സംഭലിൽ വ്യാപക റെയ്‌ഡ്‌ ; നഷ്‌ടം പ്രതികളിൽനിന്ന്‌ 
ഈടാക്കുമെന്ന്‌ യുപി സർക്കാർ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 28, 2024, 01:20 AM | 0 min read


ന്യൂഡൽഹി
അഞ്ചു മുസ്ലിം യുവാക്കളെ വെടിവച്ചുകൊന്ന യുപിയിലെ സംഭലിൽ വ്യാപക റെയ്‌ഡുമായി  പൊലീസ്‌. അക്രമകാരികളെ പിടികൂടാനെന്ന പേരിലാണ്‌ ന്യൂനപക്ഷ കേന്ദ്രമായ ഇവിടെ വൻ റെയ്‌ഡുകൾ. രണ്ടുപേരെക്കൂടി അറസ്‌റ്റ്‌ ചെയ്‌തതോടെ ആകെ അറസ്‌റ്റിലായവരുടെ എണ്ണം 27 ആയി. സിസിടിവി ദൃശ്യങ്ങളിൽനിന്ന്‌ ഇതുവരെ 74 പേരെ തിരിച്ചറിഞ്ഞു. പ്രതികളുടെ ചിത്രമുള്ള പോസ്‌റ്ററുകൾ പതിക്കുമെന്നും നഗരത്തിലുണ്ടായ രണ്ടുകോടി രൂപയുടെ നഷ്‌ടം ഇവരിൽനിന്ന്‌ ഈടാക്കുമെന്നും ഡിവിഷണൽ കമീഷണർ ആഞ്ജനേയ കുമാർ സിങ്‌ പറഞ്ഞു.

മൊത്തം 12 എസ്‌എഫ്‌ഐആറുകൾ രജിസ്‌റ്റർ ചെയ്‌തിട്ടുണ്ട്‌.  കേസിൽ ഒന്നാം പ്രതിയാക്കിയത്‌  എസ്‌പി എംപി സിയ ഉർ റഹ്മാൻ ബാർഖിനെയാണ്‌.  കൊല്ലപ്പെട്ടവർക്ക്‌ നാടൻ തോക്കിൽനിന്നാണ്‌ വെടിയേറ്റതെന്ന്‌ ബുധനാഴ്‌ച ഡിവിഷണൽ കമീഷണർ സ്ഥിരീകരിച്ചു. കലാപമുണ്ടായ പ്രദേശത്തുനിന്ന്‌ ആളുകൾ കൂട്ടത്തോടെ പലായനം ചെയ്‌തു.  ഇന്റർനെറ്റ്‌ സേവനം സംഭൽ നഗരത്തിൽ പൂർണമായും വിച്ഛേദിച്ചിരിക്കുകയാണ്‌. വെള്ളിയാഴ്‌ച നിസ്‌കാരത്തിനായി പള്ളിയിലേയ്‌ക്ക്‌ ആരും എത്തരുതെന്ന്‌ ഇമാമും അഭ്യർഥിച്ചു.

അതിനിടെ സംഭലിലേക്ക്‌ പോകാൻ സമാജ്‌വാദി പാർടി രൂപം നൽകിയ പ്രതിനിധി സംഘത്തിലെ രണ്ടുനേതാക്കളെ പൊലീസ്‌ വീട്ടുതടങ്കലിലാക്കി. സംഭലിലേക്ക്‌ പോയ ഇ ടി മുഹമ്മദ്‌ ബഷീറിന്റെ നേതൃത്വത്തിലുള്ള മുസ്ലിംലീഗ്‌ എംപിമാരുടെ സംഘത്തെ ഹാപൂരിൽ പൊലീസ്‌ തടഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home