രണ്ടു പേരും ജോർജ്; വിമാനത്താവളത്തിൽനിന്ന് മൃതദേഹം മാറിനൽകി, പരാതി

പിറവം (കൊച്ചി): മുംബൈയിൽനിന്ന് സ്വകാര്യ ഏജൻസിവഴി നാട്ടിലെത്തിച്ച മൃതദേഹം മാറിയതായി പരാതി. പുണെയിൽ അന്തരിച്ച പെരുമ്പടവം കാർലോത്ത് ജോർജ് കെ ഐപ്പിന്റെ (59) ബന്ധുക്കൾക്ക് പത്തനംതിട്ട സ്വദേശിയുടെ വടശേരിക്കര കുപ്പക്കൽ വർഗീസ് ജോർജിന്റെ (62) മൃതദേഹമാണ് നൽകിയത്.
ചൊവ്വ വൈകിട്ട് നാലിന് സംസ്കാരസമയം നിശ്ചയിച്ച് എംപാം ചെയ്ത ജോർജിന്റെ മൃതദേഹം രാവിലെ കൊച്ചി വിമാനത്താവളത്തിൽനിന്ന് ബന്ധുക്കൾ ഏറ്റുവാങ്ങി. ഒപ്പമുണ്ടായിരുന്ന ജോർജിന്റെ മകൻ എബിനും ഭാര്യ ഷൈനിയും വീട്ടിലേക്ക് മടങ്ങി. പിറവം സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് പെട്ടിതുറന്നപ്പോഴാണ് മൃതദേഹം മാറിയതായി അറിഞ്ഞത്. ജോൺ പിന്റോ ഇന്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് മൃതദേഹം വിമാനത്താവളംവരെ എത്തിച്ചത്. കമ്പനി അധികൃതർ ക്ഷമാപണം നടത്തിയതിനാൽ ബന്ധുക്കൾ ഇതുവരെ പരാതി നൽകിയിട്ടില്ല. വിലാസം എഴുതിയ സ്റ്റിക്കർ പരസ്പരം മാറിയെന്ന വിശദീകരണമാണ് കമ്പനി നൽകിയതെന്ന് ജോർജിന്റെ ബന്ധുക്കൾ പറഞ്ഞു.
പിറവം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയ വർഗീസിന്റെ മൃതദേഹം കാർഗോ കമ്പനി അധികൃതർ നെടുമ്പാശേരിയിലേക്ക് കൊണ്ടുപോയി. പിറവം പൊലീസും സ്ഥലത്തെത്തിയിരുന്നു. ചൊവ്വാഴ്ച രാത്രിയോടെ കമ്പനി അധികൃതർ നെടുമ്പാശേരിയിലെത്തിച്ച ജോർജിന്റെ മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി. സംസ്കാരം ബുധൻ പകൽ 11ന് പെരുമ്പടവം സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ നടക്കും. ജോർജ് അർബുദ ബാധിതനായി ചികിത്സയിലിരിക്കെയാണ് മരിച്ചത്. കുടുംബസമേതം നാസിക്കിലായിരുന്നു താമസം.









0 comments