സോഷ്യലിസമെന്നാൽ തുല്യഅവസരം ഉറപ്പാക്കല്‍ : സുപ്രീംകോടതി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 23, 2024, 02:57 AM | 0 min read


ന്യൂഡൽഹി
ഇന്ത്യയിൽ സോഷ്യലിസമെന്നാൽ എല്ലാവർക്കും തുല്യതയുള്ള ക്ഷേമരാഷ്ട്രമെന്നാണ്‌ അർഥമെന്ന്‌ സുപ്രീംകോടതി. അതുകൊണ്ട്‌, ഇവിടെ സ്വകാര്യമേഖല അഭിവൃദ്ധിപ്പെടാതിരുന്നിട്ടില്ല. നമ്മൾ എല്ലാവരും സ്വകാര്യമേഖലയുടെ ഗുണഫലങ്ങളും അനുഭവിച്ചിട്ടുണ്ട്‌. ഭരണഘടനയിലെ പല അനുച്ഛേദങ്ങളിലും സോഷ്യലിസത്തിന്റെ ആശയങ്ങളുണ്ടെന്നും ചീഫ്‌ ജസ്റ്റിസ്‌ സഞ്‌ജീവ്‌ ഖന്ന അധ്യക്ഷനായ ബെഞ്ച്‌ നിരീക്ഷിച്ചു.

ഭരണഘടനയുടെ ആമുഖത്തിൽ ‘സോഷ്യലിസ്റ്റ്‌’, ‘സെക്കുലർ’ പദങ്ങൾ മുൻകാല പ്രാബല്യത്തോടെ ഉൾപ്പെടുത്തിയ 1976ലെ ഭേദഗതിയുടെ നിയമസാധുത ചോദ്യംചെയ്‌ത്‌ സുബ്രഹ്മണ്യൻ സ്വാമി ഉൾപ്പടെയുള്ള ബിജെപി നേതാക്കളാണ്‌  ഹർജികൾ നൽകിയത്‌. 

ഭരണഘടനയുടെ ആമുഖം ചരിത്രരേഖയാണെന്നും അതിൽ മാറ്റംവരുത്താൻ പാടില്ലെന്നും ഹർജിക്കാരിൽ ഒരാളായ അശ്വിനി ഉപാധ്യായ വാദിച്ചു.  സോഷ്യലിസവും മതനിരപേക്ഷതയും ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാനഘടനയുടെ ഭാഗമാണെന്ന്‌ ചീഫ്‌ ജസ്റ്റിസ്‌ പ്രതികരിച്ചു. ആമുഖത്തിൽ ഭേദഗതി പാടില്ലെന്ന വാദവും തള്ളി. ഭേദഗതിയിലൂടെ ഭരണഘടനയിൽ മാറ്റങ്ങൾ കൊണ്ടുവരാമെങ്കിൽ ആമുഖത്തിൽ മാറ്റങ്ങൾ വരുത്തുന്നതിൽ തെറ്റില്ല. പൗരരുടെ ക്ഷേമവും അവകാശങ്ങളും സംരക്ഷിക്കാനും നിലനിർത്താനും ആവശ്യമായ മാറ്റങ്ങൾ കൊണ്ടുവരാനുള്ള സ്ഥലം അവശേഷിപ്പിച്ചാണ്‌ ഭരണഘടന നിലവിൽ വന്നിട്ടുള്ളതെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. കേസ്‌ വിശാലബെഞ്ചിന്റെ പരിഗണനയ്‌ക്ക്‌ വിടണമെന്ന ആവശ്യവും തള്ളി. കേസ്‌ തിങ്കളാഴ്‌ചത്തേക്ക്‌ മാറ്റി.



deshabhimani section

Related News

View More
0 comments
Sort by

Home