ജാർഖണ്ഡ്‌ നിയമസഭാ തെരഞ്ഞെടുപ്പ്: വർഗീയപ്രചാരണവുമായി വീണ്ടും ബിജെപി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 17, 2024, 05:53 PM | 0 min read

ബൊക്കാറോ > ജാർഖണ്ഡിൽ തീവ്രവർഗീയ ധ്രുവീകരണം ലക്ഷ്യമിട്ട്‌ ബിജെപി വീണ്ടും രംഗത്ത്‌. ബിജെപി അധ്യക്ഷൻ ജെപി നദ്ദയാണ്‌ ഇത്തവണ വിദ്വേഷ പരാമർശവുമായി വന്നിരിക്കുന്നത്‌.  ജാർഖണ്ഡിലെ ജെഎംഎം നേതൃത്വത്തിലുള്ള സഖ്യസർക്കാർ ബംഗ്ലാദേശ് നുഴഞ്ഞുകയറ്റക്കാർക്ക് സംസ്ഥാനത്തെ മദ്രസകളിൽ അഭയം നൽകുകയും അവർക്ക് ആധാർ, വോട്ടർ ഐഡി കാർഡ്, ഗ്യാസ് കണക്ഷൻ, റേഷൻ കാർഡ്, ഭൂമി എന്നിവ ഉറപ്പാക്കുകയും ചെയ്യുന്നുവെന്നാണ്‌  നദ്ദയുടെ പരാമർശം.

"എനിക്ക് ഇപ്പോൾ ഒരു ഇന്റലിജൻസ് റിപ്പോർട്ട് ലഭിച്ചു. ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാർക്ക് ഇവിടെ മദ്രസകളിൽ അഭയം നൽകുന്നുണ്ടെന്ന് അതിൽ പറയുന്നു. അവർക്ക്‌ ആധാർ, വോട്ടർ ഐഡി, ഗ്യാസ് കണക്ഷൻ, റേഷൻ കാർഡ് എന്നിവ ലഭ്യമാക്കുന്നു. തുടർന്ന് ഹേമന്ത് സോറൻ സർക്കാർ അവർക്ക് ഭൂമി ഉറപ്പാക്കുന്നു.   ഇവിടെ നുഴഞ്ഞുകയറ്റം വ്യാപകമാണ്. നുഴഞ്ഞുകയറ്റക്കാർ ആദിവാസി സ്ത്രീകളെ വിവാഹം കഴിക്കുന്നു. അവരുടെ സന്തതികളെ ഭൂമിയിൽ നിന്ന് വിലക്കുന്നുവെന്ന് ഉറപ്പാക്കാൻ ഞങ്ങൾ നിയമം കൊണ്ടുവരും" എന്ന്‌ ബൊക്കാറോ ജില്ലയിലെ ഗോമിയയിൽ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യവെ നദ്ദ പറഞ്ഞു.

ജെഎംഎം ഭരണം തുടർന്നാൽ ജാർഖണ്ഡ്‌ ‘മിനി ബംഗ്ലാദേശ്‌’ ആയി മാറുമെന്നും  ബംഗ്ലാദേശിൽനിന്നുള്ള നുഴഞ്ഞുകയറ്റം തടയുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടെന്ന രീതിയിൽ വർഗീയ പ്രചരണവുമായി ബിജെപി  തെരഞ്ഞെടുപ്പ്‌ ചുമതലയുള്ള അസം മുഖ്യമന്ത്രി ഹിമന്ത ബിസ്വ സർമ കഴിഞ്ഞ മാസം രംഗത്തെത്തിയിരുന്നു.

ബിജെപി അധികാരത്തിലെത്തിയാൽ ജാർഖണ്ഡിൽ ദേശീയ പൗരത്വ രജിസ്റ്റർ നടപ്പാക്കുമെന്നും നുഴഞ്ഞുകയറ്റക്കാർ ആദിവാസി സ്‌ത്രീകളെ വിവാഹം ചെയ്‌താൽ അവരുടെ കുട്ടികൾക്ക്‌ പട്ടികവർഗ പദവി ലഭിക്കില്ലെന്നും ഹിമന്ത മാധ്യമങ്ങളോട്‌ പറഞ്ഞിരുന്നു.












 



deshabhimani section

Related News

View More
0 comments
Sort by

Home