ആലപ്പുഴയിൽ 2.5 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

ആലപ്പുഴ: ആലപ്പുഴ എരമല്ലൂരിൽ നിന്ന് 2.5 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ. എഴുപുന്ന സുബൈർ മൻസിലിൽ സുബൈറിന്റെ മകൻ മുഹമ്മദ് ആസിഫിനെ (29) ആണ് എക്സൈസ് അറസ്റ്റ് ചെയ്തത്. വ്യാഴം വൈകുന്നേരം എരമല്ലൂർ ജംഗ്ഷന് സമീപമായിരുന്നു സംഭവം.
ബൈക്കിൽ പോവുകയായിരുന്ന രണ്ട് പേരുടെ ബാഗിൽ നിന്ന് കഞ്ചാവ് റോഡിൽ വീഴുകയും പിന്നാലെ മറ്റൊരു സ്കൂട്ടറിൽ വന്ന ആസിഫിന് കഞ്ചാവ് വീണ് കിട്ടുകയുമായിരുന്നു. മുന്നിൽ ബൈക്കിൽ വന്നയാൾ കഞ്ചാവ് തിരികെ ആവശ്യപ്പെട്ടപ്പോൾ പോലീസിനെ വിവരം അറിയിക്കുമെന്ന് പറഞ്ഞ് ഭീക്ഷണിപ്പെടുത്തി ആസിഫ് അയാളെ ഓടിച്ചു. ശേഷം കഞ്ചാവ് കൈവശപ്പെടുത്തുകയായിരുന്നു.
അടുത്തുള്ള സിസിടിവിയിൽ ഈ സംഭവങ്ങളെല്ലാം പതിയുകയും ആലപ്പുഴ എക്സൈസ് സൈബർ സെല്ലിന് ലഭിക്കുകയും പിന്നീട് ദൃശ്യങ്ങൾ സ്ക്വാഡ് ടീമിന് കൈമാറുകയും ചെയ്തു. സിസിടിവി ദൃശ്യങ്ങളിൽ നിന്നും കഞ്ചാവ് എടുക്കുന്ന സമയത്ത് പ്രതിയുടെ വണ്ടി നമ്പർ സ്ക്വാഡ് ടീമിന് ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ആസിഫിനെ പിടികൂടുകയായിരുന്നു. ഏകദേശം ഒന്നര ദിവസത്തെ പരിശ്രമത്തിലൊടുവിലാണ് പ്രതി വീടിന് സമീപത്ത് നിന്ന് അറസ്റ്റിലായത്.
ആലപ്പുഴ സ്പെഷ്യൽ സ്ക്വാഡ് സി ഐ മഹേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. പി ഒ സാബു, മധു, ഓംകാർനാഥ്, റെനി , സി ഇ ഒ ജോൺസൺ, അൻഷാദ് (സൈബർ സെൽ ), ഡബ്ല്യുസിഇഒ ജീന, ഡ്രൈവർ ഭാഗ്യനാഥ് എന്നിവർ സംഘത്തിലുണ്ടായിരുന്നു.









0 comments