ദാന നാളെ കരതൊടും ; ഒഡിഷ 10 ലക്ഷം പേരെ ഒഴിപ്പിക്കും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 24, 2024, 01:11 AM | 0 min read


ഭുവനേശ്വർ
ദാന ചുഴലിക്കാറ്റിനെ നേരിടാൻ ജാ​ഗ്രതയോടെ ഒഡിഷയും പശ്ചിമബം​ഗാളും. വെള്ളിയാഴ്‌ച അതിരാവിലെ ഒഡിഷയിലെ ഭിട്ടർകനിക ദേശീയോദ്യാനത്തിനും ധമ്ര തുറമുഖത്തിനും ഇടയിൽ ദാന കരതൊടും. 14 ജില്ലകളിലായുള്ള പത്തുലക്ഷം പേരെ ഒഴിപ്പിക്കുന്നു.ആറായിരം ദുരിതാശ്വാസ ക്യാമ്പ് തുറന്നു.

മത്സ്യത്തൊഴിലാളികളെല്ലാം തീരത്ത് തിരിച്ചെത്തി.  ചുഴലിക്കാറ്റി‍ന്റെ കരതൊടൽ പ്രക്രിയ വ്യാഴം രാത്രി മുതൽ തുടങ്ങും. വെള്ളി അതിരാവിലെ കരതൊടുമ്പോൾ മണിക്കൂറിൽ 120 കിലോമീറ്റർ വേ​ഗത്തിൽ കാറ്റ് വീശുമെന്നാണ് പ്രവചനം. കേന്ദ്രപാഡ, ഭദ്രക്, ബാലസോർ തുടങ്ങിയ ജില്ലകളിൽ വെള്ളപ്പൊക്കസാധ്യതയുണ്ട്.

എൻഡിആർഎഫിന്റെ 288 സംഘം സജ്ജമായി. ഭിട്ടർകനിക ദേശീയോദ്യാനത്തിൽ നിന്ന് മുതലകളും പാമ്പുകളും ജനവാസമേഖലകളിലെത്തുന്നത് തടയാൻ പ്രത്യേക സംഘത്തെ നിയോ​ഗിച്ചു. ചുഴലിക്കാറ്റ് ഭീഷണിയുള്ളതിനാൽ   കൊൽക്കത്ത വിമാനത്താവളം വ്യാഴം രാവിലെ ആറു മുതൽ 15 മണിക്കൂർ അടച്ചിടും. ഒഡിഷയിലും പശ്ചിമബം​ഗാളിലുമായി മുന്നൂറിലേറെ ട്രെയിനുകള്‍ റദ്ദാക്കി. കൊൽക്കത്ത ഉൾപ്പെടെ ദക്ഷിണ ബം​ഗാളിലും കനത്തമഴ പെയ്യും.
 



deshabhimani section

Related News

View More
0 comments
Sort by

Home