നിമിഷ പ്രിയയുടെ വധശിക്ഷ: ഇന്ന് നിർണായകം; അവസാനവട്ട ചർച്ചകൾ തുടരുന്നു

Nimisha Priya Case
വെബ് ഡെസ്ക്

Published on Jul 15, 2025, 08:30 AM | 2 min read

ന്യൂഡൽഹി: യമനിലെ ജയിലിൽ വധശിക്ഷ നടപ്പാക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കേ നിമിഷ പ്രിയയുടെ മോചനത്തിനായുള്ള അവസാനവട്ട ചർച്ചകൾ തുടരുകയാണ്. ദയാധനം നൽകി വധശിക്ഷ ഒഴിവാക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. കാന്തപുരം എ പി അബൂബക്കർ മുസലിയാരുടെ നേതൃത്വത്തിൽ ചർച്ചകൾ തുടരുകയാണ്. തിങ്കളാഴ്ച യെമനിൽ സുപ്രധാന യോഗം ചേർന്നിരുന്നു.


യെമൻ പൗരന്റെ കുടുംബവുമായി ഇതിനകം മൂന്ന് ചർച്ചകൾ പൂർത്തിയായി. സൂഫി പണ്ഡിതൻ ഷെയ്ഖ് ഹബീബ് ഉമറിന്റെ നേതൃത്വത്തിൽ നടക്കുന്ന യോഗത്തിൽ യെമൻ ഭരണകൂട പ്രതിനിധി, സുപ്രീം കോടതി ജഡ്ജി, കൊല്ലപ്പെട്ട യെമൻ പൗരൻ തലാലിന്റെ സഹോദരൻ എന്നിവർ പങ്കെടുത്തു. ദയാധനം സ്വീകരിച്ച് വധശിക്ഷ ഒഴിവാക്കുന്നത് ഇന്നലത്തെ ചർച്ചയിൽ തലാലിന്റ കുടുംബം അം​ഗീകരിച്ചില്ല. നാളെയാണ് നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കാൻ നിശ്‍ചയിച്ചിരിക്കുന്നത്. അതിനാൽ ഇന്നത്തെ ചർച്ചകൾ അതീവ നിർണായകമാണ്.


നിമിഷ പ്രിയുടെ വധശിക്ഷ ഒഴിവാക്കാനുള്ള ശ്രമങ്ങളിൽ നിന്ന് കേന്ദ്രം നേരത്തെ കൈയൊഴിഞ്ഞിരുന്നു. നിമിഷ പ്രിയയുടെ മോചനത്തിൽ നിസ്സഹായരാണെന്നാണ് കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ അറിയിച്ചത്. നിമിഷ പ്രിയയുടെ മോചനത്തിനായി അടിയന്തര ഇടപെടൽ ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചിരുന്നു. വിദേശകാര്യ മന്ത്രി ജയശങ്കറിന്‌ കത്തയച്ചതിന്‌ പിന്നാലെയാണ്‌ പ്രധാനമന്ത്രിക്കും മുഖ്യമന്ത്രി കത്തയച്ചത്‌. നിമിഷ പ്രിയയുടെ മോചനത്തിനായി ഇടപെടുന്ന സന്നദ്ധപ്രവർത്തകർക്ക് സംസ്ഥാന സർക്കാരിന്റെ എല്ലാ പിന്തുണയും ഉറപ്പ് നൽകുന്നതായും മുഖ്യമന്ത്രി അറിയിച്ചിരുന്നു.


തിങ്കൾ രാവിലെ പത്തരയ്‌ക്കും യെമനിലെ ഹൂതി വിമതരോട്‌ 16ന്‌ വധശിക്ഷ നടപ്പാക്കരുതെന്ന്‌ അഭ്യർഥിച്ചതായും എന്നാൽ പ്രയോജനം പ്രതീക്ഷിക്കുന്നില്ലന്നും അറ്റോർണി ജനറൽ ആർ വെങ്കിട്ടരമണി പറഞ്ഞു. നയതന്ത്ര ചർച്ച അതിന്റെ പരിധി വരെ കേന്ദ്രം നടത്തി. പ്രോസിക്യൂഷൻ മേധാവിയോടും ശിക്ഷ നടപ്പാക്കൽ മാറ്റിവയ്‌ക്കാൻ അഭ്യർഥിച്ചു. വധശിക്ഷ മാറ്റിവയ്‌ക്കുമെന്ന അനൗദ്യോഗിക വിവരം ലഭിച്ചുവെങ്കിലും പ്രതീക്ഷയില്ല. ഒരു പരിധിയിൽക്കൂടുതൽ ഒന്നും ചെയ്യാൻ പറ്റാനാവാത്ത ഇടമാണ്‌ യെമൻ –എജി പറഞ്ഞു.


വധശിക്ഷ തടയാൻ കേന്ദ്രസർക്കാർ നയതന്ത്ര ഇടപെടൽ നടത്തണമെന്നും ബ്ലഡ്‌ മണി നൽകാനുള്ള സാഹചര്യം സൃഷ്‌ടിക്കണമെന്നുമാണ്‌ സേവ്‌ നിമിഷ പ്രിയ ആക്ഷൻ കൗൺസിൽ നൽകിയ ഹർജിയിലെ ആവശ്യം. അവർ ബ്ലഡ്‌ മണി വർധിപ്പിച്ചേക്കാമെന്നും എജി പറഞ്ഞു. അതേസമയം പണം നൽകാൻ തയ്യാറാണെന്ന്‌ ഹർജിക്കാരുടെ അഭിഭാഷകൻ സുഭാഷ്‌ ചന്ദ്രൻ അറിയിച്ചു. എജി നൽകിയ വിവരങ്ങൾ രേഖപ്പെടുത്തിയ കോടതി കേസ്‌ വെള്ളിയിലേയ്‌ക്ക്‌ മാറ്റി. വിദേശമന്ത്രാലയത്തിലെ ജോയിന്റ്‌ സെക്രട്ടറിയും കോടതിയിൽ എത്തിയിരുന്നു.








deshabhimani section

Related News

View More
0 comments
Sort by

Home