ജമ്മു കശ്‌മീരിൽ വീണ്ടും ജനാധിപത്യ സർക്കാർ ; ഒമർ അബ്ദുള്ള മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 17, 2024, 02:29 AM | 0 min read


ശ്രീനഗർ
ആറ്‌ വർഷത്തെ ഇടവേളയ്‌ക്കുശേഷം ജമ്മു കശ്‌മീരിൽ ജനാധിപത്യ സർക്കാർ അധികാരമേറ്റു. നാഷണൽ കോൺഫറൻസ്‌ നേതാവ്‌ ഒമർ അബ്ദുള്ള നയിക്കുന്ന മന്ത്രിസഭയിൽ മൊത്തം ആറ്‌ പേരാണ്‌. ബിജെപി സംസ്ഥാന പ്രസിഡന്റ്‌ രവീന്ദർ റൈനയെ പരാജയപ്പെടുത്തിയ സുരീന്ദർ സിങ്‌ ചൗധരിയെ ഉപമുഖ്യമന്ത്രിയായി നിയോഗിച്ചു. ജമ്മു മേഖലയിൽനിന്നും കശ്‌മീർ മേഖലയിൽനിന്നും മൂന്ന്‌ അംഗം വീതമുണ്ട്‌. സക്കീന ഇട്ടൂ മന്ത്രിസഭയിലെ ഏക വനിതയായി.

ജമ്മു കശ്‌മീരിന്‌ സംസ്ഥാനപദവി തിരികെ ലഭിക്കുന്നതുവരെ അധികാരം കയ്യാളില്ലെന്ന്‌ അറിയിച്ച്‌ കോൺഗ്രസ്‌ മന്ത്രിസഭയിൽ ചേർന്നില്ല. മന്ത്രിസഭയിൽ ഒമ്പത്‌ അംഗം വരെയാകാമെന്നിരിക്കെ ബാക്കി സ്ഥാനങ്ങൾ ഒഴിച്ചിട്ടിരിക്കുകയാണെന്ന്‌ ഒമർ അബ്ദുള്ള വ്യക്തമാക്കി. മന്ത്രിസ്ഥാനത്തെച്ചൊല്ലി കോൺഗ്രസിൽ തർക്കങ്ങളുണ്ട്‌. 90 അംഗ സഭയിൽ കോൺഗ്രസിന്‌ ആറ്‌ അംഗമാണ്‌.  ശ്രീനഗർ ഇന്റർ നാഷണൽ കൺവൻഷൻ സെന്ററിൽ നടന്ന ചടങ്ങിൽ ലഫ്‌. ഗവർണർ മനോജ്‌ സിൻഹ സത്യവാചകം ചൊല്ലിക്കൊടുത്തു. 2019ൽ കേന്ദ്രഭരണപ്രദേശമായി തരംതാഴ്‌ത്തിയശേഷം ജമ്മു കശ്‌മീരിൽ ആദ്യമായാണ്‌ തെരഞ്ഞെടുപ്പ്‌ നടന്നത്‌.

മുൻ മുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസ്‌ അധ്യക്ഷനുമായ ഫാറൂഖ്‌ അബ്ദുള്ള, സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗവും കോ–-ഓർഡിനേറ്ററുമായ പ്രകാശ്‌ കാരാട്ട്‌, സിപിഐ ജനറൽ സെക്രട്ടറി ഡി രാജ, കോൺഗ്രസ്‌ നേതാക്കളായ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, എസ്‌പി അധ്യക്ഷൻ അഖിലേഷ്‌ യാദവ്‌, കനിമൊഴി(ഡിഎംകെ), സുപ്രിയ സുലെ(എൻസിപി) എന്നിവർ ചടങ്ങിൽ അതിഥികളായി പങ്കെടുത്തു.
 



deshabhimani section

Related News

View More
0 comments
Sort by

Home