ഡ്രൈവിങ്ങിനിടെ ഉറക്കത്തോട് വാശി കാണിക്കരുത്; ജാ​ഗ്രതാ നിർദേശവുമായി കേരള പൊലീസ്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 15, 2024, 12:34 PM | 0 min read

തിരുവനന്തപുരം > രാത്രികാല വാഹനാപകടങ്ങളും മരണങ്ങളും തുടർക്കഥയാകുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്ക് ജാ​ഗ്രതാ നിർദേശവുമായി കേരള പൊലീസ്. വാഹനമോടിക്കുമ്പോൾ അതീവ ജാ​ഗ്രത പുലർത്തണമെന്നും ഉറക്കത്തോട് വാശികാണിക്കരുതെന്നും കേരള പൊലീസ് സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിൽ ആവശ്യപ്പെടുന്നു.   

വാഹനാപകടങ്ങളുടെ മൊത്തത്തിലുള്ള കണക്കെടുത്താൽ രാത്രികാലങ്ങളിൽ ഏകദേശം 15 ശതമാനം അപകടങ്ങളേ നടക്കുന്നുള്ളൂ എന്നാൽ വാഹനാപകടങ്ങളിൽ മരിക്കുന്നവരിൽ അറുപതുശതമാനവും രാത്രി അപകടങ്ങളിൽപ്പെട്ടവരാണ്. രാത്രിനടക്കുന്ന അപകടങ്ങളുടെ തീവ്രത കൂടുതലാണ് എന്നതാണ് ഇതിന് കാരണം. ഈ സമയത്ത് വാഹനങ്ങൾ ഫുൾ സ്പീഡിലായിരിക്കും. ‌വാഹനം നിർത്താനുള്ള ശ്രമം പോലും ഉണ്ടാവില്ല.

ഉറക്കം വരുമ്പോൾ അതിനെ മറികടന്ന് ഡ്രൈവ് ചെയ്യാൻ ശ്രമിക്കുന്നതാണ് പുലർകാലത്തെ അപകടങ്ങൾക്ക് പ്രധാന കാരണം. പലപ്പോഴും  അറിയാതെയാണ് ഡ്രൈവർ ഉറക്കത്തിലേയ്ക്ക് വീണുപോകുന്നത്. ഡ്രൈവിങ്ങിനിടെ ഉറക്കം കണ്ണിലെത്തുന്ന ഒരു നിമിഷാർദ്ധം മതി എല്ലാം അവസാനിക്കാൻ. എല്ലാ മനുഷ്യരിലും ഒരു ബയോളജിക്കൽ ക്ലോക്ക് പ്രവർത്തിക്കുന്നുണ്ട്. ദിവസവും ഉറങ്ങുന്ന സമയമാകുമ്പോൾ മനസ്സും ശരീരവും ആ പ്രവർത്തിയിലേയ്ക്ക് സ്വാഭാവികമായിത്തന്നെ വഴുതിവീഴും. ദിവസം മുഴുവൻ വിശ്രമമില്ലാതെ അധ്വാനിച്ച ശേഷം രാത്രി സ്റ്റിയറിങ്ങിന് പുറകിൽ ഇരിക്കുമ്പോൾ ഓർക്കുക, താൻ മാത്രമല്ല കൂടെ യാത്ര ചെയ്യുന്നവർക്കും ജീവനു ഭീഷണിയാകുന്ന പ്രവൃത്തിയാണ് അതെന്ന്.

രാത്രി മാത്രമല്ല പകലും ഉറക്കം മൂലമുണ്ടാവുന്ന അപകടം ഉണ്ടായേക്കാം. ഉറക്കത്തിന്റെ ആലസ്യമുണ്ടായാൽ വാഹനം ഒതുക്കി നിറുത്തി അര മണിക്കൂറെങ്കിലും ഉറങ്ങണമെന്നും അതിനുശേഷം നന്നായി മുഖം കഴുകി യാത്ര തുടരണമെന്നും കേരള പൊലീസിന്റെ ജാ​ഗ്രതാ നിർദേശത്തിൽ ആവശ്യപ്പെടുന്നു.
 



deshabhimani section

Related News

View More
0 comments
Sort by

Home