യൂത്ത് കോൺഗ്രസ് അധ്യക്ഷ നിയമനം; അബിൻ വർക്കിയെ അവഗണിച്ചതിൽ ഐ ഗ്രൂപ്പിൽ അതൃപ്തി

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് അധ്യക്ഷനായി ഓ ജെ ജനീഷിനെ പരിഗണിച്ചതിൽ ഐ ഗ്രൂപ്പിൽ അതൃപ്തി. അബിൻ വർക്കിയെ അവഗണിച്ച് പട്ടികയിലെ അവസാനപേരായ ഓ ജെ ജനീഷിനെ പരിഗണിച്ചതിലാണ് ഐ ഗ്രൂപ്പ് പ്രവർത്തകർ അതൃപ്തി പ്രകടിപ്പിച്ചത്.
കൂപ്പൺ തട്ടിപ്പ് നടത്തിയയാളെയാണ് അധ്യക്ഷനാക്കിയതെന്നും ആക്ഷേപമുണ്ട്. രാഹുൽ മാങ്കൂട്ടത്തിൽ അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട സംഘടനാ തിരഞ്ഞെടുപ്പിൽ 1,70,000 വോട്ടുകളാണ് അബിൻ വർക്കിക്ക് ലഭിച്ചത്.
എ ഗ്രൂപ്പിന് താത്പര്യമുണ്ടായിരുന്ന കെ എം അഭിജിത്തിനെയും തഴഞ്ഞാണ് ഷാഫിയുടെ നോമിനിയായ ഓ ജെ ജനീഷിനെ പരിഗണിച്ചത്. ജനീഷിന് പുറമെ ബിനു ചുള്ളിയിൽ, അബിൻ വർക്കി, കെ എം അഭിജിത്ത് എന്നീ പേരുകളും അധ്യക്ഷ സ്ഥാനത്തേക്ക് കേട്ടിരുന്നു.
ഐ ഗ്രൂപ്പിനെ തഴഞ്ഞുവെന്നും രമേശ് ചെന്നിത്തലയുടെ അഭിപ്രായത്തെ അവഗണിച്ചുവെന്നും വിമർശനമുണ്ട്. സാമുദായിക പരിഗണനയുടെ പേരിലാണ് ഓ ജെ ജനീഷിനെ തെരഞ്ഞെടുത്തത്.
സാമുദായിക പരിഗണന നോക്കി തെരഞ്ഞെടുക്കാൻ എന്തിനാണ് തെരഞ്ഞെടുപ്പ് നടത്തിയതെന്നും ചെന്നിത്തല അനുകൂലികൾ വിമർഹണം ഉയർത്തുന്നുണ്ട്. എന്നാൽ തെരഞ്ഞെടുപ്പ് അടുത്ത വേളയിൽ സംഘടനയെ സജ്ജമാക്കുക എന്നതാണ് ദേശീയ നേതൃത്വത്തിന്റെ ലക്ഷ്യം.









0 comments