അബിൻ വർക്കിയെ ഒതുക്കിയോ?; മറുപടിയില്ലാതെ ചെന്നിത്തല

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംസ്ഥാന പുനഃസംഘടനയിൽ പ്രതികരിക്കാതെ മുതിർന്ന നേതാവ് രമേശ് ചെന്നിത്തല ഒഴിഞ്ഞുമായി. അബിൻ വർക്കിയെ അവഗണിച്ച് യൂത്ത് കോൺഗ്രസ് അധ്യക്ഷനായി ഓ ജെ ജനീഷിനെ പരിഗണിച്ചതിനെ കുറിച്ചുള്ള ചോദ്യത്തോടാണ് ചെന്നിത്തല മുഖം തിരിച്ചത്. യൂത്ത് കോൺഗ്രസ് അധ്യക്ഷനെ തീരുമാനിച്ചതിൽ അബിൻ വർക്കിയെ ഒതുക്കി എന്നുണ്ടോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ഉത്തരം നൽകാതെ ചെന്നിത്തല ഒഴിഞ്ഞുമാറുകയായിരുന്നു. അതൊക്കെ ചാണ്ടി പറയുമെന്ന് പറഞ്ഞ് ചാണ്ടി ഉമ്മനെ ഉത്തരം പറയാന്‍ ഏൽപ്പിച്ചാണ് ചെന്നിത്തല രക്ഷപ്പെട്ടത്.
Related News
അബിന്‍ അര്‍ഹതയുള്ള വ്യക്തിയാണെന്നും വിഷമമുണ്ടായി എന്നതിൽ സംശയമില്ലെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. അബിന്‍ വളരെ അധികം കഷ്ടപ്പെട്ടിട്ടുള്ള നേതാവാണ്. പരിഗണിക്കേണ്ട ആളാണ് എന്നതിൽ സംശയമില്ല. വേദനയുണ്ടാവുക സ്വാഭാവികമാണ്. പാര്‍ടിയുടെ തീരുമാനം ഇഷ്ടമാണെങ്കിലും അല്ലെങ്കിലും സ്വീകരിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണെന്ന് ചാണ്ടി ഉമ്മന്‍ പറഞ്ഞു.
പുനഃസംഘടനയിൽ എ, ഐ ഗ്രൂപ്പുകളിൽ അമർഷം നിൽക്കുകയാണ്. അബിൻ വർക്കിക്ക് സ്വാഭാവിക നീതി ലഭിച്ചില്ലെന്നാണ് രമേശ് ചെന്നിത്തലയുടെ പരാതി. 48 അഖിലേന്ത്യാ സെക്രട്ടറിമാരിൽ ഒരാളാക്കി അബിൻ വർക്കിയെ അപമാനിക്കുകയും നാടുകടത്തുകയുമാണ്. അബിൻ വർക്കി വാർത്താസമ്മേളനത്തിൽ പ്രതിഷേധിച്ചത് ചെന്നിത്തലയുടെ നിർദേശത്തിലാണ്.
പ്രതിഷേധം ഇപ്പോൾ പരസ്യമായി ഉണ്ടാകില്ലെങ്കിലും വികാരം ഹൈക്കമാൻഡ് പരിഗണിക്കുന്നില്ലെങ്കിൽ ശക്തമായി പ്രതികരിക്കാനാണ് നീക്കം. ഐ ഗ്രൂപ്പ് ഇതിനകം പരാതി നൽകിക്കഴിഞ്ഞു. ഇങ്ങനെ മുന്നോട്ടുപോകാനാകില്ലെന്നാണ് എ ഗ്രൂപ്പുകാരും പറയുന്നത്. ചെന്നിത്തലയെയും വി ഡി സതീശനെയും ഒതുക്കി കെ സി വേണുഗോപാൽ യൂത്ത് കോൺഗ്രസ് പൂർണമായും പിടിച്ചെടുത്തതാണ് ഇരുഗ്രൂപ്പുകളെയും പ്രകോപിപ്പിക്കുന്നത്.









0 comments