ചർച്ച ചെയ്‌ത്‌ സൗഹൃദമത്സരം 
ഒഴിവാക്കും: ശരദ്‌ പവാർ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 01, 2024, 03:06 AM | 0 min read


ന്യൂഡൽഹി
മഹാരാഷ്‌ട്ര നിയമസഭ തെരഞ്ഞെടുപ്പിൽ മഹാവികാസ്‌ അഘാഡിയിലെ പാർടികൾ പരസ്‌പരം മത്സരിക്കുന്ന സാഹചര്യം ചർച്ചയിലൂടെ ഒഴിവാക്കുമെന്ന്‌ എൻസിപി സ്ഥാപകനേതാവ് ശരദ്‌ പവാർ.  രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. നവംബർ നാലുവരെ പത്രിക പിൻവലിക്കാന്‍ അവസരമുണ്ട്.

സിപിഐ എം മത്സരിക്കുന്ന സോളാപുർ സിറ്റി സെൻട്രലിൽ കോൺഗ്രസും പത്രിക നൽകിയിട്ടുണ്ട്‌. ഏഴിടങ്ങളിൽ കോൺഗ്രസ്‌, ശിവസേന (യുടിബി) പാർടികള്‍ പരസ്‌പരം മത്സരിക്കുന്നു. ആറിന്‌ മഹാവികാസ്‌ അഘാഡി പ്രകടന പത്രിക പുറത്തിറക്കും.

ബിജെപി നയിക്കുന്ന മഹായുതിയിലും പാർടികൾ പരസ്‌പരം മത്സരിക്കുന്നുണ്ട്‌. വിമത പത്രികകൾ പിൻവലിക്കാൻ ചർച്ച നടക്കുകയാണെന്ന്‌ ബിജെപി നേതാവും ഉപമുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്‌നാവിസ്‌ പറഞ്ഞു. അജിത്‌ പവാറിന്റെ എൻസിപി ടിക്കറ്റ്‌ നൽകിയ മുൻ ആഭ്യന്തരമന്ത്രി നവാബ്‌ മാലിക്‌  ബിജെപി പിന്തുണ വേണ്ടന്ന്‌ തുറന്നടിച്ചു.  ദാവൂദ്‌ സംഘവുമായി ബന്ധമുണ്ടെന്ന്‌ ആരോപിച്ച്‌  മാലിക്കിനായി പ്രചരണം നടത്തില്ലെന്ന്‌ ബിജെപി നിലപാടെടുത്തതിന്‌ പിന്നാലെയാണ്‌ പ്രതികരണം. മൻഖുർദ്–--ശിവാജി നഗർ സീറ്റിലാണ്‌ മാലിക്‌ മത്സരിക്കുന്നത്‌. നിലവിൽ അനുശക്തി മണ്ഡലത്തിലെ സിറ്റിങ്‌ എംഎൽഎയാണ്‌ മാലിക്‌. അനുശക്തി മണ്ഡലത്തില്‍ മകൾ സന മാലിക്ക് മത്സരിക്കുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home