പതിനേഴുകാരനെ തട്ടിക്കൊണ്ടുപോയ സംഭവം; തമിഴ്നാട്ടിൽ എഡിജിപിക്ക് സസ്പെൻഷൻ

എച്ച് എം ജയറാം
ചെന്നൈ: തമിഴ്നാട്ടിൽ പതിനേഴുകാരനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ അറസ്റ്റിലായ എഡിജിപിക്ക് സസ്പെൻഷൻ. തമിഴ്‌നാട് എഡിജിപി എച്ച് എം ജയറാമിനെയാണ് തമിഴ്‌നാട് സർക്കാർ സസ്‌പെൻഡ് ചെയ്തത്. തിരുവള്ളൂർ ജില്ലയിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ ജയറാമിനെ കസ്റ്റഡിയിലെടുത്തിരുന്നു. മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവിനെ തുടർന്നാണ് നടപടി.
തമിഴ്‌നാട് സർക്കാരിന്റെ ആഭ്യന്തര വകുപ്പാണ് സസ്‌പെൻഷൻ ഉത്തരവ് പുറപ്പെടുവിച്ചത്. തിങ്കളാഴ്ച ഹൈക്കോടതി പരിസരത്ത് നിന്ന് പുറത്തിറങ്ങിയപ്പോൾ തിരുവള്ളൂർ ജില്ലാ പൊലീസ് ഉദ്യോഗസ്ഥരാണ് ജയറാമിനെ കസ്റ്റഡിയിലെടുത്തത്. പ്രണയ വിവാഹത്തെച്ചൊല്ലിയുള്ള തർക്കത്തിൽ കൗമാരക്കാരനായ ആൺകുട്ടിയെ തട്ടിക്കൊണ്ടുപോകാൻ പിന്തുണച്ചെന്നും അതിനായി തന്റെ ഔദ്യോഗിക കാർ നൽകിയെന്നുമുള്ള കുറ്റമാണ് ജയറാമിനെതിരെ ചുമത്തിയിരിക്കുന്നത്.
കസ്റ്റഡിയിലെടുത്ത ജയറാമിനെ തിരുവലങ്ങാട് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. അന്വേഷണ ഉദ്യോഗസ്ഥൻ ഏകദേശം ആറ് മണിക്കൂറോളം ചോദ്യം ചെയ്തു. മൊഴി രേഖപ്പെടുത്തിയ ശേഷം തിരുത്താണി ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് (ഡിഎസ്പി) ഓഫീസിലേക്ക് മാറ്റി. ജയറാമിനെ തിരുത്താണിയിലെ ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കുമെന്നാണ് വിവരം.
മദ്രാസ് ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ചൊവ്വാഴ്ച ജയറാം സുപ്രീം കോടതിയെ സമീപിച്ചു. അതേസമയം, മദ്രാസ് ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരം കിൽവൈത്തിനകുപ്പം എംഎൽഎയും പുരട്ചി ഭാരതം പാർടി നേതാവുമായ 'പൂവൈ' എം ജഗൻ മൂർത്തി ചൊവ്വാഴ്ച രാവിലെ തിരുവാലങ്ങാട്ടുള്ള അന്വേഷണ ഉദ്യോഗസ്ഥന്റെ മുമ്പാകെ ചോദ്യംചെയ്യലിന് ഹാജരായി.









0 comments