മഹാരാഷ്ട്ര സെക്രട്ടറിയറ്റിൽ സാഹസിക പ്രതിഷേധം ; ഡെപ്യൂട്ടി സ്‌പീക്കർ മൂന്നാംനിലയിൽനിന്ന് ചാടി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 04, 2024, 03:51 PM | 0 min read


മുംബൈ
ബിജെപി സഖ്യസർക്കാരിന്റെ നയങ്ങളിൽ പ്രതിഷേധിച്ച് മ​ഹാരാഷ്‌ട്രയിൽ ഡെപ്യൂട്ടി സ്‌പീക്കർ അടക്കം ഭരണമുന്നണിയിലെയും കോൺഗ്രസിലെയും ആദിവാസി നേതാക്കൾ സെക്രട്ടറിയറ്റിലെ മൂന്നാം നിലയിൽ നിന്ന് താഴേക്ക് ചാടി.  ഡെപ്യൂട്ടി  സ്‌പിക്കർക്ക്‌ പിന്നാലെ എംപിയും എംഎൽഎമാരുമാണ് മന്ത്രിസഭായോഗം നടക്കവെ "സാഹസികമായി' പ്രതിഷേധിച്ചത്. കൃത്യമായി സുരക്ഷാവലയിലേക്ക് ചാടിയതിനാൽ  ആർക്കും പരിക്കില്ല.

എൻസിപി (അജിത് പവാർ)  മുതിർന്ന നേതാവായ ഡെപ്യൂട്ടി സ്‌പീക്കർ നർഹരി സിർ‌വാൾ, ബിജെപി ലോക്‌സഭാംഗം പി ഹേമന്ത് സാവറ എംഎൽഎമാരായ കിരൺ ലഹാമതെ(എൻസിപി), രാജേഷ്‌ പാട്ടീൽ(ബഹുജൻ വികാസ്‌ അഖാഡി), ഹീരാമൻ ഖോസ്‌കർ(കോൺഗ്രസ്‌)  തുടങ്ങിയവരാണ് പ്രതിഷേധിച്ചത്.  വലയിൽ വീണ ഇവരെ പൊലീസ് പുറത്തെത്തിച്ചെങ്കിലും കുത്തിയിരിപ്പ് സമരം നടത്തി. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ആദിവാസി നേതാക്കളുടെ പ്രതിഷേധം  ഏക്‍നാഥ് ഷിൻഡെ സർക്കാരിനെ പ്രതിസന്ധിയിലാക്കി. 
സെക്രട്ടറിയേറ്റ് സമുച്ചയത്തിൽ മുകൾനിലയിൽനിന്ന് ചാടിയുള്ള ആത്മഹത്യകൾ തടയാൻ 2018ൽ  സ്ഥാപിച്ച സുരക്ഷാ വലയാണ്‌ ഇവർക്ക്‌ രക്ഷയായത്‌.

നാടോടി ​ വിഭാ​ഗത്തിലുള്ള ധൻ​ഗർ സമുദായത്തെ പട്ടികവർ​ഗ വിഭാ​ഗത്തിൽ ഉൾപ്പെടുത്താനുള്ള നീക്കത്തിലും നിയമന നിരോധനത്തിലുമാണ്  പ്രതിഷേധിച്ചായിരുന്നു ചാട്ടം. ധൻ​ഗർ സമുദായത്തിന് നിലവിൽ  3.5 ശതമാനം സംവരണമുണ്ട്. എസ്ടി വിഭാ​ഗത്തിലായാൽ ഇത് ഏഴ് ശതമാനമാകും. ഇതിനെയാണ് ആദിവാസി നേതാക്കൾ എതിർക്കുന്നത്.  "ആദ്യം ഞാൻ ആദിവാസിയാണ്, അതിനുശേഷമാണ് എംഎൽഎയും ഡെപ്യൂട്ടി സ്‌പീക്കറുമായത്,-' സിർവാൾ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home