ആദായനികുതി റിട്ടേൺ: സമയപരിധി സെപ്തംബർ വരെ നീട്ടി

ന്യൂഡൽഹി : 2024-25 സാമ്പത്തിക വർഷത്തെ (AY 2025-26) ആദായനികുതി റിട്ടേൺ സമർപ്പിക്കാനുള്ള അവസാന തിയതി നീട്ടി. ജൂലൈ 31ൽ നിന്ന് സെപ്തംബർ 15 വരെയാണ് നീട്ടിയത്. ഇത് സംബന്ധിച്ച് ആദായനികുതി വകുപ്പ് നോട്ടീസ് പുറപ്പെടുവിച്ചു. ആദായനികുതി റിട്ടേൺ ഫോമുകളുടെ വിജ്ഞാപനം പുറപ്പെടുവിക്കുന്നതിൽ ഉണ്ടായ കാലതാമസത്തെ തുടർന്നാണ് തീരുമാനം. കൂടാതെ, ആദായനികുതി റിട്ടേൺ സമർപ്പിക്കുന്നതിനുള്ള യൂട്ടിലിറ്റികളും ആദായനികുതി വകുപ്പ് ഇതുവരെ നൽകിയിട്ടില്ല. റിട്ടേൺ രീതിയിൽ വരുത്തിയ മാറ്റങ്ങളും അതിനനുസരിച്ച് സാങ്കേതിക സംവിധാനങ്ങളിൽ കൊണ്ടുവരേണ്ട പരിഷ്‌ക്കാരങ്ങൾക്ക് ആവശ്യമായ സമയപരിധിയും പരിഗണിച്ചാണ് വരുമാന നികുതി റിട്ടേൺ സമർപ്പിക്കുന്നതിനുള്ള സമയപരിധി നീട്ടിയത്.
വിജ്ഞാപനം ചെയ്ത ആദായനികുതി റിട്ടേണുകളിൽ (ഐടിആർ) കൊണ്ടുവന്ന വിപുലമായ മാറ്റങ്ങളും 2025-26 അസസ്‌മെന്റ് വർഷത്തേക്കുള്ള (എവൈ) ഐടിആർ യൂട്ടിലിറ്റികളുടെ സിസ്റ്റം തയ്യാറെടുപ്പിനും വ്യാപനത്തിനും ആവശ്യമായ സമയം കണക്കിലെടുത്ത് സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സസ് (സിബിഡിടി) റിട്ടേണുകൾ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി നീട്ടാൻ തീരുമാനിച്ചു. 2025 ജൂലൈ 31-ന് അവസാനിക്കുമായിരുന്ന ഐടിആർ (ITR) ഫയൽ ചെയ്യുന്നതിനുള്ള അവസാന തിയതി 2025 സെപ്തംബർ 15 വരെ നീട്ടാൻ തീരുമാനിച്ചു- സിബിഡിടി അറിയിച്ചു.
റിട്ടേൺ സമർപ്പണം കൂടുതൽ എളുപ്പമാക്കുന്നതിനും സുതാര്യത വർധിപ്പിക്കുന്നതിനും കൃത്യമായ റിപ്പോർട്ടിങ് ഉറപ്പുവരുത്തുന്നതിനുമായി റിട്ടേൺ ഫോമിന്റെ ഘടനയിലും ഉള്ളടക്കത്തിലും മാറ്റങ്ങൾ കൊണ്ടുവന്നിരുന്നു.









0 comments