വാഹനാപകടത്തിൽ മകന്റെ മരണം: എട്ടുവർഷങ്ങൾക്കുശേഷം മാതാപിതാക്കൾക്ക് 1.99 കോടിയുടെ നഷ്ടപരിഹാരം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 18, 2024, 02:49 PM | 0 min read

ന്യൂ ഡൽഹി > പ്രായപൂർത്തിയാവാത്ത കുട്ടി ഓടിച്ച കാറിടിച്ച് മരിച്ച സിദ്ധാർത്ഥ് ശർമ്മ(32)യുടെ മാതാപിതാക്കൾക്ക് എട്ട് വർഷത്തിന് ശേഷം 1.99 കോടി രൂപയുടെ നഷ്ടപരിഹാരം നൽകാൻ വിധിച്ച് മോട്ടോർ ആക്‌സിഡൻ്റ് ക്ലെയിം ട്രിബ്യൂണൽ (എംഎസിടി). 2016നാണ് കേസിനാസ്പദമായ സംഭവം. സിവിൽ ലൈൻസ് പ്രദേശത്ത് വെച്ച് അശ്രദ്ധമായി ഓടിച്ച കാർ സിദ്ധാർത്ഥിനെ ഇടിക്കുകയായിരുന്നു.

2016 ഏപ്രിൽ നാലിന് പ്രതി അമിതവേഗത്തിലും അശ്രദ്ധയിലും ഓടിച്ച വാഹനം ഇടിച്ചതാണ് സിദ്ധാർത്ഥ് ശർമ്മയുടെ മരണത്തിന് കാരണമെന്ന് എംഎസിടി ജഡ്ജി പങ്കജ് ശർമ പറഞ്ഞു. റോഡിലെ മറ്റുള്ളവരുടെ ജീവന് യാതൊരു വിലയും കല്പിക്കാതെയുള്ള കുട്ടിയുടെ പ്രവർത്തികൾക്ക് പിതാവ് മനോജും കൂട്ട് നിന്നതായി കോടതി വിലയിരുത്തി.

'മകന്റെ മുൻകാല പ്രവർത്തികൾ കണക്കിലെടുത്ത് ഇത് തടയേണ്ടതായിരുന്നു. മകൻ കാറെടുത്ത സമയത്ത് വീട്ടിലുണ്ടായിരുന്നിട്ടും പിതാവ് അവനെ തടയാതെ അതിന് പിന്തുണ നൽകിയത് തെറ്റായ പ്രവണതയാണ്' ജഡ്ജി പറഞ്ഞു.

മരണസമയത്ത് സിദ്ധാർത്ഥ് 25000 രൂപ ശമ്പളത്തിന് ജോലി ചെയ്യുകയായിരുന്നു. നഷ്ടപരിഹാരവും പലിശയുമുൾപ്പെടെ ഏകദേശം 1.98 കോടി രൂപ 30 ദിവസത്തിനകം നൽകണമെന്ന് ഇൻഷുറൻസ് കമ്പനിയോട് ട്രൈബ്യൂണൽ നിർദ്ദേശിച്ചു.

അതേസമയം നഷ്ടപരിഹാരത്തുക കുട്ടിയുടെ അച്ഛന്റെ കമ്പനിയിൽ നിന്നും ഈടാക്കുന്നതിന് ഇൻഷുറൻസ് കമ്പനിയ്ക്ക് അനുമതി നൽകിയിട്ടുണ്ട്. നിയമലംഘനം നടത്തിയ കാർ കമ്പനിയുടെ പേരിലാണ് രെജിസ്റ്റർ ചെയ്തത്.

വാഹനം അമിത വേഗതയിലാണ് ഓടിച്ചതെന്ന് കാണിച്ച് ഡൽഹി പോലീസ് വിശദമായ അപകട റിപ്പോർട്ട് (ഡിഎആർ) ഫയൽ ചെയ്തു. ഇടിയുടെ ആഘാതത്തിൽ സിദ്ധാർത്ഥ് തെറിച്ചുപോയിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home