വഖഫ് ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം
ബംഗാളിൽ വിദ്വേഷം വിതച്ച് സംഘപരിവാർ


സ്വന്തം ലേഖകൻ
Published on Apr 14, 2025, 01:00 AM | 1 min read
ന്യൂഡൽഹി: വഖഫ് ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം അക്രമാസക്തമായതിന്റെ മറവിൽ ബംഗാളിൽ വർഗീയ ധ്രുവീകരണം തീവ്രമാക്കി ബിജെപിയും സംഘപരിവാറും. സമൂഹമാധ്യമങ്ങളിലൂടെ വ്യാജഫോട്ടോകളും വീഡിയോകളും പ്രചരിപ്പിച്ചാണ് സംഘപരിവാറിന്റെ ധ്രുവീകരണ നീക്കം.
പ്രകോപനപരമായ പ്രസ്‌താവനകളിലൂടെ ബിജെപി നേതാക്കളും വർഗീയത ആളിപ്പടർത്താൻ മുന്നിലുണ്ട്. അക്രമസംഭവങ്ങൾ നിയന്ത്രിക്കുന്നതിൽ ബംഗാളിലെ തൃണമൂൽ സർക്കാരിനുണ്ടായ വീഴ്‌ചയും ബിജെപി ആയുധമാക്കുകയാണ്. കശ്‌മീർ താഴ്‌വരയിൽ കശ്‌മീരി പണ്ഡിറ്റുകൾക്കുണ്ടായ അനുഭവമാണ് ബംഗാളിലെ ഹിന്ദുക്കൾക്ക് സംഭവിക്കുന്നതെന്നാണ് ബിജെപി പ്രചാരണം. സംഘർഷമുണ്ടായ മൂർഷിദാബാദ്, നാദിയ, മാൾഡ, സൗത്ത്24 പർഗാനാസ് എന്നിവിടങ്ങളിൽ സായുധസേനാ പ്രത്യേകാധികാര നിയമം (അഫ്‌സ്‌പ) അടിച്ചേൽപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി എംപി ജ്യോതിർമയ് മഹാതോ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്ക് കത്തയച്ചു. കശ്‌മീരി പണ്ഡിറ്റുകളെ പോലെ ബംഗാളിലെ ഹിന്ദുക്കൾ വേട്ടയാടപ്പെടുകയാണെന്ന് മഹാതോ സമൂഹമാധ്യമത്തിൽ കുറിച്ചു. മൂർഷിദാബാദിലെ ദുലിയനിൽ നാനൂറ് ഹിന്ദുക്കൾ അക്രമം ഭയന്ന് പലായനം ചെയ്‌തെന്ന് പ്രതിപക്ഷ നേതാവ് സുവേന്ദു ആധികാരി ആരോപിച്ചു.
മതഭ്രാന്തൻമാരെ ഭയന്നോടിയ ഇവർ നദി നീന്തികടന്ന് മാൾഡയിലെ ഒരു സ്‌കൂളിൽ അഭയം തേടിയിരിക്കയാണെന്ന് സുവേന്ദു അവകാശപ്പെട്ടു. ഹിന്ദുക്കൾ വേട്ടയാടപ്പെടുകയാണെന്നും സ്വന്തം മണ്ണിൽ അവർ രക്ഷതേടി ഓടുകയാണെന്നും സുവേന്ദു സമൂഹമാധ്യമത്തിൽ കുറിച്ചു. സംഘർഷമുണ്ടായ പ്രദേശങ്ങളിൽ ഇന്റർനെറ്റും മറ്റും വിലക്കിയത് ഹിന്ദുക്കളുടെ ദുരവസ്ഥ പുറത്തുവരരുതെന്ന ദുരുദ്ദേശ്യത്തോടെയാണെന്ന പ്രചാരണവും ബിജെപി നടത്തുന്നുണ്ട്. മൂർഷിദാബാദിലും സമീപ ജില്ലകളിലുമുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് 150 ലേറെ പേർ അറസ്‌റ്റിലായിട്ടുണ്ട്. അക്രമസംഭവങ്ങളിൽ മൂന്നുപേർ കൊല്ലപ്പെട്ടിരുന്നു. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു.









0 comments