ജമ്മു കശ്മീരിലെ പുസ്തക നിരോധനം: സഭ നിർത്തി വെച്ച് ചർച്ച ചെയ്യണമെന്ന് വി ശിവദാസൻ

ന്യൂഡൽഹി: ജമ്മു കശ്മീരിൽ അരുന്ധതി റോയ്, എ ജി നൂറാനി അടക്കമുള്ളവരുടെ 25 പുസ്തകങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയ ഗുരുതമായ വിഷയം സഭ നിർത്തിവെച്ച് ചർച്ച ചെയ്യമെന്ന് ആവശ്യപ്പെട്ട് വി ശിവദാസൻ എംപി രാജ്യസഭയിൽ നോട്ടീസ് നൽകി. അക്കാദമിക് സ്വാതന്ത്ര്യത്തിന്റെയും ജനാധിപത്യ അവകാശങ്ങളുടെയും മേലുള്ള ദൂരവ്യാപകമായ പ്രത്യാഘാതങ്ങളും കണക്കിലെടുത്ത് വിഷയം സഭ ഉടൻ ചർച്ചയ്ക്ക് എടുക്കണമെന്നാണ് വി ശിവദാസൻ ആവശ്യപ്പെട്ടത്.
അരുന്ധതി റോയിയുടെ 'ആസാദി', മുതിർന്ന ഭരണഘടനാ വിദഗ്ദ്ധനും സുപ്രീം കോടതി അഭിഭാഷകനുമായിരുന്ന എ ജി നൂറാനിയുടെ 'ദി കശ്മീർ ഡിസ്പ്യൂട്ട് 1947–2012' എന്നിവ നിരോധിത പുസ്തകങ്ങളുടെ പട്ടികയിൽ ഉൾപ്പെടുന്നു. അന്താരാഷ്ട്രതലത്തിൽ ബഹുമാനിക്കപ്പെടുന്ന അക്കാദമിക് പ്രസാധകർ പ്രസിദ്ധീകരിച്ച ഈ കൃതികൾ പോലും നിരോധിച്ചത് അഭിപ്രായ സ്വാതന്ത്ര്യത്തെ തൃണവൽഗണിക്കുന്ന സമീപനമാണ് എന്ന് വി ശിവദാസൻ പറഞ്ഞു.
ജമ്മു കശ്മീർ സംബന്ധിച്ച ഭരണഘടനാ സംഭവവികാസങ്ങളും നയതന്ത്ര ചരിത്രവും ശ്രദ്ധാപൂർവ്വം രേഖപ്പെടുത്തുന്ന നൂറാനിയുടെ പുസ്തകം പോലും പട്ടികയിൽ ഉൾപ്പെടുത്തിയതിൽ അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. അക്കാദമിക് സ്വാതന്ത്ര്യത്തെയും അറിവിനെയും വെല്ലുവിളിക്കുകയും അവഹേളിക്കുകയും ചെയ്യുന്ന സമീപനമാണിത്. സുതാര്യമായ ജുഡീഷ്യൽ പരിശോധനയോ പൊതുചർച്ചയോ ഇല്ലാതെ നടപ്പിലാക്കിയ നിരോധനം അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള മൗലികാവകാശത്തിന്റെ ഗുരുതരമായ ലംഘനമാണ്. രാജ്യത്ത് ബൗദ്ധിക അന്വേഷണത്തിനും ജനാധിപത്യ വിയോജിപ്പിനുമുള്ള ഇടം ഇല്ലാതാക്കുകയാണ് ബിജെപി സർക്കാർ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
തീവ്രവാദത്തെ മഹത്വവൽക്കരിക്കുന്നു, തെറ്റായ വിവരങ്ങൾ പ്രോത്സാഹിപ്പിക്കുന്നു, കേന്ദ്രഭരണ പ്രദേശത്ത് വിഘടനവാദം പ്രോത്സാഹിപ്പിക്കുന്നു, യുവാക്കളെ തെറ്റായ വഴിയിലേക്ക് നയിക്കുന്നു തുടങ്ങിയ ആരോപണങ്ങളാണ് പുസ്‌തകങ്ങൾ നിരോധിക്കാനായി പറഞ്ഞത്. ഇവ പൊതുസമാധാനത്തിനും രാജ്യത്തിന്റെ ഐക്യത്തിനും ദോഷകരമാണെന്ന് ആഭ്യന്തരവകുപ്പിന്റെ ഉത്തരവിൽ പറയുന്നു. ഭാരതീയ ന്യായ സംഹിതയിലെ വകുപ്പ് 98 പ്രകാരമാണ് നടപടി.









0 comments