സംഭൽ വെടിവയ്‌പിൽ മരണം 5 ; സമാജ്‌വാദി എംപിക്കെതിരെ കേസെടുത്ത്‌ യുപി പൊലീസ്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 26, 2024, 01:28 AM | 0 min read



ന്യൂഡൽഹി
ഉത്തർപ്രദേശിലെ സംഭലിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള ഷാഹി ജുമാ മസ്‌ജിദിലെ സർവേയ്‌ക്കിടെയുണ്ടായ പൊലീസ്‌ വെടിവയ്‌പിൽ മരിച്ചവരുടെ എണ്ണം അഞ്ചായി. മൊഹമ്മദ്‌ കൈഫ്‌ (17), അയാൻ എന്നിവരുടെ മരണമാണ്‌  സ്ഥിരീകരിച്ചത്‌. ഞായറാഴ്‌ച മൂന്നുയുവാക്കൾ മരിച്ചു.  നഗരത്തിൽ ഇന്റർനെറ്റ്‌ സേവനങ്ങൾ റദ്ദാക്കി. പുറത്തുനിന്നുള്ളവർ 30 വരെ നഗരത്തിലേക്ക്‌ പ്രവേശിക്കുന്നത്‌ അധികൃതർ വിലക്കി.  എല്ലാവരും സമാധാനം പാലിക്കണമെന്ന്‌ മസ്‌ജിദ്‌ ഇമാം അഭ്യർഥിച്ചു.

അതിനിടെ, ജനങ്ങളെ ഇളക്കിവിട്ടെന്ന്‌ ആരോപിച്ച്‌ സമാജ്‌വാദി പാർടി എംപി സിയ ഉർ --റഹ്‌മാൻ ബാർഖ്, എസ്‌പി എംഎൽഎ ഇഖ്ബാൽ മെഹമൂദിന്റെ മകൻ സൊഹൈൽ ഇഖ്ബാൽ എന്നിവരെ പ്രതിയാക്കി  കേസെടുത്തു.  മുസ്ലിം വ്യക്തിനിയമ ബോർഡിന്റെ യോഗത്തിനായി താൻ ബംഗളൂരുവിൽ ആയിരുന്നെന്നും കേസ്‌ ബിജെപി സർക്കാരിന്റെ ഗൂഢാലോചനയാണെന്നും സിയ ഉർ --റഹ്‌മാൻ ബാർഖ്  പറഞ്ഞു.

സംഘർഷം ബിജെപി സർക്കാരിന്റെ സൃഷ്‌ടിയാണെന്ന്‌ എസ്‌പി അധ്യക്ഷൻ അഖിലേഷ്‌ യാദവ്‌ പറഞ്ഞു. അഖിലേഷിന്റെ നേതൃത്വത്തിൽ എംപിമാർ ലോക്‌സഭ സ്‌പീക്കർ ഓം ബിർളയെ സന്ദർശിച്ച്‌ വിഷയം ഉന്നയിച്ചു. എതിർ ഭാഗത്തെ കേൾക്കാതെയാണ്‌ കോടതി സർവേ ഉത്തരവ്‌ നൽകിയത്‌. മസ്‌ജിദ്‌ കമ്മിറ്റി സർവേയോട്‌ സഹകരിച്ചു. പൊലീസാണ്‌  പ്രകോപനമുണ്ടാക്കിയത്‌– -അഖിലേഷ്‌ പറഞ്ഞു. 

ശ്രീ ഹരിഹർ ക്ഷേത്രം തകർത്ത്‌ മുഗൾ ചക്രവർത്തി ബാബർ എഡി 1527-–-28-ൽ നിർമിച്ചതാണ്‌  മസ്ജിദ്‌ എന്ന് കാണിച്ച്‌  സംഘപരിവാർ നേതാക്കൾ നൽകിയ ഹർജിയിലാണ്‌  കോടതി അതിവേഗം സർവേയ്‌ക്ക്‌ ഉത്തരവിട്ടത്‌.



deshabhimani section

Related News

View More
0 comments
Sort by

Home