അച്ഛൻ ഇനി വരൂലപ്പൂപ്പാ...

ബിനുവിന്റെ മരണവാർത്തയറിഞ്ഞ് വീടിനു പരിസരത്ത് തടിച്ചുകൂടിയ പ്രദേശവാസികൾ
വിതുര : അച്ഛന്റെ മരണവാർത്തയറിഞ്ഞ് മകൾ ആര്യ തേങ്ങിക്കരഞ്ഞു. അച്ഛൻ ഇനി വരൂലപ്പൂപ്പാ എന്നു പറഞ്ഞ് തുളസിയെ കെട്ടിപ്പിടിച്ച് കരയുമ്പോൾ ആശ്വസിപ്പിക്കാൻ വാക്കുകളില്ലാതെ തുളസിയും.
കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നഴ്‌സിങ് വിദ്യാർഥിനിയാണ് ആര്യ. അവധി ദിവസങ്ങൾ കിട്ടിയാൽ ഉടൻ വീട്ടിലേക്ക് ഓടിയെത്തും. ഫോൺ വിളിച്ചൊന്നും വീട്ടുകാരോട് അധികം സംസാരിക്കാൻ ഹോസ്‌റ്റലിൽ താമസിക്കുന്നതിനാൽ കഴിയാറില്ല.
ദിവസത്തിൽ ഒരുനേരമെങ്കിലും വിളക്കാറുണ്ട്. അപ്പോഴൊന്നും ബിനുവിനെ കിട്ടാറില്ല. തെന്നൂർ സ്‌റ്റാൻഡിലെ ഓട്ടോ തൊഴിലാളിയാണ്. ബിനുവും പലപ്പോഴും തിരക്കിലായിരിക്കും.
വീട്ടിലെത്തിയാൽ ഭാര്യ സുമയോട് മകൾ വിളിച്ചിരുന്നോ എന്നും ചോദിക്കാറുണ്ട്. മകൾ വിളിച്ചെന്നറിഞ്ഞാൽ ബിനുവിന് ആശ്വാസമായിരുന്നു. പലപ്പോഴും രാത്രിയിലെ ഭക്ഷണവും അവൾ വിളിച്ചെന്ന് ഉറപ്പാക്കിയ ശേഷമാകും.
ചിലപ്പോഴൊക്കെ വീട്ടുകാരോട് നിസ്സാര കാര്യങ്ങൾക്ക് പിണങ്ങി നടക്കുന്ന ബിനുവിന്റെ പിണക്കം മാറുന്നതുപോലും ആര്യ വീട്ടിലെത്തിയ ശേഷമാകും. മരണവാർത്തയറിഞ്ഞ് കല്ലൻകുടിയിലെ വീട്ടിലെത്തിയ നാട്ടുകാരോട് അച്ഛൻ പോയില്ലേ, ഇനി നിങ്ങളാരെ ഓട്ടം വിളിക്കും എന്ന് ചോദിച്ച് അലമുറയിട്ടു.









0 comments