സ്‌ത്രീധന പീഡനം: യുപിയിൽ പെൺകുട്ടിയെ ആസിഡ് കുടിപ്പിച്ച് കൊന്നു

ലക്‌നൗ: ഉത്തർപ്രദേശിൽ സ്‌ത്രീധനത്തിന്റെ പേരിൽ വീണ്ടും അരുംകൊല. അംരോഹ ജില്ലയിൽ കലഗേഡയിൽ യുവതിയെ ആസിഡ് കുടിപ്പിച്ച് കൊന്നു. ഗുൽഫിസ (23)യാണ് മരിച്ചത്. സ്‌ത്രീധനത്തിന്റെ പേരിൽ ഭർത്താവിന്റെ വീട്ടുകാർ നിർബന്ധിച്ച് ആസിഡ് കുടിപ്പിക്കുകയായിരുന്നു. ആഗസ്ത് 11നായിരുന്നു ആസിഡ് നൽകിയത്. തുടർന്ന് അതീവ ഗുരുതരാവസ്ഥയിലായ യുവതി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ വ്യാഴാഴ്‌ച മരിച്ചു.
10 ലക്ഷവും കാറും സ്‌ത്രീധനമായി വേണമെന്ന് ആവശ്യപ്പെട്ട് യുവതിയെ നിരന്തരമായി പീഡിപ്പിച്ചുവെന്നാണ് റിപ്പോർട്ടുകൾ. ഒരുവർഷം മുമ്പായിരുന്നു വിവാഹം. സംഭവത്തിൽ യുവതിയുടെ ഭർത്താവായ പർവേസ് അടക്കം ഏഴുപേർക്കെതിരെ പൊലീസ് കേസെടുത്തു. പോസ്‌റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചശേഷം അറസ്‌റ്റടക്കമുള്ള നടപടികളിലേക്ക് കടക്കുമെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ആഴ്‌ച ഗ്രേറ്റർ നോയിഡയിൽ സ്ത്രീധനത്തിന്റെ പേരിൽ ഭർത്താവ് യുവതിയെ തീകൊളുത്തി കൊന്നിരുന്നു.









0 comments