ബിഹാർ തെരഞ്ഞെടുപ്പ്: അന്തിമവോട്ടർ പട്ടിക ഇന്ന് പുറത്തിറക്കും

ന്യൂഡൽഹി: ബിഹാറിൽ നിയമസഭാതെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തെ അന്തിമവോട്ടർ പട്ടിക ഇന്ന് പുറത്തിറക്കും. ഇതിന് പിന്നാലെ തെരഞ്ഞെടുപ്പ് തീയതിയും പ്രഖ്യാപിക്കും. ഒക്ടോബർ നാല്, അഞ്ച് തീയതികളിൽ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ബിഹാർ സന്ദർശിക്കും. തുടർന്ന് ആറിനോ ഏഴിനോ തീയതി പ്രഖ്യാപിച്ചേക്കുമെന്നാണ് റിപ്പോർട്ട്.
2020ൽ ബിഹാറിൽ മൂന്ന് ഘട്ടങ്ങളായാണ് തെരഞ്ഞെടുപ്പ് നടത്തിയത്. എന്നാൽ, ഇക്കുറി രണ്ട് ഘട്ടങ്ങളിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കാനാണ് ആലോചിക്കുന്നത്. നവംബർ 22നാണ് ബിഹാറിലെ നിലവിലെ നിയമസഭയുടെ കാലാവധി പൂർത്തിയാകുന്നത്. ഇക്കുറി അന്തിമവോട്ടർപട്ടിക പുറത്തിറക്കി 53 ദിവസങ്ങൾക്കുള്ളിൽ തെരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ പൂർത്തിയാക്കേണ്ടതുണ്ട്. അതുകൊണ്ട്, രണ്ടിൽ കൂടുതൽ ഘട്ടങ്ങൾ ഉണ്ടാകാനുള്ള സാധ്യത വളരെ കുറവാണെന്ന് രാഷ്ട്രീയനിരീക്ഷകർ പറയുന്നു. ഛഠ് പൂജ ഉൾപ്പടെയുള്ള മതപരമായ ആഘോഷങ്ങൾ നടക്കുന്ന സമയത്ത് തന്നെ തെരഞ്ഞെടുപ്പ് നടത്തുന്നത് ഗുണകരമാകുമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടൽ. ഇൗ സമയത്ത് ആർഎസ്‌എസിന്റെയും മറ്റും നേതൃത്വത്തിൽ മതാടിസ്ഥാനത്തിൽ വലിയ രീതിയിൽ ആളുകളെ സംഘടിപ്പിക്കാനും മുന്നൊരുക്കങ്ങൾ നടത്താനും കഴിയും.
ചുരുങ്ങിയ സമയത്തിനുള്ളിൽ വലിയ പ്രചരണപരിപാടികൾ സംഘടിപ്പിച്ച് വലിയ ഓളങ്ങളുണ്ടാക്കി ശക്തമായ ഭരണവിരുദ്ധ വികാരം മറികടക്കാമെന്നും ബിജെപി വിലയിരുത്തുന്നു. അതേസമയം, രണ്ട് ഘട്ടങ്ങളിൽ തെരഞ്ഞെടുപ്പ് നടത്തുന്നത് സുരക്ഷാപരമായ വെല്ലുവിളികളുണ്ടാക്കും. നിയമസഭ തെരഞ്ഞെടുപ്പിനായി 470 നിരീക്ഷകരെ നിയമിച്ചതായി തെരഞ്ഞെടുപ്പ് കമീഷൻ അറിയിച്ചു.









0 comments