ഓപ്പറേഷൻ സിന്ദൂറിൽ നൂറ് ശതമാനം ലക്ഷ്യങ്ങൾ കൈവരിച്ചു: പ്രധാനമന്ത്രി

PHOTO CREDIT: ANI
ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിൽ നിശ്‍ചയിച്ച ലക്ഷ്യങ്ങൾ നൂറ് ശതമാനവും കൈവരിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാർലമെന്റിന്റെ വർഷകാല സമ്മേളനം ചേരുന്നതിന് മുന്നോടിയായി മാധ്യമങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദൗത്യത്തിലൂടെ തീവ്രവാദികളെ ഉന്മൂലനം ചെയ്തു. പാകിസ്ഥാന്റെ തീവ്രവാദ ശക്തി തകർത്തു. 22 മിനിറ്റുകൾകൊണ്ടാണ് ഭീകര കേന്ദ്രങ്ങൾ തകർത്തത്. ഓപ്പറേഷൻ സിന്ദൂറിലൂടെ ഇന്ത്യയുടെ സൈനിക ശക്തി ലോകമറിഞ്ഞെന്നും നരേന്ദ്രമോദി പറഞ്ഞു.
പഹൽഗാമിലെ ക്രൂരമായ അതിക്രമങ്ങളും കൂട്ടക്കൊലയും ലോകത്തെ മുഴുവൻ പിടിച്ചുകുലുക്കി. രാജ്യത്തിന്റെ താൽപ്പര്യം മുൻനിർത്തി, പാർടി താൽപ്പര്യങ്ങൾ മാറ്റിവെച്ച് രാജ്യത്തെ മിക്ക പാർടികളുടെയും പ്രതിനിധികൾ ലോകത്തിലെ പല രാജ്യങ്ങളിലും പോയി. പാകിസ്ഥാനെ ലോകത്തിന് മുന്നിൽ തുറന്നുകാട്ടുന്നതിനായി ഒരേസ്വരത്തിൽ വിജയകരമായ പ്രചാരണം നടത്തി. ദേശീയ താൽപര്യത്തിനൊപ്പം നിന്ന പാർടികളെയും എംപിമാരെയും അഭിനന്ദിക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞു.
രാജ്യം ഐക്യത്തിന്റെ ശക്തി കണ്ടു. അതിനാൽ സഭയിലെ എല്ലാ എംപിമാരും അതിന് ശക്തി പകരണം. അത് മുന്നോട്ട് കൊണ്ടുപോകണം. ഓരോ രാഷ്ട്രീയ പാർടിക്കും അവരുടേതായ അജണ്ടയും പങ്കും ഉണ്ട്. പാർലമെന്റിന്റെ വർഷകാല സമ്മേളനം വളരെ പ്രധാനപ്പെട്ടതാണ്. ആരോഗ്യകരമായ ചർച്ചകൾ നടക്കുമെന്നാണ് പ്രതീക്ഷയെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
ആക്സിയം 4 ദൗത്യത്തെക്കുറിച്ചും പ്രധാനമന്ത്രി പരാമർശിച്ചു. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ ത്രിവർണ പതാക പാറിച്ച ശുഭാംശുവിനെ അഭിനന്ദിക്കുന്നതായും പ്രധാനമന്ത്രി അറിയിച്ചു.









0 comments