‘മദ്യം സൗജന്യമായി നൽകണം’; എറണാകുളത്ത് ബാർ ജീവനക്കാരെ ആക്രമിച്ച് യുവാവ്

എറണാകുളം: മദ്യം സൗജന്യമായി നൽകണം എന്ന് ആവശ്യപ്പെട്ട് എറണാകുളം കാഞ്ഞിരമറ്റത്ത് യുവാവ് ബാർ ജീവനക്കാരെ ആക്രമിച്ചു. സംഭവത്തിൽ ചാലക്കപ്പാറ സ്വദേശി മനുവിനെതിരെ മുളന്തുരുത്തി പൊലീസ് കേസ് എടുത്തു. ഇതര സംസ്ഥാനക്കാരായ രണ്ട് ബാർ ജീവനക്കാർക്ക് ആക്രമണത്തിൽ പരുക്കേറ്റു. കാഞ്ഞിരമറ്റത്തെ ഈഡൻ ഗാർഡൻ എന്ന ബാറിലാണ് സംഭവം. സൗജന്യമായി മദ്യം നൽകണം എന്നാവശ്യപ്പെട്ടാണ് പ്രതി ബാറിലെത്തിയത്. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു.
സൗജന്യ മദ്യമെന്ന ആവശ്യം ജീവനക്കാർ നിരസിച്ചതോടെ കയ്യാങ്കളിയിലേക്ക് നീങ്ങി. ബാർ ജീവനക്കാരെ കയ്യേറ്റം ചെയ്യുകയും കൗണ്ടറിനുള്ളിലടക്കം കയറി അക്രമിക്കുകയും ചെയ്തു. ബാർ ജീവനക്കാർ ചെറുത്തു നിന്നതോടെ കാര്യങ്ങൾ കയ്യാങ്കളിയിലേക്ക് നീങ്ങി. ഇതര സംസ്ഥാനക്കാരായ രണ്ട് ബാർ ജീവനക്കാരെ ഇയാൾ ക്രൂരമായി മർദ്ദിച്ചു. പരിക്കേറ്റ 2 പേരും ചികിത്സ തേടിയെങ്കിലും പൊലീസിൽ പരാതിപ്പെട്ടിരുന്നില്ല.
എന്നാൽ രണ്ട് ദിവസം മുൻപ് നടന്ന സംഭവത്തിൽ രണ്ട് പരാതികൾ മുളന്തുരുത്തി പൊലീസ് സ്‌റ്റേഷനിൽ എത്തുകയായിരുന്നു. സംഭവത്തിലെ പ്രതിയായ മനുവായിരുന്നു ആദ്യ പരാതിക്കാരൻ. ബാർ ജീവനക്കാർ തന്നെ ആക്രമിച്ചു എന്നായിരുന്നു പരാതി. പോലീസ്ബാറിലെത്തി സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് സംഭവത്തിന്‍റെ യഥാർത്ഥ വസ്തുത പുറത്തുവന്നത്. പിന്നീട് ഇതര സംസ്ഥാനക്കാരായ രണ്ട് ബാർ ജീവനക്കാരും പരാതി നൽകാൻ തയ്യാറാവുകയും പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയുമായിരുന്നു. മനു സമാനസ്വഭാവമുള്ള കേസുകളിൽ മുൻപും ഉൾപ്പെട്ടിട്ടുള്ള ആളാണെന്ന് പോലീസ് പറഞ്ഞു. ചാലക്കപ്പാറ സ്വദേശിയായ മനു അടുത്ത കാലം വരെ വയനാട്ടിലായിരുന്നു താമസം. അടുത്തിടെയാണ് നാട്ടിൽ തിരിച്ചെത്തി അച്ഛനൊപ്പം കുടുംബവീട്ടിൽ താമസമാക്കിയത്.









0 comments