മൂന്ന് മാസത്തിനിടെ 200 പേർ ലൈംഗികമായി പീഡിപ്പിച്ചു; പെൺകുട്ടിയെ സെക്സ് റാക്കറ്റിൽ നിന്ന് മോചിപ്പിച്ചു

മുംബൈ: മുംബൈയിൽ പന്ത്രണ്ടുകാരിയെ കൂട്ട ബലാത്സംഗത്തിനിരയാക്കി. മൂന്ന് മാസത്തിനുള്ളിൽ 200ലധികം പുരുഷന്മാർ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പെൺകുട്ടി പറയുന്നത്. മുംബൈയിലെ വസായിൽ മനുഷ്യക്കടത്ത്, സെക്സ് റാക്കറ്റിൽ നിന്നാണ് പെൺകുട്ടിയെ മോചിപ്പിച്ചത്. പെൺകുട്ടി ബംഗ്ലാദേശ് സ്വദേശിയാണെന്നാണ് വിവരം. കേസിൽ ഇതുവരെ ഒമ്പത് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സെക്സ് റാക്കറ്റിന് പിന്നിലെ മുഖ്യസൂത്രധാരൻ ഇപ്പോഴും ഒളിവിലാണ്. മുംബൈ, ഗുജറാത്ത്, കൊൽക്കത്ത തുടങ്ങിയ ഇന്ത്യൻ നഗരങ്ങലിലും അയൽ രാജ്യമായ ബംഗ്ലാദേശിൽ വരെ ഈ ശൃംഖല വ്യാപിച്ചിട്ടുണ്ടെന്ന് അന്വേഷണത്തിൽ നിന്നും വ്യക്തമായി.
വസായിലെ നൈഗാവിൽ അടുത്തിടെ മനുഷ്യക്കടത്ത് സെക്സ് റാക്കറ്റിൽ നിന്നാണ് പെൺകുട്ടിയെ രക്ഷപ്പെടുത്തിയത്. പിന്നീട് പുറത്തുവന്നത് മനുഷ്യക്കടത്തിന്റെ ക്രൂരമായ യാഥാർത്ഥ്യങ്ങളാണ്. മൂന്ന് മാസത്തിനുള്ളിൽ നിരവധി പേര്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ചതായി പെൺകുട്ടി പറഞ്ഞു. എക്സോഡസ് റോഡ് ഇന്ത്യ ഫൗണ്ടേഷനും ഹാർമണി ഫൗണ്ടേഷനും ചേർന്ന് മീര-ഭയന്ദർ വസായ്-വിരാർ (എംബിവിവി) പോലീസിന്റെ മനുഷ്യക്കടത്ത് വിരുദ്ധ യൂണിറ്റിന്റെ സഹായത്തോടെ ജൂലൈ 26 ന് പെൺകുട്ടിയെ മോചിപ്പിച്ചു. കുട്ടിയെ ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിൽ പാർപ്പിച്ചിരിക്കുകയാണ്.
"സ്‌കൂൾ തലത്തിലെ ഒരു പരീക്ഷയിൽ പെൺകുട്ടി പരാജയപ്പെട്ടതിനെ തുടർന്ന് വീട്ടിൽ നിന്ന് ഓടിപ്പോയതാണ്. പിന്നീട് പരിചയക്കാരിയായ ഒരു സ്ത്രീ അവളെ നിയമവിരുദ്ധമായി ഇന്ത്യയിലേക്ക് കടക്കാൻ നിർബന്ധിച്ചു. പിന്നാലെയാണ് സെക്സ് റാക്കറ്റിന്റെ പിടിയിലായത്. പെൺകുട്ടിയെ ആദ്യം ഗുജറാത്തിലെ നാദിയാദിലേക്ക് കൊണ്ടുപോയി. മൂന്ന് മാസത്തിനുള്ളിൽ 200-ലധികം പുരുഷന്മാർ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പെൺകുട്ടി പറഞ്ഞത്"- ഹാർമണി ഫൗണ്ടേഷന്റെ സ്ഥാപകനും ചെയർമാനുമായ എബ്രഹാം മത്തായി പറഞ്ഞു. മുഴുവൻ ശൃംഖലയും പുറത്തുകൊണ്ടുവരാൻ അന്വേഷണം ഊർജിതമാക്കിയതായി പോലീസ് കമീഷണർ നികേത് കൗശിക് പറഞ്ഞു.









0 comments