ഇംഗ്ലീഷ് ഭാഷയെ തള്ളി അമിത് ഷാ: മാധ്യമങ്ങളുടേത് അപമാനകരമായ വിധേയത്വമെന്ന് ജോൺ ബ്രിട്ടാസ്

ന്യൂഡൽഹി: രാജ്യത്ത് ഇംഗ്ലീഷ് സംസാരിക്കുന്നവർ സ്വയം ലജ്ജിക്കുന്ന കാലം വിദൂരമല്ലെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെ പ്രസ്താവനയിൽ മൗനം തുടരുന്ന മാധ്യമങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി സിപിഐഎം രാജ്യസഭാ നേതാവ് ഡോ. ജോൺ ബ്രിട്ടാസ് എംപി. എക്സിലൂടെയാണ് അദ്ദേഹം ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
പൊതുസമൂഹത്തിന് മുന്നിൽ ഗൗരവത്തോടെചർച്ച ചെയ്യേണ്ട പരാമർശമാണിതെന്നും മുഖ്യധാരാ മാധ്യമങ്ങൾ പ്രാധാന്യത്തോടെ വാർത്ത റിപ്പോർട്ട് ചെയ്തില്ലെന്നും അദ്ദേഹം പറഞ്ഞു. ബാഹ്യസമ്മർദ്ദമോ നിർദേശങ്ങളോ ആകാം ഇതിന് കാരണം. അപമാനകരമായ വിധേയത്വമാണിത്. മാധ്യമസ്വാതന്ത്ര്യത്തെക്കുറിച്ച് ഇനിയും വാചാലരാകണോയെന്നും അദ്ദേഹം കുറിച്ചു.
അശുതോഷ് അഗ്‌നിഹോത്രി എന്ന ഐഎഎസ് ഉദ്യോഗസ്ഥൻ രഹിച്ച പുസ്‌തകത്തിന്റെ പ്രകാശനചടങ്ങിലാണ് ഇംഗ്ലീഷ് ഭാഷയെക്കെതിരെ അമിത് ഷാ സംസാരിച്ചത്. നമ്മുടെ ചരിത്രവും സംസ്‌ക്കാരവും മതവുമൊന്നും വിദേശഭാഷയിലൂടെ ആർക്കും മനസ്സിലാക്കാനാവില്ല. താൻ പറയുന്നത് ഓർത്തുവെയ്‌ക്കുക. ശ്രദ്ധിച്ചു കേൾക്കുക. ഈ രാജ്യത്ത് ഇംഗ്ലീഷ് സംസാരിക്കുന്നവർ സ്വയം ലജ്ജിക്കുന്ന കാലം വിദൂരമല്ല. ഈ രാജ്യത്തെ ഭാഷകൾ സംസ്‌ക്കാരത്തിന്റെ മുത്തുകളാണ്. അതില്ലാതെ ഇന്ത്യാക്കാരില്ല. ഒരു വിദേശ ഭാഷയിലൂടെ ഇന്ത്യയെ സങ്കൽപ്പിക്കാനാവില്ല. ഇന്ത്യൻ ഭാഷകളുടെ പ്രാമുഖ്യം വീണ്ടെടുക്കുന്നതിന്റെ ബുദ്ധിമുട്ടുകൾ തനിക്കറിയാം. എന്നാൽ ഈ പോരാട്ടത്തിൽ ഇന്ത്യൻ സമൂഹം ജയിക്കുമെന്ന പൂർണ വിശ്വാസമുണ്ട്. നമ്മുടെ ഭാഷകളിൽ അഭിമാനിച്ചുകൊണ്ട് രാജ്യത്തെ മുന്നോട്ടു കൊണ്ടുപോകും. ലോകത്തെ നയിക്കുകയും ചെയ്യും. ഇക്കാര്യത്തിൽ ആർക്കും സംശയം വേണ്ട. 2047 ൽ ലോകത്ത് ഒന്നാമതെത്താൻ നമ്മുടെ ഭാഷകൾ നിർണായക സംഭാവനയേകും– അമിത് ഷാ പറഞ്ഞു.
മോദി സർക്കാർ കൊണ്ടുവന്ന പുതിയ വിദ്യാഭ്യാസ നയത്തിലെ ത്രിഭാഷാ പദ്ധതിയിലൂടെയുള്ള ഹിന്ദി അടിച്ചേൽപ്പിക്കൽ ശ്രമത്തിനിടെയാണ് അമിത് ഷായുടെ വിവാദ പരാമർശം. തമിഴ്‌നാട്, ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങൾ ത്രിഭാഷാ പദ്ധതിയ്‌ക്കെതിരായി രംഗത്തുവന്നിരുന്നു. എൻഡിഎ ഭരണത്തിലുള്ള മഹാരാഷ്ട്രയിലും ഹിന്ദി അടിച്ചേൽപ്പിക്കൽ നീക്കത്തിനെതിരായി വലിയ പ്രതിഷേധം ഉയർന്നു. സംസ്ഥാനങ്ങളുമായുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ ആശയവിനിമയം ഡിസംബർ മുതൽ പ്രാദേശിക ഭാഷകളിൽ ആയിരിക്കുമെന്ന് അമിത് ഷാ നേരത്തെ പ്രസ്‌താവിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ഇംഗ്ലീഷ് ഭാഷയ്‌ക്കെതിരായ കടന്നാക്രമണം.









0 comments