അയോധ്യയിലെ പ്രസാദം നൽകാമെന്നു പറഞ്ഞ് 4 കോടിയുടെ ഓൺലൈൻ തട്ടിപ്പ്

ലഖ്‌നൗ : അയോധ്യ രാമക്ഷേത്ര പ്രസാദവിതരണത്തിന്റെ പേരിൽ നാലുകോടിയോളം രൂപയുടെ ഓൺലൈൻ തട്ടിപ്പ് നടത്തിയ പ്രതിയെ പൊലീസ് അറസ്റ്റുചെയ്‌തു. വിദേശത്ത് താമസമാക്കിയ ഗാസിയാബാദ് സ്വദേശി ആശിഷ് സിങ്ങാണ് പിടിയിലായത്. ക്ഷേത്രത്തിലെ പ്രസാദം വീട്ടിലെത്തിക്കാമെന്ന് വിശ്വസിപ്പിച്ച് പ്രവാസികളടക്കം ആറുലക്ഷത്തിലധികം പേരിൽ നിന്നാണ് ഇയാൾ പണം തട്ടിയത്.
ക്ഷേത്രം ഉദ്‌ഘാടനം ചെയ്യുന്നതിന് മാസങ്ങൾക്ക് മുമ്പാണ് തട്ടിപ്പ് തുടങ്ങിയത്. ഇതിനായി ഇയാൾ ക്ഷേത്രത്തിന്റെ പേരിൽ വ്യാജ വെബ്സൈറ്റ് സജ്ജമാക്കി. പ്രസാദം, രാമക്ഷേത്രത്തിന്റെ മാതൃക, സ്വർണ്ണ നാണയം എന്നിവ വിതരണം ചെയ്യുമെന്നായിരുന്നു വാഗ്ദാനം. 10.49 കോടി ഇയാൾ പലരിൽ നിന്നും വാങ്ങി. ഓൺലൈൻ വഴി മാത്രം 3.85 കോടിയാണ് പ്രസാദവിതരണത്തിന്റെ പേരിൽ തട്ടിയത്. 2.15 കോടി രൂപ പൊലീസിന് വീണ്ടെടുക്കാനായി.
തട്ടിപ്പുമായി ബന്ധപ്പെട്ട് നിരവധി പേർ പൊലീസിൽ പരാതി നൽകി. ജനുവരി 17 നാണ് ഇക്കാര്യം പുറത്തുവന്നതെന്ന് അയോധ്യ പൊലീസ് മേധാവി ഗൗരവ് ഗ്രോവർ പറഞ്ഞു. ഇന്ത്യയിലേക്ക് മടങ്ങിയെത്തിയപ്പോഴാണ് ആശിഷ് പിടിയിലായത്. രണ്ട് ലാപ്‌ടോപ്പുകൾ, രണ്ട് ഐഫോണുകൾ, അഞ്ച് ഡെബിറ്റ് കാർഡുകൾ, ഡ്രൈവിംഗ് ലൈസൻസ്, പണം എന്നിവ പൊലീസ് കണ്ടെടുത്തു. പണം സ്വീകരിക്കാൻ ആശിഷ് വിവിധ പേയ്‌മെന്റ് ഗേറ്റ്‌വേകൾ ഉപയോഗിച്ചതായി പൊലീസ് പറഞ്ഞു.









0 comments