പരിവാഹൻ വെബ്‌സൈറ്റിന്റെ പേരിലും ഓൺലൈൻ തട്ടിപ്പ്‌ ; പണം തട്ടുന്നത്‌ വാട്‌സാപ് സന്ദേശം 
വഴി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 13, 2024, 12:39 AM | 0 min read

 

കണ്ണൂർ
മോട്ടോർ വാഹന വകുപ്പിന്റെ പരിവാഹൻ വെബ്‌സൈറ്റിന്റെ പേരിലും ഓൺലൈൻ തട്ടിപ്പ്‌. ഗതാഗത നിയമലംഘനം നടത്തിയെന്ന്‌ കാണിച്ച്‌ മൊബൈൽ ഫോണിലേക്ക്‌ അയക്കുന്ന വാട്‌സാപ്പ്‌ സന്ദേശം വഴിയാണ്‌ പണം തട്ടുന്നത്‌.

നിങ്ങളുടെ വാഹനം നിയമലംഘനം നടത്തിയിട്ടുണ്ടെന്നാണ്‌ വാട്‌സാപ്‌ സന്ദേശം ലഭിക്കുക.   അമിതവേഗം, സീറ്റ്‌ ബെൽറ്റ്‌, ഹെൽമെറ്റ്‌ എന്നിവ ധരിക്കാത്തത്‌ തുടങ്ങിയവയിലേതെങ്കിലുമാണ്‌   കാരണമായി പറയുന്നത്‌. മോട്ടോർ വാഹന വകുപ്പ്‌ അയക്കുന്ന സന്ദേശത്തിന്റെ അതേ മാതൃകയിലാണ്‌ സന്ദേശം ലഭിക്കുക. നിയമലംഘനം നടത്തിയ തീയതി, വാഹന നമ്പർ,  പിഴസംഖ്യ, ചെലാൻ നമ്പർ എന്നിവയുണ്ടാകും. കൂടുതൽ അറിയാൻ ലിങ്ക്‌ ക്ലിക്ക്‌ ചെയ്യാനുള്ള നിർദേശം സന്ദേശത്തിന്റെ അവസാന ഭാഗത്തുണ്ടാകും. ലിങ്ക്‌ ക്ലിക്ക്‌ ചെയ്യുമ്പോൾ അത്‌ മൊബൈലിലേക്ക്‌ ഡൗൺലോഡാവും.  രണ്ട്‌ തവണ ഒ കെ എന്ന്‌ ക്ലിക്ക്‌ ചെയ്യാൻ ആവശ്യപ്പെടും. ഇത്‌ അമർത്തുന്നതോടെ  മൊബൈൽ നമ്പർ ഉപയോഗിക്കാനുള്ള അനുമതി തട്ടിപ്പുകാർക്ക്‌ ലഭിക്കും. വിദൂരത്തുനിന്ന്‌ നമ്മുടെ മൊബൈൽ ഉപയോഗിക്കാനുള്ള റിമോട്ട്‌ ആക്‌സസ്‌ സോഫ്‌റ്റ് വെയറിലൂടെയാണ്‌  പണം തട്ടുന്നത്‌. ഇതുവഴി നമ്മുടെ ഒടിപികൾ ഉപയോഗിച്ച്‌ അക്കൗണ്ടുകളിൽനിന്ന്‌ പണം പിൻവലിക്കും. പരിവാഹൻ സൈറ്റിന്റെ പേരിലുള്ള തട്ടിപ്പുമായി ബന്ധപ്പെട്ട്‌ നിരവധി പരാതികളാണ്‌ മോട്ടോർ വാഹനവകുപ്പിനും പൊലീസിനും   ലഭിക്കുന്നത്‌.  വാഹന ഉടമകൾ കുടുങ്ങാൻ സാധ്യതയുള്ള ഒരു കെണിയാണിത്‌. എഐ കാമറ വഴി നിയമലംഘനം നടത്തിയെന്ന  സന്ദേശം ഭൂരിഭാഗം പേരും വിശ്വസിക്കും. പരിവാഹൻ സൈറ്റ്‌ വഴി ടെക്‌സ്‌റ്റ്‌ സന്ദേശം മാത്രമാണ്‌ അയക്കുക.  വാട്‌സാപ്പ്‌ വഴിയുള്ള വ്യാജ സന്ദേശം ജാഗ്രതയോടെ കൈകാര്യം ചെയ്യണമെന്ന്‌ മോട്ടോർ വാഹന വകുപ്പ്‌ മുന്നറിയിപ്പ്‌ നൽകി.  

കെഎസ്‌ഇബി ബിൽ അടയ്‌ക്കണമെന്നാവശ്യപ്പെട്ടുള്ള വാട്‌സാപ്‌ സന്ദേശം വഴി പണം തട്ടാനുള്ള ശ്രമങ്ങൾ റിപ്പോർട്ട്‌ ചെയ്യപ്പെട്ടിട്ടുണ്ട്‌. ബിൽ അടച്ചവർക്കും ഇത്തരം സന്ദേശം വന്നപ്പോഴാണ്‌ തട്ടിപ്പ്‌ പുറത്തറിഞ്ഞത്‌.  അനാവശ്യമായ ലിങ്കുകളിൽ ക്ലിക്ക്‌ ചെയ്യമ്പോൾ ജാഗ്രതപാലിക്കണമെന്ന്‌ പൊലീസ്‌ മുന്നറിയിപ്പ്‌ നൽകുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home