റിപ്പോ നിരക്കില്‍ മാറ്റമില്ല ; വായ്പ പലിശഭാരം തുടരും

കൊച്ചി
വിവിധ ആവശ്യങ്ങൾക്കായി വായ്പയെടുത്തവരെ വീണ്ടും നിരാശപ്പെടുത്തി അടിസ്ഥാന പലിശനിരക്കുകളിൽ മാറ്റമില്ലാതെ റിസർവ് ബാങ്ക് നടപ്പ് സാമ്പത്തികവർഷത്തെ അഞ്ചാമത്തെ പണനയം പ്രഖ്യാപിച്ചു. വാണിജ്യബാങ്കുകൾക്ക് റിസർവ് ബാങ്ക് നൽകുന്ന ഹ്രസ്വകാലവായ്പയുടെ പലിശനിരക്കായ റിപ്പോ 6.5 ശതമാനമായി തുടരുമെന്ന് ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു.
തുടർച്ചയായ പത്താംതവണയാണ് റിപ്പോ നിരക്ക് മാറ്റമില്ലാതെ നിലനിർത്തുന്നത്. കോവിഡ് പ്രതിസന്ധിക്കുശേഷം ഒമ്പതുമാസത്തിനുള്ളിൽ ആറുതവണയായി ആകെ 250 ബേസിസ് പോയിന്റാണ് (2.50 ശതമാനം) വർധിപ്പിച്ചത്. നാലുശതമാനമായിരുന്നത് ആറരശതമാനമാക്കിയതോടെ വായ്പകളെടുത്തവർ രണ്ടുവർഷത്തോളമായി അധിക പലിശഭാരം സഹിക്കുകയാണ്. ഉദാഹരണത്തിന്, 2022 ഏപ്രിലിൽ 6.9 ശതമാനം പലിശനിരക്കിൽ 20 വർഷ കാലാവധിയിൽ എടുത്ത 20 ലക്ഷം രൂപയുടെ ഭവനവായ്പയ്‌ക്ക് ഇഎംഐ 15,386 രൂപയായിരുന്നു. 2023 ഫെബ്രുവരിമുതല്‍ അത് 18,512 രൂപയായി വർധിച്ചു. ഇതനുസരിച്ച് 3126 രൂപയാണ് ഒരുമാസം അധികപലിശ നൽകുന്നത്. രണ്ടുവർഷത്തിനുള്ളിൽ 68,772 രൂപ അധികമായി നൽകേണ്ടിവരുന്നു.
രാജ്യത്തെ ഉയർന്ന പണപ്പെരുപ്പവും ഭക്ഷ്യോൽപ്പന്ന വിലയുമാണ് നിരക്ക് കുറയ്ക്കുന്നതിന് തടസ്സമെന്ന് റിസർവ് ബാങ്ക് പറയുന്നു. നിത്യോപയോഗസാധനങ്ങളുടെ വിലക്കയറ്റവും വിലക്കയറ്റത്തോതും കുറയ്ക്കാനെന്ന പേരിലാണ് ആറുതവണ നിരക്ക് വർധിപ്പിച്ചത്. അതേ ആവശ്യം പറഞ്ഞാണ് 22 മാസമായി നിരക്ക് കുറയ്ക്കാത്തതും. എന്നിട്ടും വിലക്കയറ്റം കുത്തനെ ഉയരുകയാണ്. ഒക്ടോബറിൽ ഉപഭോക്തൃവിലയെ അടിസ്ഥാനമാക്കിയുള്ള ചില്ലറ വിലക്കയറ്റനിരക്ക് (സിപിഐ) 14 മാസത്തെ ഏറ്റവും ഉയർന്ന നിരക്കായ 6.21 ശതമാനമായിരുന്നു. ഭക്ഷ്യോൽപ്പന്ന വിലക്കയറ്റം 10.87 ശതമാനമായി കുതിച്ചുയർന്നു. പച്ചക്കറി വിലക്കയറ്റനിരക്ക് 42.18 ശതമാനമായി വർധിച്ചു.
പലിശനിരക്ക് ഉയർത്തി നിർത്തുന്നതുകൊണ്ടുമാത്രം വിലക്കയറ്റം നിയന്ത്രിക്കാനാകില്ലെന്ന് ഇതിലൂടെ വ്യക്തമായി. ഉയർന്നുനിൽക്കുന്ന ഇന്ധനവില ഗതാഗതച്ചെലവ് ഗണ്യമായി വർധിപ്പിച്ചതും കേന്ദ്രസർക്കാർ വിപണിയിൽ ഫലപ്രദമായി ഇടപെടാത്തതുമാണ് രാജ്യത്ത് വിലക്കയറ്റം കുത്തനെ ഉയരുന്നതിനുള്ള പ്രധാന കാരണങ്ങൾ. ഇത് കണക്കിലെടുത്ത് പലിശനിരക്ക് കുറയ്ക്കണമെന്ന് ആവശ്യമുയര്‍ന്നെങ്കിലും റിസർവ് ബാങ്ക് മുഖവിലയ്‌ക്കെടുത്തില്ല. ബാങ്കിന്റെ ആറംഗ പണനയ സമിതിയിലെ (എംസിപി) രണ്ട് അംഗങ്ങളും ഇതാവശ്യപ്പെട്ടു. നടപ്പ് സാമ്പത്തികവർഷം ഉപഭോക്തൃവിലയെ അടിസ്ഥാനമാക്കിയുള്ള വിലക്കയറ്റം 4.5 ശതമാനമായിരിക്കുമെന്നാണ് കഴിഞ്ഞ പണനയത്തില്‍ പറഞ്ഞതെങ്കിലും ആ പരിധിയില്‍ നില്‍ക്കില്ല. 4.8 ശതമാനമായി ഉയരുമെന്നാണ് പുതിയ പണനയത്തിൽ പറയുന്നത്.
ജിഡിപി കുറയുമെന്ന് റിസർവ് ബാങ്ക്
രാജ്യത്തെ മൊത്ത ആഭ്യന്തരോൽപ്പാദന വളർച്ചനിരക്കിൽ (ജിഡിപി) നടപ്പ് സാമ്പത്തികവർഷം ഇടിവുണ്ടാകുമെന്ന് റിസർവ് ബാങ്ക്. ജിഡിപി വളർച്ച 7.2 ശതമാനമായിരിക്കുമെന്ന് ഒക്ടോബറിലെ പണനയത്തിൽ പറഞ്ഞിരുന്നു. വെള്ളിയാഴ്‌ച പുറത്തുവിട്ട പുതിയ നയത്തിൽ അത് 6.6 ശതമാനമായിരിക്കുമെന്നാണ് പറയുന്നത്. റിസർവ് ബാങ്കിന്റെ കണക്കുകൂട്ടൽ തെറ്റിച്ച് രണ്ടാംപാദത്തിലെ ജിഡിപി വളർച്ചനിരക്ക് 5.4 ശതമാനമായി കൂപ്പുകുത്തി. ഒന്നരവർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ വളർച്ചാനിരക്കാണിത്.
രാജ്യത്തെ വിലക്കയറ്റം നിയന്ത്രിച്ചില്ലെങ്കില്‍ സാധാരണക്കാരുടെ ജീവിതം ദുരിതത്തിലാകുമെന്ന് അഭിപ്രായപ്പെട്ട റിസര്‍വ് ബാങ്ക് ഗവര്‍ണര്‍, ഉയർന്ന വിലക്കയറ്റം ഉപഭോക്താക്കളുടെ വരുമാനത്തിലും ചെലവാക്കാനുള്ള പണത്തിലും കുറവുവരുത്തുന്നത് ആഭ്യന്തരോൽപ്പാദനത്തെ പ്രതികൂലമായി ബാധിക്കുമെന്നും വ്യക്തമാക്കി. വിലക്കയറ്റം കണക്കിലെടുത്ത് ബാങ്കുകള്‍ കര്‍ഷകര്‍ക്ക് ഈടില്ലാതെ നല്‍കുന്ന വായ്‌പയുടെ പരിധി 1.6 ലക്ഷത്തില്‍നിന്ന് രണ്ടുലക്ഷമായി ഉയര്‍ത്തുകയും ചെയ്‌തു. വിപണിയിലേക്കുള്ള പണലഭ്യത വര്‍ധിപ്പിക്കുന്നതിന് ബാങ്കുകളുടെ കരുതല്‍ ധനാനുപാതം (സിആര്‍ആര്‍) 4.5ല്‍നിന്ന് നാലുശതമാനമായി കുറച്ചു. ഇതിലൂടെ വായ്‌പ നല്‍കുന്നതിന് ബാങ്കുകളുടെ കൈയില്‍ 1.16 ലക്ഷം കോടി രൂപ അധികമായി എത്തും. പ്രവാസികള്‍ക്ക് വിദേശ കറന്‍സിയില്‍ ഇന്ത്യന്‍ ബാങ്കുകളില്‍ സ്ഥിരനിക്ഷേപം നടത്താവുന്ന ഫോറിന്‍ കറന്‍സി ബാങ്ക് അക്കൗണ്ടില്‍ (നോണ്‍ റസിഡന്റ്) നിക്ഷേപത്തിന് പലിശ വര്‍ധിക്കും. വാണിജ്യ ബാങ്കുകളില്‍നിന്നു മാത്രം ലഭ്യമായിരുന്ന യുപിഐ വഴിയുള്ള വായ്‌പ (യുപിഐ ക്രെഡിറ്റ് ലൈന്‍) ഇനി സ്‌മോള്‍ ഫിനാന്‍സ് ബാങ്കുകളില്‍നിന്നും ലഭ്യമാകുമെന്നും റിസർവ് ബാങ്ക് ഗവര്‍ണര്‍ പറഞ്ഞു.

ബിറ്റ്കോയിന്‍ വില കുറഞ്ഞു
ലോകത്തിൽ ഏറ്റവും കൂടുതൽ പ്രചാരമുള്ള ക്രിപ്റ്റോ കറൻസിയായ ബിറ്റ്കോയിന്റെ വില 97,757 ഡോളർ നിലവാരത്തിലേക്ക് താഴ്ന്നു. വ്യാഴാഴ്‌ച 1,04,493 ഡോളർ എന്ന റെക്കോഡ് ഉയരത്തിലായിരുന്നു. നിക്ഷേപകരുടെ ലാഭമെടുപ്പുമൂലമുള്ള താൽക്കാലിക താഴ്ചയാണ് ദൃശ്യമാകുന്നതെന്നും ഏതാനും ആഴ്ചകൾക്കുള്ളിൽ വില 1.2 ലക്ഷം ഡോളർ കടക്കുമെന്നുമാണ് ക്രിപ്റ്റോ വിപണി വിദഗ്ധർ പറയുന്നത്. ഡോണൾഡ് ട്രംപ് അമേരിക്കൻ പ്രസിഡന്റായശേഷമാണ് ബിറ്റ്കോയിൻ അതിവേഗമുന്നേറ്റം തുടങ്ങിയത്. ട്രംപിന്റെ വിജയത്തിനുശേഷം ഏകദേശം 45 ശതമാനമാണ് വില ഉയർന്നത്. എഥേറിയം (ഇടിഎച്ച്), സൊലാന (എസ്ഒഎൽ), പോൾക്കഡോട്ട്, എക്സ്ആർപി തുടങ്ങിയ മുൻനിര ക്രിപ്റ്റോ കറൻസികളെല്ലാം മുന്നേറ്റത്തിലാണ്.









0 comments