അമേരിക്കൻ സൊസൈറ്റി ഓഫ് പബ്ലിക് അഡ്മിനിസ്ട്രേഷൻ സമ്മേളനത്തെ ഓൺലൈനായി അഭിസംബോധന ചെയ്തു സംരംഭക വർഷം പദ്ധതിക്കുള്ള എഎസ്പിഎ അവാർഡ് കേരളം സ്വീകരിച്ചു
'സംരംഭക വര്‍ഷം' കേരളത്തിന്‍റെ സംരംഭക സാധ്യതകള്‍ തുറന്നുകാട്ടിയ പദ്ധതി: മന്ത്രി പി രാജീവ്

തിരുവനന്തപുരം: എംഎസ്എംഇ മേഖലയ്ക്ക് അനുകൂലമായ ആവാസവ്യവസ്ഥ കെട്ടിപ്പടുക്കുന്നതിനായി കേരള സർക്കാർ 2022-23 ൽ ആരംഭിച്ച സംരംഭക വർഷം പദ്ധതി വ്യാവസായിക, സംരംഭകത്വ സൗഹൃദ ആവാസവ്യവസ്ഥയായുള്ള സംസ്ഥാനത്തിൻറെ പരിവർത്തനത്തിന് ശക്തി പകർന്നുവെന്ന് വ്യവസായ നിയമ കയർ വകുപ്പ് മന്ത്രി പി. രാജീവ്. വാഷിങ്ടൺ ഡിസിയിൽ അമേരിക്കൻ സൊസൈറ്റി ഓഫ് പബ്ലിക് അഡ്മിനിസ്ട്രേഷൻറെ (എഎസ്പിഎ) വാർഷിക സമ്മേളനത്തിൽ 'സംരംഭക വർഷം: കേരളത്തിലെ സംരംഭകത്വ ആവാസവ്യവസ്ഥയും അതിൻറെ വിജയകരമായ നടപ്പാക്കലും' എന്ന വിഷയത്തിൽ ഓൺലൈനായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംരംഭക വർഷം പദ്ധതിയുടെ വിജയകരമായ നടത്തിപ്പിന് പൊതുഭരണത്തിലെ നൂതനാശയങ്ങൾക്കുള്ള എഎസ്പിഎ അവാർഡ് സമ്മേളനത്തിൽ കേരളത്തിന് സമ്മാനിച്ചു. വാഷിംഗ്ടൺ ഡിസിയിൽ നടന്ന ചടങ്ങിൽ കേരള സർക്കാരിനെ പ്രതിനിധീകരിച്ച് കേന്ദ്ര ടൂറിസം അഡീഷണൽ സെക്രട്ടറിയും കേരള വ്യവസായ വകുപ്പ് മുൻ പ്രിൻസിപ്പൽ സെക്രട്ടറിയുമായ സുമൻ ബില്ല പുരസ്കാരം ഏറ്റുവാങ്ങി. സർക്കാർ നയങ്ങൾ, പൊതുഭരണം തുടങ്ങിയ മേഖലകളിലെ സേവനങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന അമേരിക്കയിലെ 10,000 -ത്തിലേറെ പ്രൊഫഷണലുകൾ ഉൾപ്പെടുന്ന സംഘടനയാണ് എഎസ്പിഎ.
ഉയർന്ന ജിവിത നിലവാരം, അടിസ്ഥാന സൗകര്യം, ഇൻറർനെറ്റ് പൗരൻറെ അവകാശം, ഇ-ഗവേണൻസ് എന്നിവ സാധ്യമാക്കാനായതിലൂടെ സുസ്ഥിര വികസന ലക്ഷ്യങ്ങളിൽ സ്ഥിരമായി മുൻപന്തിയിലെത്താൻ കേരളത്തിനായിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ഇൻറർനെറ്റ് ലഭ്യത പൗരൻമാരുടെ മൗലികാവകാശമായി അംഗീകരിച്ച ലോകത്തിലെ ആദ്യത്തെ പ്രദേശമാണ് കേരളം. വിദ്യാഭ്യാസത്തിലും ആരോഗ്യ പരിപാലനത്തിലും ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ച കേരളം ഇപ്പോൾ വ്യവസായ രംഗത്തും രാജ്യത്ത് മുൻപന്തിയിലാണ്. ഇന്ത്യയിലെ ഈസ് ഓഫ് ഡൂയിങ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനം നേടിയത് വലിയ അംഗീകാരമാണ്. 2019 ൽ ബിസിനസ് ചെയ്യുന്നതിനുള്ള സൗകര്യങ്ങളുടെ കാര്യത്തിൽ കേരളം 28-ാം സ്ഥാനത്തായിരുന്നു. 2016 മുതൽ സംസ്ഥാന സർക്കാരിൻറെ വ്യവസായ അനുകൂല നിയമനിർമ്മാണങ്ങളും പരിഷ്കാരങ്ങളും വ്യവസായ മേഖലയുടെ ആത്മവിശ്വാസം വളർത്തി. ഇതിൻറെ ഫലമായാണ് ഒന്നാം റാങ്കിലെത്താൻ കേരളത്തിനായത്. തന്ത്രപരമായ നിക്ഷേപങ്ങൾ, സുസ്ഥിര വികസനം, അഭിവൃദ്ധി പ്രാപിച്ച വ്യാവസായിക ആവാസവ്യവസ്ഥ എന്നിവയിലൂടെ കേരളം 1 ട്രില്യൺ ഡോളർ സാമ്പത്തിക വളർച്ച കൈവരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കേരളത്തിൽ നിലവിലുള്ള വ്യവസായ ആവാസവ്യവസ്ഥയുടെ വ്യാപ്തി വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് 2022ൽ സംരംഭക വർഷം പദ്ധതിക്ക് തുടക്കമിട്ടതെന്ന് മന്ത്രി പറഞ്ഞു. സമഗ്ര വ്യാവസായിക പ്രോത്സാഹനത്തിന് അടിത്തറ പാകുന്നതിനായി നയരൂപകർത്താക്കൾ മുതൽ ജില്ലാതല ഉദ്യോഗസ്ഥർ വരെയുള്ളവരെ ഇതിൻറെ ഭാഗമാക്കി. വിവിധ സർക്കാർ വകുപ്പുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, ധനകാര്യ സ്ഥാപനങ്ങൾ എന്നിവയിൽ നിന്നുള്ള സഹകരണവും പിന്തുണ നേടാനും പദ്ധതിക്കായി. കേരളത്തിൽ സംരംഭകവർഷം പദ്ധതിയുടെ ഭാഗമായി കേരളത്തിൽ കഴിഞ്ഞ മൂന്നു വർഷത്തിനുള്ളിൽ ഏകദേശം 3.5 ലക്ഷം പുതിയ സംരംഭങ്ങൾ ആരംഭിച്ചു. 22135 കോടി രൂപയുടെ നിക്ഷേപവും 7,31,652 തൊഴിലും സംസ്ഥാനത്തുണ്ടായി. ഒരു ലക്ഷത്തിലധികം വനിതാ സംരംഭകർ പദ്ധതിയുടെ ഭാഗമായി കേരളത്തിലുണ്ടായി എന്നതും അഭിമാനകരമായ നേട്ടമാണ്. പുതിയ സംരംഭകരിൽ 31 ശതമാനം സ്ത്രീകളാണെന്നും പിന്നാക്ക വിഭാഗക്കാരുടെ പ്രാതിനിധ്യം ഉറപ്പാക്കാനായെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
2022-23 ൽ 1,39,839 പുതിയ സംരംഭങ്ങൾ കേരളത്തിൽ ആരംഭിച്ചു. 8421.64 കോടിയുടെ നിക്ഷേപമാണ് ഇത് കൊണ്ടുവന്നത്. 3,00,049 തൊഴിലവസരങ്ങളും ഇത് സാധ്യമാക്കി. 2023-24 ൽ 1,03,596 പുതിയ സംരംഭങ്ങളും 7048.66 കോടി രൂപയുടെ നിക്ഷേപവും 2,18,179 തൊഴിലസരങ്ങളുമാണ് സംരംഭക വർഷത്തിലൂടെ കേരളത്തിൽ ഉണ്ടായത്. സംരംഭക വർഷത്തിൻറെ തുടർച്ചയായ മൂന്നാം വർഷത്തിലും ഈ നേട്ടം നിലനിർത്താൻ കേരളത്തിനായി. 2024-25 ൽ 1,09,369 പുതിയ എംഎസ്എംഇ യൂണിറ്റുകളാണ് ആരംഭിച്ചത്. 7186.09 കോടി രൂപയുടെ നിക്ഷേപവും 2,30,785 തൊഴിവസരങ്ങളുമുണ്ടായി.
സംസ്ഥാനത്ത് ഓരോ സാമ്പത്തിക വർഷവും ചുരുങ്ങിയത് 1,00,000 സംരംഭങ്ങളെങ്കിലും സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെയാണ് സംരംഭക വർഷം പദ്ധതി ആരംഭിച്ചത്. എൻറർപ്രൈസ് ഫെസിലിറ്റേഷൻ കൂടുതൽ ശക്തിപ്പെടുത്താനും സംസ്ഥാനത്ത് അഭിവൃദ്ധി പ്രാപിക്കുന്ന സംരംഭക ആവാസവ്യവസ്ഥയെ വളർത്തിയെടുക്കുന്നതിന് ആകർഷകമായ പിന്തുണാ നടപടികൾ അവതരിപ്പിക്കാനും ഈ സംരംഭം ലക്ഷ്യമിടുന്നു. സുസ്ഥിരമായ വ്യവസായ വളർച്ച പരിപോഷിപ്പിക്കുന്നതിനും അതുവഴി കേരളത്തിലെ സാമ്പത്തിക വികസനം മുന്നോട്ട് കൊണ്ടുപോകുന്നതിനുമുള്ള പ്രതിബദ്ധത സംരംഭക വർഷം പദ്ധതിക്കുണ്ട്.
കേരളത്തിൻറെ വ്യവസായ മേഖലയ്ക്ക് ദേശീയ അംഗീകാരം നേടിത്തന്ന പദ്ധതിയാണ് 'സംരംഭക വർഷം'. പ്രധാനമന്ത്രിയുടെ യോഗത്തിൽ രാജ്യത്തെ എംഎസ്എംഇ മേഖലയിലെ ഏറ്റവും മികച്ച പ്രാക്റ്റീസായി സംരംഭക വർഷം 2023-24 ൽ അവതരിപ്പിച്ചു. അമേരിക്കൻ സൊസൈറ്റി ഫോർ പബ്ലിക് അഡ്മിനിസ്ട്രേഷൻറെ നോവൽ ഇന്നൊവേഷൻ ഇൻ പബ്ലിക് അഡ്മിനിസ്ട്രേഷൻ അംഗീകാരവും പദ്ധതി നേടി. ഇതിൻറെ പശ്ചാത്തലത്തിലാണ് എഎസ്പിഎയുടെ വാർഷിക സമ്മേളനത്തിൽ സംരംഭക വർഷത്തെക്കുറിച്ച് അവതരണം നടത്തിയത്.
സംരംഭക വർഷത്തിൻറെ വിജയത്തെക്കുറിച്ച് ഐഐഎം ഇൻഡോർ നടത്തിയ പഠനം അനുസരിച്ച് എംഎസ്എംഇ പങ്കാളികളിൽ 92 ശതമാനവും പദ്ധതിയുടെ ആനുകൂല്യങ്ങളിൽ സംതൃപ്തി പ്രകടിപ്പിക്കുന്നുവെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
സ്വകാര്യ വ്യവസായ എസ്റ്റേറ്റുകളുടെ വികസനം പ്രോത്സാഹിപ്പിക്കുന്ന നൂതന പദ്ധതിയായ സ്വകാര്യ വ്യവസായ എസ്റ്റേറ്റ് പദ്ധതിയിലൂടെ ഒരു വർഷത്തിനുള്ളിൽ 33 പുതിയ വ്യാവസായിക ഫാമുകൾ സ്ഥാപിച്ചു. അക്കാദമിയ-ഇൻഡസ്ട്രി ബന്ധം ശക്തിപ്പെടുത്തുന്നതിനായുള്ള ശ്രമങ്ങളും വ്യവസായ വകുപ്പ് നടത്തിവരുന്നു. വ്യാവസായിക വെല്ലുവിളികൾക്കുള്ള പരിഹാരങ്ങൾ വികസിപ്പിക്കുന്നതിനായി സർവകലാശാലകളിലേക്ക് വിദ്യാർത്ഥികൾക്ക് ഗ്രാൻറുകൾ നൽകുന്നത് ഇതിൻറെ ഭാഗമാണ്. കാമ്പസ് ഇൻഡസ്ട്രിയൽ പാർക്ക് ഒരു നൂതന പദ്ധതിയായി സർക്കാർ അവതരിപ്പിച്ചു. ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽ വ്യവസായ സംരംഭം എന്ന നിലയിലുള്ള ഒഎൽഒപി ആണ് മറ്റൊരു നൂതന പദ്ധതി. വ്യവസായ വകുപ്പിൻറെ ഓൺലൈൻ പോർട്ടലിലൂടെ കേരളത്തിൽ ഒരു സംരംഭം ആരംഭിക്കാനുള്ള ലൈസൻസ് എടുക്കാൻ മിനിറ്റുകൾ മതി. ഇപ്രകാരം കെ-സ്വിഫ്റ്റ് ഇൻ പ്രിൻസിപ്പൽ അക്നോളജ്മെൻറ് സർട്ടിഫിക്കറ്റ് വഴി സംരംഭം തുടങ്ങിയാൽ അടുത്ത മൂന്നര വർഷത്തിനുള്ള എല്ലാ ലൈസൻസുകളും എടുത്താൽ മതിയാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.









0 comments