ചോർന്നൊലിച്ച്‌ പുതിയ പാർലമെന്റ്‌ മന്ദിരം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 02, 2024, 03:02 AM | 0 min read


ന്യൂഡൽഹി
രാജ്യതലസ്ഥാനത്ത്‌ ബുധനാഴ്‌ച രാത്രി പെയ്‌ത മഴയിൽ ആയിരം കോടി രൂപ മുതൽമുടക്കിൽ നിർമിച്ച പുതിയ പാർലമെന്റ്‌ മന്ദിരം ചോർന്നൊലിച്ചു. പാർലമെന്റ്‌ മന്ദിരത്തിന്റെ പ്രധാന ലോബിയിലേക്കാണ്‌ മുകൾത്തട്ടിൽനിന്ന്‌ വെള്ളം ചോർന്നൊലിച്ചത്‌.  പാർലമെന്റിനുള്ളിൽ വെള്ളക്കെട്ട്‌ ഒഴിവാക്കാൻ വലിയ ബക്കറ്റിൽ പാർലമെന്റ്‌ ജീവനക്കാർ ചോർന്ന വെള്ളം ശേഖരിച്ചു. ബക്കറ്റിൽ വെള്ളം ശേഖരിക്കുന്നതിന്റെ വീഡിയോ ചില പ്രതിപക്ഷ എംപിമാർ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്‌ വൈറലായി. പുറത്ത്‌ ചോദ്യപേപ്പർ ചോർച്ച അകത്ത്‌ മഴവെള്ള ചോർച്ച എന്ന അടിക്കുറിപ്പോടെയാണ്‌ പലരും വീഡിയോ പങ്കുവച്ചത്‌. പാർലമെന്റിന്റെ പ്രധാന കവാടമായ മകർദ്വാറിന്‌ മുന്നിൽ മഴയിൽ വലിയ വെള്ളക്കെട്ട്‌ ഉണ്ടായതിന്റെ വീഡിയോകളും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു.

പാർലമെന്റിലെ മഴവെള്ള ചോർച്ച അടിയന്തരമായി ചർച്ച ചെയ്യണമെന്ന്‌ ആവശ്യപ്പെട്ട്‌ തമിഴ്‌നാട്ടിൽനിന്നുള്ള ലോക്‌സഭാംഗം മാണിക്കം ടാഗോൾ നോട്ടീസ്‌ നൽകിയെങ്കിലും നിരാകരിച്ചു. പാർലമെന്റിനെ അഭിസംബോധന ചെയ്യാനായി രാഷ്ട്രപതിവരുന്ന സ്ഥലത്താണ്‌ ചോർച്ചയുണ്ടായതെന്ന്‌ അടിയന്തര പ്രമേയ നോട്ടീസിൽ മാണിക്കം ടാഗോർ ചൂണ്ടിക്കാട്ടി. പുതിയ പാർലമെന്റിന്‌ ഘടനാപരമായ പ്രശ്‌നങ്ങളുണ്ടെന്നും എല്ലാ പാർടികളിലെയും എംപിമാരെ ഉൾപ്പെടുത്തി ഒരു സമിതി രൂപീകരിച്ച്‌ വിഷയം പരിശോധിക്കണമെന്നും നോട്ടീസിൽ ആവശ്യപ്പെട്ടു.

പാർലമെന്റിലെ മഴവെള്ള ചോർച്ച വിവാദമായതോടെ വിശദീകരണവുമായി ലോക്‌സഭാ സെക്രട്ടറിയേറ്റ്‌ രംഗത്തുവന്നു. പാർലമെന്റിനുള്ളിൽ സൂര്യപ്രകാശം ലഭിക്കുന്നതിനായി പ്രധാന ലോബിക്ക്‌ മുകളിൽ പണിത ചില്ലു മകുടത്തിന്റെ യോജിപ്പിൽ സംഭവിച്ച ചെറിയ പാകപ്പിഴവാണ്‌ ചോർച്ചയ്‌ക്ക്‌ ഇടയാക്കിയതെന്നാണ്‌ വിശദീകരണം. തകരാർ പരിഹരിച്ചതായി ലോക്‌സഭാ സെക്രട്ടറിയേറ്റ്‌ അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home