർട്
രാജ്യത്തെ 47 ശതമാനം മന്ത്രിമാർക്കെതിരെയും ക്രിമിനൽ കേസുകൾ, എഡിആർ പഠനം

ന്യൂഡൽഹി: രാജ്യത്തെ 47 ശതമാനം മന്ത്രിമാർക്കെതിരെയും ക്രിമിനൽ കേസുകൾ നിലവിലുണ്ടെന്ന് ജനാധിപത്യാവകാശ സംഘടനയായ അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസിന്റെ (എഡിആർ) പഠന റിപ്പോർട്ട്. കൊലപാതകം, തട്ടിക്കൊണ്ടുപോകൽ, സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ എന്നിങ്ങനെ ഗുരുതരമായ കുറ്റങ്ങളും ഇതിൽ ഉൾപ്പെടുന്നു.
പ്രധാനമന്ത്രി, മുഖ്യമന്ത്രിമാർ, ഗുരുതരമായ ക്രിമിനൽ കുറ്റങ്ങൾക്ക് 30 ദിവസത്തേക്ക് അറസ്റ്റിലായ മന്ത്രിമാർ എന്നിവരെ പദവിയിൽ നിന്ന് നീക്കം ചെയ്യാൻ ആവശ്യപ്പെടുന്ന മൂന്ന് ബില്ലുകൾ കേന്ദ്ര സർക്കാർ സഭയുടെ മുന്നിൽ എത്തിച്ച് ദിവസങ്ങൾക്ക് ശേഷമാണ് റിപ്പോർട്ട് പ്രസിധീകരിക്കുന്നത്.
കേന്ദ്ര മന്ത്രിസഭയിൽ നിന്നും 27 സംസ്ഥാന നിയമസഭകളിൽ നിന്നും മൂന്ന് കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നും ഉൾപ്പെടെ 643 മന്ത്രിമാരുടെ സത്യപ്രതിജ്ഞാ സമയത്തെ സത്യവാങ്മൂലങ്ങൾ എഡിആർ പരിശോധിച്ചു. ഇവരിൽ 302 മന്ത്രിമാർ ക്രിമിനൽ കേസുകൾ നേരിടുന്നു. ആകെയുള്ള മന്ത്രിമാരുടെ 47 ശതമാനം പേർക്കെതിരെ ക്രിമിനൽ കേസുകൾ നിലനിൽക്കുന്നു. വിശകലനം സത്യവാങ്മൂലം നൽകിയ രേഖ പ്രകാരമാണ്. ഇതു പ്രകാരം ഏറ്റവും അധികം ശതകോടീശ്വരൻമാർ ഉള്ളത് ബിജെപിയിലാണ്.
കേസിൽ അകപ്പെട്ട 302 മന്ത്രിമാരിൽ തന്നെ 174 പേർ ഗുരുതരമായ ക്രിമിനൽ കേസുകൾ നേരിടുന്നുണ്ടെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.
ദേശീയ തലത്തിൽ, 72 കേന്ദ്ര മന്ത്രിമാരിൽ 29 പേർ (40 ശതമാനം) അവരുടെ സത്യവാങ്മൂലത്തിൽ ക്രിമിനൽ കേസുകൾ പ്രഖ്യാപിച്ചു.
രാജ്യത്തെ 336 ബിജെപി മന്ത്രിമാരിൽ 136 (40 ശതമാനം) പേർ തങ്ങൾക്കെതിരെ ക്രിമിനൽ കേസുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഇവരിൽ തന്നെ 88 മന്ത്രിമാർ (26 ശതമാനം) ഗുരുതരമായ കുറ്റങ്ങളിൽ കേസ് നേരിടുന്നു.
നാല് സംസ്ഥാനങ്ങളിൽ അധികാരത്തിലുള്ള കോൺഗ്രസിൽ 45 മന്ത്രിമാർ (74 ശതമാനം) ക്രിമിനൽ കേസുകളിൽ പ്രതികളാണ്. ഇതിൽ 18 പേർ (30 ശതമാനം) ഗുരുതരമായ കുറ്റകൃത്യങ്ങളിൽ പ്രതികളാണ്.
31 ഡിഎംകെ മന്ത്രിമാരിൽ 27 പേർ - ഏകദേശം 87 ശതമാനം - ക്രിമിനൽ കുറ്റങ്ങൾ നേരിടുന്നവരും 14 പേർ (45 ശതമാനം) ഗുരുതരമായ കേസുകളിൽ പ്രതികളുമാണ്.
തൃണമൂൽ കോൺഗ്രസിലും അവരുടെ 40 മന്ത്രിമാരിൽ 13 പേർ (33 ശതമാനം) ക്രിമിനൽ കേസുകളിൽ പ്രതികളാണ്, ഇതിൽ 8 പേർ (20 ശതമാനം) ഗുരുതരമായ കുറ്റങ്ങൾ ചുമത്തിയവരുമാണ്.
തെലുങ്ക് ദേശം പാർട്ടിയാണ് ഏറ്റവും മുന്നിൽ. അവരുടെ 23 മന്ത്രിമാരിൽ 22 പേർ (96 ശതമാനം) ക്രിമിനൽ കേസുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഇവരിൽ 13 പേർ (57 ശതമാനം) ഗുരുതരമായ കുറ്റകൃത്യങ്ങളിൽ കേസ് നേരിടുന്നു. എഎപി മന്ത്രിമാരിൽ 16 പേരിൽ 11 പേർ (69 ശതമാനം) ക്രിമിനൽ കേസുകൾ നേരിടുന്നു, അഞ്ച് പേർ (31 ശതമാനം) ഗുരുതരമായ കുറ്റങ്ങൾ നേരിടുന്നു.
ആന്ധ്രാപ്രദേശ്, തമിഴ്‌നാട്, ബീഹാർ, ഒഡീഷ, മഹാരാഷ്ട്ര, കർണാടക, പഞ്ചാബ്, തെലങ്കാന, ഹിമാചൽ പ്രദേശ്, ഡൽഹി, പുതുച്ചേരി എന്നീ 11 നിയമസഭകളിൽ 60 ശതമാനത്തിലധികം മന്ത്രിമാർക്കെതിരെയും ക്രിമിനൽ കേസുകൾ നിലവിലുണ്ട്.
അതേസമയം ഹരിയാന, ജമ്മു കശ്മീർ, നാഗാലാൻഡ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലെ മന്ത്രിമാർക്കെതിരെ ക്രിമിനൽ കേസുകൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
11 നിയമസഭകളിൽ ശതകോടീശ്വരൻമാർ
എഡിആർ റിപ്പോർട്ടിൽ മന്ത്രിമാരുടെ സാമ്പത്തിക ആസ്തി വിശകലനം ചെയ്തിട്ടുണ്ട്. അതനുസരിച്ച്, മന്ത്രിമാരുടെ ശരാശരി ആസ്തി 37.21 കോടി രൂപയാണ്. 643 മന്ത്രിമാരുടെയും ആകെ ആസ്തി 23,929 കോടി രൂപയാണ്.
30 നിയമസഭകളിൽ 11 എണ്ണത്തിലും ശതകോടീശ്വരൻ മന്ത്രിമാരുണ്ട്. എട്ട് ശതകോടീശ്വരൻ മന്ത്രിമാരുമായി കർണാടകയാണ് മുന്നിൽ. തൊട്ടുപിന്നാലെ ആറ് മന്ത്രിമാരുമായി ആന്ധ്രാപ്രദേശും നാല് മന്ത്രിമാരുമായി മഹാരാഷ്ട്രയും.
അരുണാചൽ പ്രദേശ്, ഡൽഹി, ഹരിയാന, തെലങ്കാന എന്നിവിടങ്ങളിൽ രണ്ട് പേർ വീതവും ഗുജറാത്ത്, ഹിമാചൽ പ്രദേശ്, മധ്യപ്രദേശ്, പഞ്ചാബ് എന്നിവിടങ്ങളിൽ ഓരോ ശതകോടീശ്വരൻ മന്ത്രിയും വീതമുണ്ട്.
കേന്ദ്ര സർക്കാരിൽ, 72 മന്ത്രിമാരിൽ ആറ് പേർ (എട്ട് ശതമാനം) ശതകോടീശ്വരന്മാരാണെന്ന് റിപ്പോർട്ട് പറയുന്നു.

സമ്പന്നതയിൽ മുന്നിൽ ബിജെപി മന്ത്രിമാർ
പാർട്ടി തിരിച്ചുള്ള കണക്കുകൾ പ്രകാരം, ഏറ്റവും കൂടുതൽ ശതകോടീശ്വരൻ മന്ത്രിമാരുള്ളത് ബിജെപിക്കാണ്, 14 പേർ, ഇത് അവരുടെ ആകെ മന്ത്രിമാരുടെ 4 ശതമാനം മാത്രമാണ്. കോൺഗ്രസ് രണ്ടാം സ്ഥാനത്താണ്, അവരുടെ 61 മന്ത്രിമാരിൽ 11 പേർ (18 ശതമാനം) ശതകോടീശ്വരന്മാരാണ്, അതേസമയം ടിഡിപിയുടെ 23 മന്ത്രിമാരിൽ (26 ശതമാനം) 6 പേർ ശതകോടീശ്വരൻമാരാണ്.
ആം ആദ്മി പാർട്ടി, ജനസേന പാർട്ടി, ജെഡി(എസ്), എൻസിപി, ശിവസേന എന്നിവയ്ക്കും ശതകോടീശ്വരൻ മന്ത്രിമാരുണ്ട്.
രാജ്യത്തെ ഏറ്റവും ധനികനായ മന്ത്രി ടിഡിപിയിലെ ഡോ. ചന്ദ്രശേഖർ പെമ്മസാനിയാണ്, ലോക്സഭയിൽ ആന്ധ്രാപ്രദേശിലെ ഗുണ്ടൂരിനെ പ്രതിനിധീകരിക്കുന്ന അദ്ദേഹം 5,705 കോടിയിലധികം ആസ്തികൾ പ്രഖ്യാപിച്ചു.
കർണാടക കോൺഗ്രസ് നേതാവും സംസ്ഥാന മന്ത്രിയുമായ ഡി കെ ശിവകുമാർ തൊട്ടുപിന്നിൽ, 1,413 കോടിയിലധികം ആസ്തികൾ. ടിഡിപിയെ നയിക്കുന്ന ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡുവിന് 931 കോടിയിലധികം ആസ്തിയുണ്ട്.
ആന്ധ്രാപ്രദേശിൽ നിന്നുള്ള നാരായണ പൊങ്കുരു, നര ലോകേഷ്, തെലങ്കാനയിൽ നിന്നുള്ള ഗദ്ദാം വിവേകാനന്ദ്, പൊങ്കുലേട്ടി ശ്രീനിവാസ റെഡ്ഡി, കർണാടകയിൽ നിന്നുള്ള സുരേശ ബിഎസ്, മഹാരാഷ്ട്രയിൽ നിന്നുള്ള മംഗൾ പ്രഭാത് ലോധ, കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ എന്നിവരാണ് ആദ്യ പത്തിൽ ഇടം നേടിയ മറ്റ് സമ്പന്നരായ മന്ത്രിമാർ.
വെറും രണ്ട് ലക്ഷം മാത്രം ആസ്തി
മറുവശത്ത്, ചുരുക്കം ചില മന്ത്രിമാർ വളരെ മിതമായ സ്വത്ത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇൻഡിജെനസ് പീപ്പിൾസ് ഫ്രണ്ട് ഓഫ് ത്രിപുരയിലെ സുക്ല ചരൺ നോട്ടിയ വെറും 2 ലക്ഷം രൂപയുടെ ആസ്തി മാത്രമാണ് പ്രഖ്യാപിച്ചത്, അതേസമയം തൃണമൂൽ കോൺഗ്രസിലെ പശ്ചിമ ബംഗാൾ മന്ത്രി ബിർബഹ ഹൻസ്ഡ 3 ലക്ഷം രൂപയിൽ കൂടുതൽ ആസ്തി റിപ്പോർട്ട് ചെയ്തു.
2020 നും 2025 നും ഇടയിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ മുൻപാകെ സമർപ്പിച്ച രേഖകൾ പ്രകാരമാണിത്. ഇതിന് ശേഷം സമർപ്പിച്ച സത്യവാങ്മൂലങ്ങൾ പരിഗണിക്കുമ്പോൾ നില മാറിയിരിക്കാമെന്ന് എഡിആർ ചൂണ്ടിക്കാട്ടി.
അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ്-
1999-ൽ അഹമ്മദാബാദിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിലെ (ഐഐഎം) ഒരു കൂട്ടം പ്രൊഫസർമാരാണ് അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് (എഡിആർ) സ്ഥാപിച്ചത്. 1999-ൽ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ ക്രിമിനൽ, സാമ്പത്തിക, വിദ്യാഭ്യാസ പശ്ചാത്തലം വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് അവർ ഡൽഹി ഹൈക്കോടതിയിൽ പൊതുതാൽപ്പര്യ ഹർജി (പിഐഎൽ) ഫയൽ ചെയ്തു.
ഇതിന്റെ അടിസ്ഥാനത്തിൽ, 2002-ലും തുടർന്ന് 2003-ലും സുപ്രീം കോടതി തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന എല്ലാ സ്ഥാനാർത്ഥികളും തിരഞ്ഞെടുപ്പ് കമ്മീഷനിൽ സത്യവാങ്മൂലം സമർപ്പിച്ചുകൊണ്ട് തിരഞ്ഞെടുപ്പിന് മുമ്പ് ക്രിമിനൽ, സാമ്പത്തിക, വിദ്യാഭ്യാസ പശ്ചാത്തലം വെളിപ്പെടുത്തണമെന്ന് നിർബന്ധമാക്കി.
ഇപ്പോൾ നാഷണൽ ഇലക്ഷൻ വാച്ചുമായി സഹകരിച്ച് മിക്കവാറും എല്ലാ സംസ്ഥാന, പാർലമെന്റ് തിരഞ്ഞെടുപ്പുകളിലും എഡിആർ ഇലക്ഷൻ വാച്ച് നടത്തുന്നു.









0 comments