മാലേഗാവ് സ്ഫോടനം: കുറ്റവിമുക്തരാക്കപ്പെട്ട ഏഴു പേർക്കും എൻഐഎയ്ക്കും ബോംബെ ഹൈക്കോടതിയുടെ നോട്ടീസ്

bombay court pragya singh
വെബ് ഡെസ്ക്

Published on Sep 18, 2025, 01:42 PM | 2 min read

മുംബൈ : 2008 ലെ മാലേഗാവ് സ്‌ഫോടന കേസിൽ കുറ്റവിമുക്തരാക്കപ്പെട്ട ഏഴ് പേർക്കും ദേശീയ അന്വേഷണ ഏജൻസിക്കും നോട്ടീസ് അയച്ച് ബോംബെ ഹൈക്കോടതി. സ്ഫോടന ഇരകളുടെ കുടുംബാംഗങ്ങൾ സമർപ്പിച്ച അപ്പീലിലാണ് ബോംബെ ഹൈക്കോടതി വ്യാഴാഴ്ച നോട്ടീസയച്ചത്. ചീഫ് ജസ്റ്റിസ് ശ്രീ ചന്ദ്രശേഖർ, ജസ്റ്റിസ് ഗൗതം അൻഖാദ് എന്നിവരടങ്ങിയ ബെഞ്ചാണ് എൻ‌ഐ‌എ, മഹാരാഷ്ട്ര സർക്കാർ എന്നിവർ‌ക്ക് നോട്ടീസ് അയച്ചത്. അപ്പീൽ ആറ് ആഴ്ചയ്ക്ക് ശേഷം വാദം കേൾക്കുന്നതിനായി മാറ്റുകയും ചെയ്തു. സ്ഫോടനത്തിൽ ജീവൻ നഷ്ടപ്പെട്ട ആറ് പേരുടെയും കുടുംബാംഗങ്ങൾ പ്രതികളെ കുറ്റവിമുക്തരാക്കിയ വിധിക്കെതിരെ സമർപ്പിച്ച അപ്പീൽ പരിഗണിക്കുകയായിരുന്നു ഹൈക്കോടതി.


ബിജെപി മുൻ എംപി പ്രജ്ഞാ സിംഗ് താക്കൂർ, ലഫ്റ്റനന്റ് കേണൽ പ്രസാദ് പുരോഹിത് എന്നിവരുൾപ്പെടെ കേസിലെ ഹിന്ദുത്വതീവ്രവാദികളായ എല്ലാ പ്രതികളെയും എൻഐഎ പ്രത്യേക കോടതിയാണ് വെറുതെവിട്ടത്. അന്വേഷണത്തിലെ പിഴവുകൾ പ്രതികളെ കുറ്റവിമുക്തരാക്കുന്നതിന് കാരണമാകില്ലെന്ന് ഹർജിക്കാർ വാദിച്ചു. സ്ഫോടനത്തിന്റെ ഗൂഢാലോചന രഹസ്യമായി നടന്നതാണെന്നും അതിനാൽ അതിന് നേരിട്ടുള്ള തെളിവുകൾ ഇല്ലെന്നും വാദിച്ചു. ജൂലൈ 31 ന് ഏഴ് പ്രതികളെയും കുറ്റവിമുക്തരാക്കി പ്രത്യേക എൻ‌ഐ‌എ കോടതി പുറപ്പെടുവിച്ച ഉത്തരവ് തെറ്റാണെന്നും നിയമവിരുദ്ധമാണെന്നും അതിനാൽ റദ്ദാക്കാൻ അർഹതയുണ്ടെന്നും ഹർജിക്കാർ വാദിച്ചു.


2008 സപ്‌തംബർ 29ന്‌ റംസാൻ മാസത്തിൽ മഹാരാഷ്‌ട്രയിലെ നാസിക് ജില്ലയിലെ മാലേ​ഗാവിൽ മസ്‍ജിദിനുമുന്നിൽ ബൈക്കിൽ സ്ഥാപിച്ച ബോംബ്‌ പൊട്ടിത്തെറിച്ച് ആറുപേരാണ് കൊല്ലപ്പെട്ടത്. നൂറിലേറേ പേർക്ക് പരിക്കേറ്റു. ബെെക്ക് പ്രഗ്യയുടേത് ആയിരുന്നെന്ന് തീവ്രവാദ വിരുദ്ധ സ്ക്വാഡ് കണ്ടെത്തിയിരുന്നു. പുരോഹിതിന്റെ നേതൃത്വത്തിലുള്ള ഹിന്ദുതീവ്രവാദ സംഘടനയായ അഭിനവ് ഭാരതാണ് സ്‌ഫോടനത്തിന് പിന്നിലെന്നാണ് കേസ്. മഹാരാഷ്‌ട്ര എടിഎസ് അന്വേഷിച്ച കേസ് പിന്നീട് എൻഐഎ ഏറ്റെടുത്തു. എടിഎസ്‌ കുറ്റപത്രത്തിൽ പ്ര​ഗ്യാസിങിനെതിരെ സ്ഥാപിച്ച ഗൂഢാലോചനയടക്കമുള്ള കുറ്റങ്ങൾ ഒഴിവാക്കിയാണ്‌ എൻഐഎ കുറ്റപത്രം നൽകിയത്‌.


ഗൂഢാലോചന തെളിയിക്കുന്നതിൽ നിർണായകമായ സാക്ഷികൾ ഉൾപ്പെടെ 37പേർ കൂറുമാറി. കോടതിയിൽ മൊഴി നൽകും മുമ്പേ മുപ്പതോളം സാക്ഷികൾ മരിച്ചു. സൈനിക ഉദ്യോ​ഗസ്ഥരടക്കം നിരവധി സാക്ഷികൾ ​ കോടതിയിൽ മൊഴിമാറ്റിയെങ്കിലും ഇവർക്കെതിരെ കള്ളസാക്ഷി പറ‍‌ഞ്ഞതിന് പ്രോസിക്യൂഷൻ നടപടിയെടുത്തില്ല. തുടക്കത്തിൽ കേസ് അന്വേഷിച്ച് പ്ര​ഗ്യാസിങ്‌ അടക്കമുള്ളവരെ അറസ്റ്റുചെയ്‌ത എടിഎസ് തലവൻ ഹേമന്ത് കർക്കറെ 2008 നവംബറിൽ മുംബൈ ഭീകരാക്രമണത്തിനിടെ ദുരൂഹമായി കൊല്ലപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

Home