ഭരണഘടന കത്തിച്ചത് ആർഎസ്‌എസ്‌ ; രാജ്യസഭയിൽ ചർച്ചയാക്കി പ്രതിപക്ഷം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 17, 2024, 02:54 AM | 0 min read


ന്യൂഡൽഹി
ഇന്ത്യൻ ഭരണഘടനയെ എക്കാലവും എതിർത്തവരാണ്‌ ആർഎസ്‌എസും സംഘപരിവാരവുമെന്ന്‌ ഭരണഘടനയുടെ 75–-ാം വാർഷികം മുൻനിർത്തിയുള്ള രാജ്യസഭയിലെ പ്രത്യേക ചർച്ചയിൽ പ്രതിപക്ഷ പാർടികൾ. ദേശീയപതാകയെയും അശോകചക്രത്തെയുമെല്ലാം എതിർത്തവരാണ്‌ ആർഎസ്‌എസ്‌ നയിക്കുന്ന സംഘപരിവാറെന്നും സ്വാതന്ത്ര്യസമരത്തിൽ ബ്രിട്ടീഷുകാർക്കൊപ്പം നിലകൊണ്ടവരാണെന്നും പ്രതിപക്ഷാംഗങ്ങൾ പറഞ്ഞു.

ഇന്ത്യൻ ഭരണഘടന അംഗീകരിക്കപ്പെട്ട ഘട്ടത്തിൽ അത്‌ കത്തിച്ചവരാണ്‌ ആർഎസ്‌എസുകാരെന്ന്‌ പ്രതിപക്ഷ നേതാവ്‌ മല്ലികാർജുൻ ഖാർഗെ പറഞ്ഞു. ഡൽഹി രാംലീല മൈതാനിൽ നെഹ്‌റുവിന്റെയും അംബേദ്‌കറുടെയും മഹാത്മ ഗാന്ധിയുടെയും കോലം ആർഎസ്‌എസുകാർ കത്തിച്ചു. ഭരണഘടന മനുസ്‌മൃതിയെ ആധാരമാക്കിയല്ല എന്നതായിരുന്നു എതിർപ്പിന്‌ അടിസ്ഥാനം. സ്‌ത്രീകൾക്ക്‌ വോട്ടവകാശം നൽകിയതിനെയും എതിർത്തു. ആർഎസ്‌എസിന്റെ മുൻകാല നേതാക്കൾ ഭരണഘടനയെ എതിർത്തവരാണെന്ന്‌ ഭരണഘടനാനിർമാണസഭയിലെ ചർച്ചകളിൽനിന്ന്‌ തന്നെ വ്യക്തമാണ്‌–- ഖാർഗെ പറഞ്ഞു.

മതനിരപേക്ഷജനാധിപത്യ രാജ്യത്തിലെ പ്രധാനമന്ത്രി അമ്പലത്തിന്‌ തറക്കല്ലിടാൻ പോയതിലൂടെ ഭരണഘടനയുടെ അടിസ്ഥാനമൂല്യങ്ങളെയാണ്‌ പ്രഹരിച്ചതെന്ന്‌ സിപിഐ എം രാജ്യസഭാ നേതാവ്‌ ബികാഷ്‌ രഞ്‌ജൻ ഭട്ടാചാര്യ പറഞ്ഞു. 2014 മുതൽ ഭരണഘടനാതത്വങ്ങൾക്ക്‌ നേരെ ബോധപൂർവമായ ആക്രമണമാണുണ്ടാകുന്നത്‌. 1975ലെ അടിയന്തരാവസ്ഥയാണ്‌ മുമ്പുണ്ടായ ആക്രമണം. അടിയന്തരാവസ്ഥ അടിച്ചേൽപ്പിച്ച വ്യക്തിതന്നെ പിന്നീട്‌ തെറ്റ്‌ ഏറ്റുപറഞ്ഞു. സമൂഹത്തിൽ ഏറ്റവും താഴെത്തട്ടിലുള്ളവർക്ക്‌ വരെ നീതി ലഭ്യമാകുമ്പോഴാണ്‌ ഭരണഘടന ശരിയായ രീതിയിൽ നടപ്പാക്കപ്പെടുക. 1970ലെ ദേശസാൽക്കരണ നടപടി രാജ്യത്തെ ജനങ്ങൾക്ക്‌ സാമ്പത്തികസംരക്ഷണം നൽകുന്ന സുപ്രധാന ചുവടുവെയ്‌പ്പായിരുന്നു–- ബികാഷ്‌രഞ്‌ജൻ പറഞ്ഞു. കപിൽ സിബൽ, മനുഅഭിഷേക്‌ സിങ്‌വി, രൺദീപ്‌ സുർജെവാല, ഹർദീപ്‌ സിങ്‌ പുരി, വൈക്കോ തുടങ്ങിയവർ ആദ്യദിവസത്തെ ചർച്ചയിൽ പങ്കാളികളായി.
 



deshabhimani section

Related News

View More
0 comments
Sort by

Home