‘ഈ പൂന്തോട്ടത്തെ നമുക്ക് സംരക്ഷിക്കാം’ ; യെച്ചൂരി രാജ്യസഭയിൽ 
നടത്തിയ വിടവാങ്ങൽ പ്രസംഗത്തിന്റെ 
അവസാന ഭാഗം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 12, 2024, 11:50 PM | 0 min read

സീതാറാം യെച്ചൂരി 2017 ആഗസ്‌ത്‌ 10ന്‌ രാജ്യസഭയിൽ 
നടത്തിയ വിടവാങ്ങൽ പ്രസംഗത്തിൽ ഇന്ത്യയെന്ന 
ബഹുസ്വരതയെ നിർവചിക്കാൻ സ്വന്തം 
ജീവിതത്തെത്തന്നെ ഉദാഹരണമായി എടുത്തുകാണിക്കുന്നുണ്ട്‌. ബഹുസ്വരതയുടെയും വൈവിധ്യങ്ങളുടെയും 
സംസ്‌കാരത്തെ സംരക്ഷിക്കുകയാണ്‌ നമ്മുടെ കടമയെന്ന 
ആശയത്തെ ഉയർത്തിപ്പിടിച്ച ആ പ്രസംഗത്തിന്റെ 
അവസാന ഭാഗം ഇങ്ങനെ...   

‘‘നമ്മുടെ രാജ്യമെന്നത്‌ ഒരു പൂന്തോട്ടമാണ്‌. അതിൽ വിവിധ പുഷ്‌പങ്ങൾ വിടർന്ന്‌ പരിലസിക്കണം. വ്യത്യസ്‌ത സുഗന്ധങ്ങൾ പുറത്തേക്ക്‌ ഒഴുകണം. ഈ പുഷ്‌പങ്ങളിലെല്ലാം ചെന്നിരിക്കുന്ന തേനീച്ചകളും കുരുവികളുമുണ്ടാകണം. അങ്ങനെ ഈ പുഷ്‌പങ്ങളെല്ലാം ഒന്നാകണം. അങ്ങനെയുള്ള ഒരു പൂങ്കാവനമാകണം നമ്മുടെ രാജ്യം. ഇടുങ്ങിയ, സങ്കുചിത ചിന്താഗതികളുടെയും വീക്ഷണങ്ങളുടെയും ഭാഗമായി ഏതെങ്കിലും ഒരു വിഭാഗത്തെ ഒറ്റപ്പെടുത്തുന്ന, ബഹിഷ്‌കരിക്കുന്ന, വേട്ടയാടുന്ന നിലപാടുകളും നടപടികളും ഉണ്ടാകരുത്‌. അങ്ങനെ സംഭവിച്ചാൽ നമ്മളെല്ലാം ഒന്നാണെന്ന മഹാബോധത്തിന്റെ അടിത്തറ ഇളകും.

വിവിധ ദർശനങ്ങളിൽനിന്ന് സ്വാംശീകരിച്ചുണ്ടാകുന്നതാണ്‌ നമ്മുടെ സംസ്‌കാരമെന്ന്‌ പറയാറുണ്ട്‌. അതേക്കുറിച്ച്‌ പറയുമ്പോൾ എനിക്ക്‌ ചിലതെല്ലാം പറയാനുണ്ട്‌. 1952ൽ ഞാൻ ജനിച്ചത്‌ മദ്രാസ്‌ ജനറൽ ആശുപത്രിയിലാണ്‌. തെലുഗു സംസാരിക്കുന്ന ബ്രാഹ്മണകുടുംബത്തിലായിരുന്നു ജനനം. എന്റെ മുത്തച്ഛൻ ജഡ്‌ജിയായിരുന്നു. സംസ്ഥാനങ്ങളുടെ പുനഃസംഘടനയുടെ ഭാഗമായി മദ്രാസ്‌ ഹൈക്കോടതിയുടെ ആന്ധ്രാ ബെഞ്ച്‌ ഗുണ്ടൂരിലേക്ക്‌ മാറ്റി. അതുകൊണ്ട്‌ 1954 മുതൽ ഞങ്ങൾ അങ്ങോട്ടേക്ക്‌ മാറി. 1956ൽ ഞങ്ങൾ ഹൈദരാബാദിൽ എത്തി. സ്വാതന്ത്ര്യത്തിന്റെ ആദ്യനാളുകളായതുകൊണ്ടുതന്നെ, നിസാം ഭരണത്തിനുകീഴിലുണ്ടായിരുന്ന ഇസ്ലാമികസംസ്‌കാരമായിരുന്നു അവിടെയുണ്ടായിരുന്നത്‌. ആ സംസ്‌കാരത്തിലായിരുന്നു എന്റെ സ്‌കൂൾ വിദ്യാഭ്യാസം. എന്റെ സംസ്‌കാരം അവിടെനിന്ന്‌ ലഭിച്ചതാണ്‌. ആ സംസ്‌കാരം വഹിച്ചാണ്‌ ഞാൻ ഇവിടെ എത്തിയിട്ടുള്ളത്‌. പിന്നീട്‌ ഞാൻ ഡൽഹിയിലെത്തി പഠനം തുടർന്നു. ഞാൻ വിവാഹം ചെയ്‌തിട്ടുള്ള വ്യക്തിയുടെ പിതാവ്‌ ഒരു ചിഷ്‌തി സൂഫിയാണ്‌. അവരുടെ മാതാവാകട്ടെ എട്ടാംനൂറ്റാണ്ടിൽ മൈസൂരുവിലേക്ക്‌ കുടിയേറിയ രജപുത്‌ കുടുംബാംഗമാണ്‌. ഓർത്തുനോക്കൂ–- ദക്ഷിണേന്ത്യയിലെ  ബ്രാഹ്മണകുടുംബത്തിൽ ജനിച്ച ഒരാളുടെ വിവാഹം സൂഫി–-രജപുത്‌ കുടുംബത്തിൽ ജനിച്ച ഒരാളുമായാണ്‌ നടന്നത്‌. അങ്ങനെയുള്ള എന്റെ മകൻ ആരാണ്‌? ബ്രാഹ്മണനാണോ? മുസ്ലിമാണോ? ഹിന്ദുവാണോ? ഒരു ഇന്ത്യനെന്നുമാത്രം അവനെ വിശേഷിപ്പിക്കുന്നതാകും ഏറ്റവും ഉചിതം. ഇതാണ്‌ നമ്മുടെ രാജ്യം. ഞാൻ എന്റെ സ്വന്തം ജീവിതത്തെ ഉദാഹരിച്ച്‌ പറയുകയാണ്‌.

നമുക്ക്‌ ചുറ്റും നോക്കുക. എന്റേതുപോലെയുള്ള എത്രയധികം ജീവിതങ്ങൾ നമുക്ക്‌ ഉദാഹരിക്കാം. അങ്ങനെയുള്ള ഇന്ത്യയെ സംരക്ഷിക്കുകയെന്ന ഭാരിച്ച ഉത്തരവാദിത്വമാണ്‌ നമ്മൾ നിറവേറ്റേണ്ടത്‌.’’



deshabhimani section

Related News

View More
0 comments
Sort by

Home